Flash News

ആധാര്‍ നമ്പര്‍ പാന്‍കാര്‍ഡുമായി ബന്ധിപ്പിക്കല്‍ അവസാന തിയ്യതി നാളെ



ന്യൂഡല്‍ഹി: രാജ്യത്തെ നികുതിദായകര്‍ തങ്ങളുടെ ആധാര്‍ നമ്പറുമായി പാന്‍ കാര്‍ഡ് ബന്ധിപ്പിക്കുന്നതിനു നല്‍കിയ അവസാന തിയ്യതി നാളെ അവസാനിക്കും. ജൂലൈ 1 മുതല്‍ ആധാറും പാന്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കുന്നതു നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. നിലവിലെ ആദായനികുതി നിയമത്തില്‍ ഭേദഗതി വരുത്തിയാണ് കേന്ദ്രസര്‍ക്കാരിന്റെ നടപടി. ഇതു പ്രകാരം പാന്‍ കാര്‍ഡിന് അപേക്ഷിക്കുമ്പോള്‍ 12 അക്ക ആധാര്‍ നമ്പര്‍ നിര്‍ബന്ധമാണ്. ആധാറും പാന്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിച്ചില്ലെങ്കില്‍ ശനിയാഴ്ച മുതല്‍ ആദായനികുതി അടയ്ക്കാനാവില്ലെന്നും കേന്ദ്ര ധനകാര്യ മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു. സര്‍ക്കാര്‍ നീക്കം സുപ്രിംകോടതി ശരിവച്ചിട്ടുണ്ട്. ഒരു വ്യക്തി തന്നെ ഒന്നിലധികം പാന്‍ കാര്‍ഡുകള്‍ ഉപയോഗിച്ച് നികുതിവെട്ടിപ്പ് നടത്തുന്നതു തടയുന്നതിനു വേണ്ടിയാണ് സര്‍ക്കാരിന്റെ നടപടി. 2.07 കോടി നികുതിദായകര്‍ ഇതിനകം ആധാര്‍ നമ്പറുമായി പാന്‍ കാര്‍ഡ് ബന്ധിപ്പിച്ചിട്ടുണ്ട്. രാജ്യത്ത് 25 കോടി ആളുകള്‍ക്കാണ് പാന്‍ കാര്‍ഡുള്ളത്. 110 കോടി ജനങ്ങള്‍ ആധാര്‍ എടുത്തുവെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്.
Next Story

RELATED STORIES

Share it