ആധാര്‍ ഹരജി; അറ്റോര്‍ണി ജനറലിന്റെ സഹായം തേടി സുപ്രിംകോടതി

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ കഴിഞ്ഞ ബജറ്റ് സമ്മേളനത്തില്‍ ധനബില്ലായി പരിഗണിച്ച് ആധാര്‍ ബില്ല് പാസ്സാക്കിയതിനെതിരേ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് സമര്‍പ്പിച്ച ഹരജിയില്‍ സുപ്രിംകോടതി അറ്റോര്‍ണി ജനറലിന്റെ സഹായം തേടി.
കഴിഞ്ഞ മാസം രാജ്യസഭയില്‍ ഉന്നയിച്ച ഭേദഗതികള്‍ പരിഗണിക്കാതെയാണ് ആധാര്‍ ബില്ല് ലോക്‌സഭ പാസാക്കിയത്. ഹരജിയില്‍ നോട്ടിസയക്കാത്തതെന്തുകൊണ്ടാണെന്നു മുതിര്‍ന്ന അഭിഭാഷകനും മുന്‍ കേന്ദ്രമന്ത്രിയുമായ പി ചിദംബരം കോടതിയില്‍ ആരാഞ്ഞപ്പോള്‍ ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കൂര്‍, ജസ്റ്റിസുമാരായ ഭാനുമതി, യു യു ലളിത് എന്നിവരടങ്ങിയ ബെഞ്ചാണ് വിഷയം അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്തഗിയുടെ അഭിപ്രായത്തിനു വിട്ടിരിക്കുകയാണെന്നറിയിച്ചത്. കേസ് കോടതി മെയ് പത്തിലേക്കു മാറ്റി. ആധാര്‍ ബില്ല് ധനബില്ലായി പരിഗണിച്ചത് ഭരണഘടനാവിരുദ്ധമാണെന്നു ചിദംബരം വാദിച്ചു.
സര്‍ക്കാരിന്റെ ആനുകൂല്യങ്ങളും സേവനങ്ങളും ആധാര്‍ കാര്‍ഡ് വഴിയാക്കിക്കൊണ്ടാണ് മാര്‍ച്ച് 16നു രാജ്യസഭയിലുന്നയിച്ച അഞ്ചു ഭേദഗതികള്‍ പരിഗണിക്കാതെ സര്‍ക്കാര്‍ ബില്ല് പാസാക്കിയത്. ധനബില്ലില്‍ രാജ്യസഭയ്ക്ക് ഭേദഗതി ശുപാര്‍ശ ചെയ്യാന്‍ മാത്രമേ ചട്ടം അനുവദിക്കുന്നുള്ളൂ. ധനബില്ലായി അവതരിപ്പിച്ചതിനെ ഭേദഗതി നിര്‍ദേശിച്ച ജയറാം രമേശ് സഭയില്‍ എതിര്‍ത്തിരുന്നു.
ഉപരിസഭയുടെ ശവപ്പെട്ടിക്കു മേല്‍ ആണിതറയ്ക്കുന്നതിനു തുല്ല്യമാണിതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ബില്ല് പാസാക്കിയ സര്‍ക്കാര്‍ നടപടി അതീവ അപകടകരവും രാജ്യസഭയുടെ അധികാരത്തെ മറികടക്കുന്നതുമാണ്. ധനബില്ലായി പരിഗണിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ സര്‍ക്കാര്‍ ലംഘിച്ചതായും അദ്ദേഹം ആരോപിച്ചു.
Next Story

RELATED STORIES

Share it