Flash News

ആധാറില്ലെങ്കില്‍ കുഞ്ഞുങ്ങള്‍ക്കിനി പോഷകാഹാരമില്ലസാമൂഹികനീതി വകുപ്പ് നിര്‍ദേശം വിവാദത്തില്‍

ഷാജി  പാണ്ട്യാല

തലശ്ശേരി: ആധാര്‍ കാര്‍ഡില്ലാത്ത കുഞ്ഞുങ്ങള്‍ക്ക് ഇനി മുതല്‍ അങ്കണവാടികളില്‍ നിന്ന് പോഷകാഹാരങ്ങള്‍ ലഭിക്കില്ല. അമൃതം പോഷകാഹാരം ലഭിക്കാന്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയുള്ള സാമൂഹികനീതി വകുപ്പിന്റെ ഉത്തരവാണ് വിവാദമായത്. ഉത്തരവ് ഗ്രാമീണമേഖലയില്‍ ഉള്‍പ്പെടെയുള്ള അങ്കണവാടി ജീവനക്കാര്‍ക്ക് നല്‍കിത്തുടങ്ങി. ആറുമാസം തൊട്ട് അഞ്ചുവയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന പോഷകാഹാരമായ അമൃതം പൊടി ലഭിക്കാനാണ് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയത്. ആരോഗ്യത്തിനാവശ്യമുള്ള കലോറി ഭക്ഷണം ഗ്രാമ-നഗരപ്രദേശങ്ങളിലെ കുട്ടികള്‍ക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗോതമ്പ്, പഞ്ചസാര, ചോളം, അണ്ടിപ്പരിപ്പ് ഉള്‍പ്പെടെയുള്ള പോഷകമൂല്യങ്ങള്‍ അടങ്ങിയ അമൃതം പൊടി സര്‍ക്കാര്‍ വിതരണം ചെയ്യുന്നത്. മൂന്നു മുതല്‍ അഞ്ചു വയസ്സു വരെയുള്ള കുട്ടികള്‍ക്ക് ചെറുപയര്‍, നിലക്കടല, മുരിങ്ങ, ചേമ്പ്, പപ്പായ ഉള്‍പ്പെടെയുള്ള ഭക്ഷണങ്ങളാണ് അങ്കണവാടികളില്‍നിന്നു നല്‍കുന്നത്. ഗ്രാമ-നഗരപ്രദേശത്തെ വാ ര്‍ഡുകളില്‍ ഗ്രാമസഭ ചേര്‍ന്ന് കുട്ടികളുടെയും ഗര്‍ഭസ്ഥശിശുക്കളുടെയും അനാരോഗ്യം ബാധിച്ച കൗമാരക്കാരുടെയും കണക്കുകള്‍ ശേഖരിച്ച് അങ്കണവാടികളില്‍ പേര് രജിസ്റ്റര്‍ ചെയ്യുകയും തുടര്‍ന്ന് ആവശ്യമുള്ളവര്‍ അങ്കണവാടിയിലെത്തി പോഷകാഹാരമൂല്യമുള്ള അമൃതം പൊടി വാങ്ങുകയുമാണു ചെയ്യുന്നത്. ഇതില്‍ ആറുമാസം മുത ല്‍ 19 വയസ്സ് വരെയുള്ളവര്‍ക്ക് ശാസ്ത്രീയമായി അളവ് നിര്‍ണയിച്ചാണ് പൊടി വിതരണം ചെയ്യുന്നത്. നേരത്തേ പഞ്ചായത്ത്-നഗരസഭാ വാര്‍ഡുകളില്‍ നിന്ന് വാര്‍ഡ് മെംബര്‍, കൗണ്‍സിലര്‍മാര്‍, ആശാ വര്‍ക്കര്‍മാര്‍ എന്നിവര്‍ ശുപാര്‍ശ ചെയ്യുന്ന ദരിദ്ര-നിരാലംബ കുടുംബങ്ങളിലെ കുട്ടികള്‍ക്കും ഇവ നല്‍കാറുണ്ട്. എന്നാല്‍, പുതിയ നിര്‍ദേശപ്രകാരം ആധാര്‍ കാര്‍ഡ് ഹാജരാക്കിയാല്‍ മാത്രമേ ഇനിമുതല്‍ അമൃതം പൊടി ഗുണഭോക്താക്കള്‍ക്ക് ലഭിക്കുകയുള്ളൂ. ആറുമാസം മാത്രം പ്രായമുള്ള കുട്ടികള്‍ക്കു വരെ ആധാര്‍ കാര്‍ഡ് ഉണ്ടാക്കുക എന്നത് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ആറുമാസം പ്രായമായ കുട്ടിയുടെ ആധാര്‍ കാര്‍ഡ് കുട്ടി വളരുന്നതോടെ മാറ്റേണ്ടിവരും. ആധാറിനു വേണ്ടി രക്ഷിതാക്കള്‍ കുഞ്ഞിനെയും എടുത്ത് അക്ഷയ സെന്ററില്‍ മണിക്കൂറുകളോളം കാത്തുനില്‍ക്കേണ്ട അവസ്ഥയാണ്. കുഞ്ഞ് പ്രായപൂര്‍ത്തിയാവുന്നതോടെ ബാങ്ക് അക്കൗണ്ട് തുടങ്ങാനും വോട്ടര്‍പ്പട്ടികയില്‍ പേര് ചേര്‍ക്കാനും മറ്റുമായി ആധാര്‍ കാര്‍ഡ് വീണ്ടും മാറ്റേണ്ടിവരും. കുഞ്ഞുങ്ങളുടെ വളര്‍ച്ചയ്ക്കു വേണ്ടി നല്‍കുന്ന പോഷകാഹാരത്തിനുപോലും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാവുന്നതോടെ എല്ലാ കുടുംബങ്ങളും കുഞ്ഞുങ്ങളുടെയടക്കം ആധാര്‍ കാര്‍ഡ് എടുക്കാന്‍ നിര്‍ബന്ധിതരാവും. ആധാറോ മറ്റ് അനുബന്ധ തിരിച്ചറിയല്‍ രേഖകളോ ഒന്നുമില്ലാതെയായിരുന്നു മുന്‍കാലങ്ങളില്‍ എല്‍പി-യുപി സ്‌കൂളുകളില്‍ കേന്ദ്രസര്‍ക്കാര്‍ സൗജന്യമായി ഗോതമ്പ്, റവ ഉള്‍പ്പെടെയുള്ളവ കുട്ടികള്‍ക്ക് നല്‍കിയിരുന്നത്.
Next Story

RELATED STORIES

Share it