ആനക്കാംപൊയിലില്‍ ഉരുള്‍പൊട്ടലും മലവെള്ളപ്പാച്ചിലും

കോഴിക്കോട്: കനത്ത മഴയില്‍ ആനക്കാംപൊയിലില്‍ ഉരുള്‍പൊട്ടല്‍. ശക്തമായ മലവെള്ളപ്പാച്ചിലിനെ തുടര്‍ന്ന് 17 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. പുല്ലൂരാംപാറയില്‍ 11 വീട്ടുകാരെ പുല്ലൂരാംപാറ സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്‍ഡറി സ്—കൂളിലേക്കും ബന്ധുവീടുകളിലേക്കും നൂറാംതോട്ടില്‍ എട്ടു കുടുംബങ്ങളെ എഎംഎല്‍പി സ്‌കൂളിലേക്കുമാണ് മാറ്റിപ്പാര്‍പ്പിച്ചത്.
പുല്ലൂരംപാറ ഇലന്തക്കടവ് പാലത്തിനു താഴെ ഇലന്തക്കടവ് തുരുത്തിലെ വീട്ടുകാരെയാണ് മുന്‍കരുതലെന്ന നിലയില്‍ മാറ്റിപ്പാര്‍പ്പിച്ചത്. മൂന്നു വീട്ടുകാരെയാണ് പുല്ലൂരാംപാറ സ്‌കൂളിലേക്ക് മാറ്റിയതെന്നു താമരശ്ശേരി തഹസില്‍ദാര്‍ പറഞ്ഞു. വനത്തില്‍ ഉരുള്‍പൊട്ടലുണ്ടായതായാണ് സംശയിക്കുന്നത്. ഇതേത്തുടര്‍ന്ന്, വീടുകളിലേക്ക് വെള്ളം കയറിയിരുന്നു.
പുല്ലൂരാംപാറയില്‍ കൂമുള്ളി ഷഹര്‍ബാന്‍, പുളിക്കത്തടത്തില്‍ തോമാച്ചന്‍, ചക്കുങ്കല്‍ ജിജി വര്‍ഗീസ്, തയ്യില്‍ ചാക്കോ, പുതുപ്പള്ളി മാത്യു, അഞ്ചുകണ്ടത്തില്‍ അയിഷുമ്മ, മാളിയേക്കല്‍ മോഹനന്‍, ജോര്‍ജ് മുളക്കല്‍, ചേന്നംകുളത്ത് ജോസഫ്, കൊഴുവേലി ജോര്‍ജ്, താന്നിക്കര നാസര്‍ തുടങ്ങിയ വീട്ടുകാരെയാണ് മാറ്റിയത്. നെല്ലിപ്പൊയിലില്‍ ശക്തമായ മണ്ണിടിച്ചിലുമുണ്ടായി. ഡെപ്യൂട്ടി തഹസില്‍ദാര്‍ കെ ഷിബു, താലൂക്ക്, വില്ലേജ് ഉദ്യോഗസ്ഥരും രക്ഷാപ്രവര്‍ത്തനത്തിലുണ്ട്.
Next Story

RELATED STORIES

Share it