ആധാര്‍: പവര്‍ പോയിന്റ് അവതരണത്തിന് അനുവദിക്കണമെന്നു കേന്ദ്രം

ന്യൂഡല്‍ഹി: ആധാറിന്റെ സുരക്ഷ പവര്‍ പോയിന്റ് അവതരണത്തിലൂടെ ബോധ്യപ്പെടുത്താന്‍ അനുവദിക്കണമെന്നു കേന്ദ്രം സുപ്രിംകോടതിയില്‍. ആധാറിന്റെ ഭരണഘടനാ സാധുത ചോദ്യംചെയ്യുന്ന ഹര്‍ജികളില്‍ വാദം കേള്‍ക്കവേയാണു കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. ആധാര്‍ വിവരങ്ങള്‍ ചോരാതിരിക്കാന്‍ കൃത്യമായ മുന്‍കരുതല്‍ സംവിധാനങ്ങള്‍ ഉണ്ടെന്നു കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
പവര്‍ പോയിന്റ് പ്രസന്റേഷനിലൂടെ ഇതു തെളിയിക്കാനാവും. ഇതിന് കോടതി അനുമതി നല്‍കണമെന്നായിരുന്നു കേന്ദ്രത്തിന്റെ ആവശ്യം. എന്നാല്‍ ഹരജികള്‍ പരിഗണിക്കുന്ന അഞ്ചംഗ ജഡ്ജിമാരുമായി ചര്‍ച്ച ചെയ്ത ശേഷം പവര്‍ പോയിന്റ് അവതരണത്തിനുള്ള സമയം തീരുമാനിക്കാമെന്ന് ബെഞ്ചിന്റെ അധ്യക്ഷനായ ജസ്റ്റിസ് ദീപക് മിശ്ര പറഞ്ഞു. ആധാര്‍ വിവരങ്ങള്‍ സൂക്ഷിക്കുന്നതുമായി ബന്ധപ്പെട്ട നിരവധി സാങ്കേതിക പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതായി കോടതി വ്യക്തമാക്കി. ആധാര്‍ നിയമം വന്നത് 2016ലാണ്. അതിനു മുമ്പ് തന്നെ വിവരങ്ങള്‍ ശേഖരിച്ചിരുന്നു. മുമ്പ് ശേഖരിച്ച വിവരങ്ങള്‍ സുരക്ഷിതമാണോ എന്നും കോടതി ആരാഞ്ഞു. വിവരങ്ങള്‍ ചോരുന്നു, ആധാര്‍ ഇല്ലാത്തതിനാലും ആധികാരികമല്ലെന്നാരോപിച്ചും ആളുകള്‍ക്ക് ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടുന്നു തുടങ്ങിയ വാദങ്ങളും നിലനില്‍ക്കുന്നതായി കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍ ശക്തമായ സുരക്ഷാ സംവിധാനങ്ങളോടെ 13 അടി നീളവും അഞ്ചടി വീതിയുമുള്ള കനത്ത ചുവരുകള്‍ക്കിടയിലാണ് ആധാര്‍ രേഖകള്‍ സൂക്ഷിച്ചിരിക്കുന്നതെന്ന് കേന്ദ്ര സര്‍ക്കാരിനു വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കോടതിയെ അറിയിച്ചു.
Next Story

RELATED STORIES

Share it