World

ആധാര്‍ ലിങ്ക് വഴി 56,000 കോടിലാഭം: പ്രധാനമന്ത്രി

ദുബയ്: സര്‍ക്കാരിന്റെ വിവിധ പദ്ധതികള്‍ക്കായി ആധാര്‍ കാര്‍ഡ് ലിങ്ക് ചെയ്തതിനാല്‍ 56,000 കോടി രൂപ ലാഭിക്കാന്‍ കഴിഞ്ഞതായി പ്രധാനമന്ത്രി നരേന്ദ്രമോദി. സര്‍ക്കാരിന്റെ 400 സ്‌കീമുകള്‍ക്കാണ് ആധാര്‍ നിര്‍ബന്ധമാക്കിയത്. ദുബയിലെ മദീനത്ത് ജുമൈരയില്‍ നടക്കുന്ന സര്‍ക്കാര്‍ ഉച്ചകോടിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു പ്രധാനമന്ത്രി. ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് കാരണമായത് ജിഎസ്ടി നടപ്പാക്കിയതും സാങ്കേതികവിദ്യയുമാണെന്ന് മോദി പറഞ്ഞു. സര്‍ക്കാര്‍ നടപ്പാക്കിയ ഇ-മാര്‍ക്കറ്റ് പദ്ധതിയായ ജിഇഎം വഴി വളരെ ചുരുങ്ങിയ സമയം കൊണ്ട് 45,000 കോടിയുടെ പണമിടപാടാണ് നടത്തിയത്. വിവിധ കേന്ദ്രസര്‍ക്കാര്‍ മന്ത്രാലയങ്ങളും വകുപ്പുകളും ഇടപാടുകള്‍ ഇതുവഴി നടത്തുന്നത് വ്യാപകമാക്കിയിരിക്കുകയാണ്. ജിഇഎം വഴി ഏതു ചെറുകിട വ്യാപാരികള്‍ക്കും സാധനങ്ങള്‍ വില്‍പന നടത്താമെന്നും പ്രധാനമന്ത്രി അറിയിച്ചു. ഇന്ത്യയില്‍ കറന്‍സി ഉപയോഗം കുറച്ച് ഡിജിറ്റല്‍ ഇടപാടിലേക്ക് മാറ്റി വിപ്ലവം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യയിലെ ജനസംഖ്യയില്‍ 65 ശതമാനം പേരും 35 വയസ്സിനു താഴെയുള്ളവരാണ്. ഈ യുവാക്കളെ പ്രോല്‍സാഹിപ്പിക്കുന്നതിനും പുതിയ ഇന്ത്യ എന്ന സ്വപ്‌നം പൂവണിയാനുമായി അന്താരാഷ്ട്ര സൗഹൃദവും സഹകരണവും വര്‍ധിപ്പിക്കേണ്ടതുണ്ട്. ഭരണം കുറച്ച് നിയന്ത്രണം വര്‍ധിപ്പിക്കാനും മാറ്റങ്ങള്‍ വേഗത്തിലാക്കാനും സാങ്കേതികവിദ്യകള്‍ക്കാണ് കഴിയുന്നത്. ഇതാണ് സാധാരണ മനുഷ്യന്റെ കാര്യത്തിലും സംഭവിക്കുന്നത്. 2022ല്‍ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാനാണ് സര്‍ക്കാര്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് കൃഷി മണ്ടി എന്ന ഏകജാലക പോര്‍ട്ടല്‍ തയ്യാറാക്കിയിരിക്കുന്നതെന്നും മോദി പറഞ്ഞു.
Next Story

RELATED STORIES

Share it