ആധാര്‍ വിവരങ്ങളുടെ ചോര്‍ച്ചതിരഞ്ഞെടുപ്പു ഫലത്തെ സ്വാധീനിക്കുമെന്ന് സുപ്രിംകോടതി

ന്യൂഡല്‍ഹി: ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നാല്‍ അതു തിരഞ്ഞെടുപ്പു ഫലത്തെ സ്വാധീനിക്കുമെന്ന് സുപ്രിംകോടതി. വിവര വിശകലന സ്ഥാപനമായ കേംബ്രിജ് അനലിറ്റിക്ക ഫേ—സ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തി യുഎസ് തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാന്‍ ശ്രമിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് സുപ്രിംകോടതിയുടെ പരാമര്‍ശം. ചോര്‍ന്ന വിവരങ്ങള്‍ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് ഫലത്തെ മാറ്റിമറിക്കാന്‍ സാധിച്ചേക്കാമെന്നത് ആശങ്കപ്പെടുത്തുന്ന കാര്യമാണെന്ന് ആധാറുമായി ബന്ധപ്പെട്ട കേസുകള്‍ പരിഗണിക്കുന്ന അഞ്ചംഗ ബെഞ്ചില്‍ അംഗമായ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടി.
അങ്ങനെ സംഭവിച്ചാല്‍, ജനാധിപത്യത്തിന് അതിനെ അതിജീവിക്കാനാവുമോയെന്നും അദ്ദേഹം ചോദിച്ചു. ആധാര്‍ വിവരങ്ങള്‍ സംരക്ഷിക്കാന്‍ നിയമമില്ലാത്ത സാഹചര്യത്തില്‍ അതിന്റെ സുരക്ഷിതത്വം എങ്ങനെ ഉറപ്പുവരുത്താം.
പ്രശ്‌നം വെറും ലക്ഷണമായല്ല യാഥാര്‍ഥ്യമായി തന്നെ കാണണമെന്നും അദ്ദേഹം സൂചിപ്പിച്ചു. ആധാര്‍ വിവരങ്ങളുടെ സംരക്ഷണത്തിനു പ്രത്യേക നിയമമില്ലാത്ത സാഹചര്യത്തില്‍, സുരക്ഷാമാര്‍ഗങ്ങള്‍ എന്തൊക്കെയാണെന്ന് സവിശേഷ തിരിച്ചറിയല്‍ അതോറിറ്റിയോട് (യുഐഡിഎഐ) കോടതി ആരാഞ്ഞു. 130 കോടി ഇന്ത്യക്കാരുടെ ആധാര്‍ വിവരങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുമോ എന്ന ആശങ്ക കഴിഞ്ഞയാഴ്ച സുപ്രിംകോടതി പങ്കുവച്ചിരുന്നു. ആധാര്‍ വിവരങ്ങള്‍ ആറ്റംബോംബ്’ അല്ലെന്നും സുരക്ഷിതമാണെന്നുമായിരുന്നു യുഐഡിഎഐയുടെ മറുപടി. അതേസമയം ആധാറിനെ തകര്‍ക്കാന്‍ ഗൂഗഌം സ്വകാര്യ കാര്‍ഡ് ലോബിയും ശ്രമിക്കുകയാണെന്ന് യുഐഡിഎഐ ആരോപിച്ചു. ജനങ്ങളുടെ വ്യക്തിത്വം തിരിച്ചറിയുന്നതിനായി കുറ്റമറ്റ സംവിധാനമാണ് ആധാറിലൂടെ വികസിപ്പിച്ചിരിക്കുന്നതെന്നും അതു പല കമ്പനികള്‍ക്കും തിരിച്ചടിയാവുമെന്നും യുഐഡിഎഐ സത്യവാങ്മൂലത്തില്‍ പറയുന്നു.
ആധാര്‍ കാര്‍ഡ് വിജയമായാല്‍ ഇന്ത്യയില്‍ സ്മാര്‍ട്ട് കാര്‍ഡ് വ്യവസായത്തിനുള്ള സാധ്യതകള്‍ ഇല്ലാതാവും. ഇതുമൂലം ഗൂഗ്ള്‍ ഉള്‍പ്പെടെയുള്ള കമ്പനികള്‍ ആധാറിനെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് യുഐഡിഎഐ വാദിച്ചു. സാമൂഹിക മാധ്യമ വിവരങ്ങള്‍ ചോര്‍ന്നതിനു സമാനമായി ആധാര്‍ വിവരങ്ങളും ചോരില്ലേയെന്ന് കോടതി ആരാഞ്ഞു. എന്നാല്‍ കേംബ്രി—ജ് അനലറ്റിക്കയെ ആധാറുമായി ബന്ധിപ്പിക്കരുതെന്ന് യുഐഡിഎഐ അഭിഭാഷകന്‍ മറുപടിനല്‍കി.
Next Story

RELATED STORIES

Share it