ആധാര്‍ നിര്‍ബന്ധമാക്കരുത്

സ്വന്തം  പ്രതിനിധി

ന്യൂഡല്‍ഹി: പൗരന്മാരുടെ വിവിധ സേവനങ്ങള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനു വീണ്ടും തിരിച്ചടി. റേഷന്‍ വിതരണത്തിനും ഗ്യാസ് സബ്‌സിഡിക്കുമൊഴികെ ആധാര്‍ ആവശ്യമില്ലെന്ന മുന്‍ ഉത്തരവ് ജസ്റ്റിസ് ചെലമേശ്വര്‍ അധ്യക്ഷനായ സുപ്രിംകോടതി ബെഞ്ച് നിലനിര്‍ത്തി. വിഷയത്തില്‍ വിശാല ഭരണഘടനാ ബെഞ്ച് അന്തിമ തീരുമാനമെടുക്കും. ബാങ്കിങ് അടക്കമുള്ള സേവനങ്ങള്‍ക്ക് ഇതോടെ തുടര്‍ന്നും ആധാര്‍ നിര്‍ബന്ധമുണ്ടാവില്ല. കേന്ദ്രസര്‍ക്കാരിനെ കൂടാതെ റിസര്‍വ് ബാങ്ക്, ടെലികോം റഗുലേറ്ററി അതോറിറ്റി (ട്രായി), സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി), ഇന്‍ഷുറന്‍സ് റഗുലേറ്ററി ആന്റ് ഡെവലപ്‌മെന്റ് അതോറിറ്റി തുടങ്ങി കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളും ഗുജറാത്ത് അടക്കമുള്ള ചില സംസ്ഥാനങ്ങളും ആധാര്‍ മറ്റു സേവനങ്ങള്‍ക്കുകൂടി ഉപയോഗിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു.

ഈ അപേക്ഷകളിന്മേലാണ് സുപ്രിംകോടതിയുടെ വിശാല ഭരണഘടനാ ബെഞ്ച് അന്തിമ തീരുമാനമെടുക്കുക. റേഷന്‍ വിതരണത്തിനും ഗ്യാസ് സബ്‌സിഡിക്കും വേണമെങ്കില്‍ ആധാര്‍ ഉപയോഗിക്കാമെന്നും, എന്നാല്‍ ബാങ്കിങ് അടക്കമുള്ള മറ്റ് സേവനങ്ങള്‍ക്ക് അവ ആവശ്യപ്പെടരുത് എന്നുമുള്ള ഉത്തരവ് കഴിഞ്ഞ ആഗസ്തിലാണ് കോടതി പുറപ്പെടുവിച്ചത്. പൗരന്റെ സ്വകാര്യതയുമായി ബന്ധപ്പെടുന്ന കാര്യമാണെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഉത്തരവ്. എന്നാല്‍, വിഷയത്തില്‍ ഭരണഘടനാ ബെഞ്ചിന്റെ തീരുമാനം ഉണ്ടാവുന്നതുവരെ കാത്തിരിക്കാനാവില്ലെന്നും മറ്റു സേവനങ്ങള്‍ക്കുകൂടി ആധാര്‍ ഉപയോഗിക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരും മറ്റു കക്ഷികളും കോടതിയെ സമീപിക്കുകയായിരുന്നു. വിഷയം നിലവില്‍ വിശാലബെഞ്ചിനു വിട്ടിട്ടുള്ളതിനാല്‍ മുന്‍ ഉത്തരവില്‍ മാറ്റം വരുത്തുന്നില്ലെന്നു കോടതി ഇന്നലെ വ്യക്തമാക്കി.
Next Story

RELATED STORIES

Share it