ernakulam local

ആധാറുമായി ബന്ധിപ്പിക്കാത്ത കാര്‍ഡുകള്‍ക്ക് റേഷനില്ല

കാക്കനാട്: ആധാറുമായി ബന്ധിപ്പിക്കാത്ത റേഷന്‍ കാര്‍ഡുകള്‍ക്ക് അടുത്ത മാസം മുതല്‍ റേഷനില്ല. ആധാര്‍ ബന്ധിപ്പിക്കാന്‍ സര്‍ക്കാര്‍ നല്‍കിയ സമയം കഴിഞ്ഞ മാസം അവസാനിച്ചിട്ടും ജില്ലയില്‍ ഒട്ടേറെ ഗുണഭോക്താക്കള്‍ ആധാര്‍ രേഖകള്‍ സമര്‍പ്പിക്കാന്‍ തയാറാവാതെ വന്നതോടെയാണ് കര്‍ശന നടപടിയിലേക്ക് സിവില്‍ സപ്ലൈസ് വകുപ്പ് നീങ്ങുന്നത്. വീണ്ടും ഒരു മാസംകൂടി അനുവദിച്ചിട്ടുണ്ട്. എന്നിട്ടും ആധാറുമായി ബന്ധിപ്പിക്കാത്തവരുടെ റേഷന്‍ ഇനി നല്‍കില്ല.ജില്ലയില്‍ ഇനി അഞ്ച് ലക്ഷം ആളുകള്‍കൂടി റേഷന്‍ കാര്‍ഡുമായി ആധാര്‍ ബന്ധിപ്പിക്കാനുണ്ട്. കരട് മുന്‍ഗണനാ പട്ടികയുടെയും അതിനുശേഷം നടത്തിയ തിരുത്തലുകളുടെയും അടിസ്ഥാനത്തില്‍ ഇപ്പോള്‍ 32,42,783 ഉപഭോക്താക്കളാണു ജില്ലയില്‍. അതില്‍ 5,59,213 പേര്‍ ഇനിയും ആധാര്‍ ബന്ധിപ്പിക്കലിനു റേഷന്‍കാര്‍ഡ് നല്‍കിയിട്ടില്ല. ജില്ലയിലെ ഏഴ് താലൂക്കുകളിലും രണ്ട് സിറ്റി റേഷനിങ് ഓഫിസുകളിലുമായി 1342 റേഷന്‍ കടകളിലായി 7,92,465 കാര്‍ഡുകളാണുള്ളത്. ഭക്ഷ്യസുരക്ഷാ നിയമപ്രകാരം ആളോഹരിയിലാവും റേഷന്‍ വിഹിതം നല്‍കുക. കാര്‍ഡ് ഉടമ മാത്രമല്ല ആ റേഷന്‍ കാര്‍ഡിലുള്ള മുഴുവന്‍ അംഗങ്ങളുടെ ആധാറും കാര്‍ഡുമായി ബന്ധിപ്പിക്കണം. ഏതെങ്കിലും ഒരു അംഗത്തിന്റെ ആധാര്‍ ബന്ധിപ്പിക്കാന്‍ വിട്ടുപോയാല്‍ ആ കുടുംബത്തിലേക്കുള്ള റേഷന്‍ വിഹിതം വെട്ടിച്ചുരുക്കും. മുഴുവന്‍ അംഗങ്ങളുടെയും ആധാര്‍ ബന്ധിപ്പിക്കാത്ത കാര്‍ഡുടമകള്‍ക്ക് റേഷന്‍ സബ്‌സിഡി ലഭിക്കില്ലെന്നു കേന്ദ്രം വ്യക്തമാക്കിയതുകൊണ്ട് എത്രയും വേഗം എന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശം.റേഷന്‍ കടകളിലും താലൂക്ക് സിവില്‍ സപ്ലൈ ഓഫിസുകളിലും ആധാര്‍ ബന്ധിപ്പിക്കാനുള്ള സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്. റേഷന്‍ കടകളില്‍ എത്തിക്കുന്ന ആധാര്‍ നമ്പറുകള്‍ പിന്നീട് താലൂക്ക് സപ്ലൈ ഓഫിസുകളിലെത്തിച്ച് കാര്‍ഡുകളുമായി ബന്ധിപ്പിക്കുകയാണ് ചെയ്യുന്നത്. ഫോണ്‍ സന്ദേശത്തിലൂടെ ഇതു സംബന്ധിച്ച വിവരം എല്ലാ ഗുണഭോക്താക്കളെയും അറിയിക്കുന്നുണ്ട്.
Next Story

RELATED STORIES

Share it