Flash News

ആധാര്‍ : ബംഗാള്‍ സര്‍ക്കാര്‍ സുപ്രിംകോടതിയില്‍



ന്യൂഡല്‍ഹി: സാമൂഹിക സുരക്ഷാ പദ്ധതികള്‍ ആധാറുമായി ബന്ധിപ്പിക്കാനുള്ള തീരുമാനത്തിനെതിരേ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ ഹരജി സമര്‍പ്പിച്ചു. ഹരജി തിങ്കളാഴ്ച കോടതി പരിഗണിക്കും. ജസ്റ്റിസുമാരായ എ കെ സിക്‌റി, അശോക് ഭൂഷണ്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് ഹരജി പരിഗണിക്കുക. ആധാറില്ലാതെ സാമൂഹിക സുരക്ഷാ പദ്ധതികളുടെ ആനുകൂല്യം ലഭിക്കില്ലെന്ന കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരേയാണ് ബംഗാള്‍ സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിച്ചിരിക്കുന്നതെന്നു മുതിര്‍ന്ന അഭിഭാഷകനും പാര്‍ലമെന്റ് അംഗവുമായ കല്യാണ്‍ ബാനര്‍ജി പറഞ്ഞു. നേരത്തേ, തന്റെ മൊബൈല്‍ ആധാറുമായി ബന്ധിപ്പിക്കില്ലെന്നു പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി വ്യക്തമാക്കിയിരുന്നു. തന്റെ നമ്പര്‍ റദ്ദാക്കാന്‍ കേന്ദ്രസര്‍ക്കാരിനെയും മൊബൈല്‍ സേവനദാതാക്കളെയും അവര്‍ വെല്ലുവിളിക്കുകയും ചെയ്തിരുന്നു. നിലവില്‍ ആധാര്‍ ഇല്ലാത്തവര്‍ക്ക് വിവിധ സര്‍ക്കാര്‍ പദ്ധതികളുടെ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനായി ആധാര്‍ ബന്ധിപ്പിക്കുന്നതിനുള്ള തിയ്യതി അടുത്ത വര്‍ഷം മാര്‍ച്ച് 31ലേക്ക് നീട്ടിയതായി കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നു. ഈ വര്‍ഷം ഡിസംബര്‍ അവസാനത്തില്‍ നിന്ന് അടുത്ത വര്‍ഷം മാര്‍ച്ച് 31ലേക്ക് ആധാര്‍ ബന്ധിപ്പിക്കുന്നത് മാറ്റിയത്  ആധാര്‍ ഇല്ലാത്തവര്‍ക്കു മാത്രമാണു ബാധകമെന്ന് അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിനെ അറിയിച്ചു. ഒക്ടോബര്‍ 30ന് കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ ഇതുമായി ബന്ധപ്പെട്ട മറ്റു നിര്‍ദേശങ്ങള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.  സാമൂഹിക സുരക്ഷാ പദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കാനുള്ള തീരുമാനത്തിനു എതിരായ ഹരജികള്‍ സുപ്രിംകോടതിയുടെ പരിഗണനയിലാണ്.
Next Story

RELATED STORIES

Share it