Flash News

ആധുനിക സംവിധാനത്തോടെ ഇന്റര്‍സെപ്റ്റര്‍ വെഹിക്കിള്‍



നിഖില്‍ ബാലകൃഷ്ണന്‍

കൊച്ചി: റോഡരികില്‍ കാത്ത് നിന്നുകൊണ്ട് വാഹനങ്ങളില്‍ ചീറിപ്പാഞ്ഞുവരുന്ന വിരുതന്മാര്‍ക്ക് കൂച്ച്‌വിലങ്ങിടുവാന്‍ സാധിക്കുകയില്ലെന്ന് മനസ്സിലാക്കിയ ട്രാഫിക് പോലിസ് പുതിയ സംവിധാനങ്ങള്‍ തേടുന്നു. പരിശോധനകള്‍ ഒരു വശത്ത് നടക്കുമ്പോള്‍ നിയമലംഘനങ്ങള്‍ ഏറിവരുന്നതും വസ്തുതയാണ്. അതിനാല്‍ ആധുനിക സംവിധാനങ്ങള്‍ പരീക്ഷിക്കുവാനുള്ള ഒരുക്കത്തിലാണ് ട്രാഫിക് പോലിസ്. ഇതിനായി നിയമലംഘനങ്ങള്‍ എളുപ്പത്തില്‍ പിടികൂടുന്നതിനുള്ള സംവിധാനം ഘടിപ്പിച്ച വാഹനങ്ങള്‍ ഇനിമുതല്‍ ട്രാഫിക് പോലിസിന് കൂട്ടായെത്തും. ഇന്റര്‍സെപ്റ്റര്‍ വെഹിക്കിള്‍ എന്നാണ് ഇത്തരത്തിലുള്ള വാഹനങ്ങള്‍ അറിയപ്പെടുന്നത്. ഹൈഡെഫനിഷന്‍ കാമറയാണ് ഈ വാഹനത്തിന്റെ പ്രധാന സവിശേഷത. 1500 മീറ്റര്‍ ദൂരത്ത് നിന്നുള്ള വാഹനങ്ങളുടെ ദൃശ്യങ്ങള്‍ വ്യക്തമായി ഈ കാമറയില്‍ പതിയും. വാഹനങ്ങള്‍ കടന്നുപോയി കഴിഞ്ഞാലും 160 ഡിഗ്രി ചരിഞ്ഞ് ഇവയ്ക്ക് ദൃശ്യങ്ങള്‍ പകര്‍ത്താന്‍ സാധിക്കും. വാഹനത്തിന്റെ ശബ്ദത്തിന്റെ തീവ്രത അളക്കുവാനുള്ള ആധുനിക ഉപകരണവും വാഹനത്തിലുണ്ട്. സൈലന്‍സറുകളില്‍ തട്ടിപ്പുകള്‍ നടത്തി കാതടപ്പിക്കുന്ന ശബ്ദവുമായി പാഞ്ഞുപോവുന്ന ബൈക്കുകള്‍, കാറുകള്‍ തുടങ്ങിയവയെ നിയന്ത്രിക്കുകയാണ് ലക്ഷ്യം. വാഹനങ്ങളുടെ ശബ്ദം 80 ഡെസിബലായിരിക്കണമെന്നാണ് നിയമം. ഈ നിയമം നിലനില്‍ക്കെയാണ് കാതടപ്പിക്കുന്ന ശബ്ദവുമായി ചില വിരുതന്മാര്‍ നിരത്തിലൂടെ ചീറിപ്പായുന്നത്. ഇത്തരക്കാരെ പുതിയ ഉപകരണംവഴി കണ്ടെത്തി പിഴയീടാക്കാനാവുമെന്നാണ് ട്രാഫിക് പോലിസിന്റെ വിലയിരുത്തല്‍. ഇത്തരം വാഹനങ്ങളെ പിടികൂടിയാല്‍ കേസ് കോടതിയില്‍ പലപ്പോഴും നിലനില്‍ക്കില്ല. വാഹനം അനുവദനീയമായതില്‍ കൂടുതല്‍ ശബ്ദം ഉപയോഗിക്കുന്നുണ്ടോയെന്ന്  തെളിയിക്കുവാനുള്ള രേഖകള്‍ കോടതിയില്‍ ഹാജരാക്കുവാന്‍ സാധിക്കാത്തതാണ് കാരണം. ശാസ്ത്രീയമായ തെളിവുകള്‍ക്ക് പ്രധാന്യം കൂടുമെന്നിരിക്കെ പുതിയ ഉപകരണത്തിന്റെ സഹായത്തോടെ കൂടുതല്‍ ശക്തമായി ട്രാഫിക് പോലിസിന് കോടതിയെ സമീപിക്കാം. രാത്രികാലങ്ങളിലെ വാഹനാപകടങ്ങളില്‍ സ്ഥിരം വില്ലനാവുന്ന ഒന്നാണ് വാഹനങ്ങളുടെ ഹെഡ്‌ലൈറ്റില്‍ നിന്നുള്ള കണ്ണഞ്ചിപ്പിക്കുന്ന പ്രകാശം. എതിരെ വരുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ പലപ്പോഴും ഈ പ്രകാശത്തില്‍ ഒന്നും കാണാനാവാതെ അപകടത്തില്‍ പെടാറുള്ളത് പതിവാണ്. ഹെഡ്‌ലൈറ്റുകളുടെ പ്രകാശ തീവ്രതയളക്കാന്‍ ട്രാഫിക് പോലിസിന് ഇതുവരെ സംവിധാനങ്ങളുണ്ടായിരുന്നില്ല. പുതിയ ഇന്റര്‍സെപ്റ്ററില്‍ പ്രകാശ തീവ്രതയളക്കാനുളള ലക്‌സ് മീറ്ററും സജ്ജീകരിച്ചിട്ടുണ്ട്. വാഹനങ്ങളിലെ ഗ്ലാസുകളുടെ സുതാര്യത അനുവദനീയമായ അളവിലാണോ എന്ന് പരിശോധിക്കാനുള്ള ടിന്റ് മീറ്റര്‍ സംവിധാനവും ഇന്റര്‍സെപ്റ്ററിലുണ്ടാവും. നിലവില്‍ ട്രാഫിക് പോലിസിന് ഇന്റര്‍സെപ്റ്റര്‍ ഉണ്ടെങ്കിലും കൂടുതല്‍ സംവിധാനങ്ങളോട് കൂടിയ പുതിയ വാഹനങ്ങള്‍ വരുന്നതോടുകൂടി ദിവസേന വര്‍ധിക്കുന്ന ട്രാഫിക് നിയമലംഘനത്തിന് കടിഞ്ഞാണിടാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.
Next Story

RELATED STORIES

Share it