ആധാര്‍ വിവരങ്ങള്‍ സുരക്ഷിതമല്ലെന്ന് അന്വേഷണ റിപോര്‍ട്ട്‌

ന്യൂഡല്‍ഹി: ആധാര്‍ ഡാറ്റാബേസിലേക്ക് നുഴഞ്ഞുകയറി വിവരങ്ങള്‍ ചോര്‍ത്താനും വിവരങ്ങള്‍ കൂട്ടിച്ചേര്‍ക്കാനും കഴിയുമെന്നു ഹഫിങ്ടന്‍ പോസ്റ്റിന്റെ അന്വേഷണ റിപോര്‍ട്ട്. അമേരിക്കന്‍ വാര്‍ത്താ അവലോകന വെബ്‌സൈറ്റായ ഹഫിങ്ടണ്‍ പോസ്റ്റിന്റെ ഇന്ത്യന്‍ എഡിഷന്‍ മൂന്നുമാസത്തോളം നടത്തിയ അന്വേഷണത്തിനൊടുവിലാണ് ആധാര്‍ നമ്പറിന്റെ സുരക്ഷാ ക്രമീകരണങ്ങളിലെ ന്യൂനത വെളിച്ചത്തായത്. മൂന്നു സൈബര്‍ വിദഗ്ധര്‍ക്ക് സോഫ്റ്റ്‌വെയര്‍ പാച്ച് നല്‍കിയ ശേഷം നടത്തിയ നിരീക്ഷണങ്ങള്‍ക്കൊടുവിലാണ് കണ്ടെത്തല്‍. സോഫ്റ്റ്‌വെയര്‍ പ്രോഗ്രാമിന്റെ പ്രവര്‍ത്തനരീതി മാറ്റാന്‍ ശേഷിയുള്ള കോഡുകളുടെ കൂട്ടമാണ് പാച്ച്.
ആധാര്‍ നമ്പറുകള്‍ രജിസ്റ്റര്‍ ചെയ്യാനുപയോഗിക്കുന്ന സോഫ്റ്റ്‌വെയറിന്റെ സുപ്രധാന സുരക്ഷാ ഘടന പ്രവര്‍ത്തനരഹിതമാക്കാന്‍ പാച്ച് കൊണ്ടുകഴിയും. ഇതുപയോഗിച്ച് ആധാര്‍ ഡാറ്റാബേസിലെ വിവരങ്ങള്‍ ചോര്‍ത്താം. എന്നാല്‍, അത് വായിക്കാന്‍ കഴിഞ്ഞെന്നു വരില്ല. എന്നാലും ഹാക്കര്‍ക്ക് ആധാറില്‍ വിവരങ്ങള്‍ കൂട്ടിച്ചേര്‍ക്കാനുള്ള അവസരം ഇതുവഴി ലഭിക്കും. ആധാര്‍ ഡാറ്റാബേസിലേക്ക് ഒരാള്‍ക്ക് തെറ്റായ വിവരങ്ങള്‍ ചേര്‍ക്കാം. ഇപ്രകാരം വ്യാജ ആധാര്‍ കാര്‍ഡും നിര്‍മിക്കാം. ആധാര്‍ നമ്പര്‍ ചേര്‍ക്കുന്ന കേന്ദ്രങ്ങളെ തിരിച്ചറിയാനായി സോഫ്റ്റ്‌വെയറിലെ ജിപിഎസ് സംവിധാനം പ്രവര്‍ത്തനരഹിതമാക്കാനും പാച്ചിന് കഴിയും. ലോകത്തെവിടെ നിന്നു വേണമെങ്കിലും ആര്‍ക്കും ആധാര്‍ നമ്പറുകള്‍ സൃഷ്ടിക്കാം. ഇതിനകം നിലവിലുള്ള ഏതെങ്കിലും ആധാര്‍ അക്കൗണ്ടിലെ ഫോട്ടോ ഉപയോഗിച്ച് സോഫ്റ്റ്‌വെയറിനെ കബളിപ്പിക്കാം.
ഇന്ത്യയിലെയും വിദേശത്തെയും സോഫ്റ്റ്‌വെയര്‍ വിദഗ്ധരുടെ സഹായത്തോടെയാണ് അന്വേഷണം നടത്തിയതെന്നു പറയുന്ന ഹഫിങ്ടണ്‍ പോസ്റ്റ്, കോഡുകളുടെ പ്രവര്‍ത്തനരീതി അറിയാവുന്ന ആര്‍ക്കും യുഐഡിഎഐ അവകാശപ്പെടുന്ന സുരക്ഷ മറികടക്കാന്‍ കഴിയുമെന്നും ചൂണ്ടിക്കാട്ടി. ആധാര്‍ കാര്‍ഡ് വിതരണം വേഗത്തിലാക്കാനായി സ്വകാര്യ കംപ്യൂട്ടറുകളിലും സുരക്ഷാ സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്തതാണ് ഇതിലേക്കുള്ള പ്രവേശനം എളുപ്പമാക്കിയതെന്നാണ് കണ്ടെത്തല്‍.
ആധാര്‍ വിവരങ്ങള്‍ ചോര്‍ത്താന്‍ കഴിയില്ലെന്ന യുഐഡിഎഐ (യുനീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ)യുടെ അവകാശവാദം നിലനില്‍ക്കേയാണ് സുരക്ഷാ പാളിച്ച സംബന്ധിച്ച പുതിയ റിപോര്‍ട്ട് പുറത്തുവന്നത്.
ആധാര്‍ സോഫ്റ്റ്‌വെയറിന്റെ സുരക്ഷാ കവചങ്ങള്‍ എങ്ങനെ മറികടക്കാമെന്നു വിശദീകരിക്കുന്ന വീഡിയോകള്‍ യൂ ട്യൂബിലുണ്ട്. ആധാര്‍ സുരക്ഷാ ക്രമീകരണങ്ങള്‍ മറികടക്കുക എന്നത് ലക്ഷ്യമിട്ടു നിര്‍മിച്ചെടുത്ത സോഫ്റ്റ്‌വെയര്‍ പാച്ചുകള്‍ ഓണ്‍ലൈനില്‍ ലഭ്യമാണ്. ഇവയ്ക്ക് 2,500 രൂപയാണ് വില. ഇവ നിര്‍മിച്ചതു തന്നെ ആധാര്‍ വിവരങ്ങള്‍ ഹാക്ക് ചെയ്യാനാണെന്നും ഹഫിങ്ടണ്‍ പോസ്റ്റ് പറയുന്നു.
Next Story

RELATED STORIES

Share it