ആധാര്‍ പാന്‍കാര്‍ഡുമായി ബന്ധിപ്പിക്കല്‍, മൂന്നു മുതല്‍ ആറു മാസം വരെ സമയം അനുവദിക്കുമെന്നു സൂചന

ന്യൂഡല്‍ഹി: സുപ്രിംകോടതി ഉത്തരവ് അനുകൂലമാവുകയാണെങ്കില്‍ ആധാറും പാന്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കുന്നതിനു കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ സമയം അനുവദിക്കുമെന്നു സൂചന. സുപ്രിംകോടതിയില്‍ ഇതു സംബന്ധിച്ച കേസിലുള്ള വിധിയെ ആസ്പദമാക്കി മൂന്ന് മുതല്‍ ആറു മാസം വരെ സമയം അധികമായി നല്‍കുമെന്നാണു റിപോര്‍ട്ടുകള്‍. ഇതിന് ശേഷം മാത്രമേ പാന്‍കാര്‍ഡ് റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നടപടികളുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടു പോവുകയുള്ളൂവെന്നും ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപോര്‍ട്ട് ചെയ്തു.നിലവില്‍ ഡിസംബര്‍ 31നു മുമ്പ് ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡുമായി ബന്ധിപ്പിക്കണമെന്നാണു കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച കേസ് സുപ്രിംകോടതിയുടെ പരിഗണനയിലുമാണ്. ഈയൊരു സാഹചര്യത്തില്‍ കാര്‍ഡുകള്‍ തമ്മില്‍ ബന്ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ സമയം അനുവദിക്കാനാണു സാധ്യത. ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 139 പ്രകാരമാണ് ആധാര്‍ പാന്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്നതു നിര്‍ബന്ധമാക്കിയത്. കഴിഞ്ഞ ആഗസ്തില്‍ ആധാര്‍ കാര്‍ഡും പാന്‍കാര്‍ഡും ബന്ധിപ്പിക്കുന്നതിനുള്ള അവസാന തിയ്യതി സര്‍ക്കാര്‍ ദീര്‍ഘിപ്പിച്ചിരുന്നു. നവംബര്‍ വരെ 33 കോടി പാന്‍ കാര്‍ഡുകളില്‍ 13.28 കോടി പാന്‍ കാര്‍ഡുകള്‍ ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ട്.വ്യാജ പാന്‍ കാര്‍ഡുകള്‍ കണ്ടെത്തുന്നതിനും ബിനാമി ഇടപാടുകള്‍ തടയുന്നതിനുമാണ് ഇവ തമ്മില്‍ ബന്ധിപ്പിക്കുന്നതെന്നാണ് സര്‍ക്കാര്‍ ഭാഷ്യം.
Next Story

RELATED STORIES

Share it