ആധാറിന്റെ ഭരണഘടനാ സാധുത: വിധി ഇന്ന്‌

ന്യൂഡല്‍ഹി: അവശ്യസേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കുന്നതിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള ഹരജികളില്‍ സുപ്രിംകോടതിയുടെ ഭരണഘടനാ ബെഞ്ച് ഇന്നു വിധി പറയും. സര്‍ക്കാര്‍ പദ്ധതികളെയും ബാങ്ക് അക്കൗണ്ട്, മൊബൈല്‍ നമ്പര്‍ അടക്കമുള്ള സേവനങ്ങളെയും ആധാറുമായി ബന്ധിപ്പിക്കുന്നതിന്റെ സാധുത ചോദ്യം ചെയ്തുകൊണ്ടുള്ള 29 ഹരജികളാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ബെഞ്ചിന്റെ പരിഗണനയിലുള്ളത്. ഈ വര്‍ഷം മെയ് 10നാണ് കേസിലെ വാദംകേള്‍ക്കല്‍ പൂര്‍ത്തിയാക്കിയത്.
ജനുവരി 17 മുതല്‍ 38 ദിവസങ്ങളിലായി വാദംകേട്ടശേഷമാണ് ഹരജികള്‍ വിധിപറയാന്‍ മാറ്റിയത്. ഭരണഘടനാ പ്രകാരമുള്ള സ്വകാര്യതയ്ക്കുള്ള അവകാശം ലംഘിക്കുന്നതാണ് ആധാര്‍ നിര്‍ബന്ധിതമാക്കിക്കൊണ്ടുള്ള തീരുമാനമെന്ന് ഹരജികളില്‍ പറയുന്നു. പ്രതിപക്ഷ എതിര്‍പ്പുകള്‍ ഒഴിവാക്കാന്‍ പാര്‍ലമെന്റില്‍ മണി ബില്ലായാണ് ആധാര്‍ നിയമം അവതരിപ്പിച്ചതെന്നും ഹരജികളില്‍ ചൂണ്ടിക്കാട്ടുന്നു. ആധാറിന്റെ സുരക്ഷ സംബന്ധിച്ച് ചോദ്യങ്ങള്‍ ഉയരുന്നതിനിടെയാണ് സുപ്രിംകോടതി കേസില്‍ ഇന്നു വിധിപറയുന്നത്. രാജ്യത്തെ ആധാര്‍ വിവരശേഖരം ഹാക്കര്‍മാര്‍ ചോര്‍ത്തിയതായി ഈ മാസം 11ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.
ചീഫ് ജസ്റ്റിസിനു പുറമെ ജസ്റ്റിസുമാരായ എ കെ സിക്രി, എ എം ഖാന്‍വില്‍കര്‍, ഡി വൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍ എന്നിവരാണ് കേസ് പരിഗണിക്കുന്ന ഭരണഘടനാ ബെഞ്ചിലെ അംഗങ്ങള്‍.
സുപ്രിംകോടതിയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ദിവസം വാദം നടന്ന രണ്ടാമത്തെ കേസാണ് ആധാറിന്റേത്.



Next Story

RELATED STORIES

Share it