Flash News

ആധാര്‍ : കേന്ദ്രത്തിന് സുപ്രിംകോടതി നോട്ടീസ്‌



ന്യൂഡല്‍ഹി: വിവിധ സാമൂഹികക്ഷേമ പദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയ നടപടി ചോദ്യം ചെയ്യുന്ന ഹരജികളില്‍ കേന്ദ്രസര്‍ക്കാരിന് സുപ്രിംകോടതി നോട്ടീസയച്ചു. വിഷയത്തില്‍ നാലാഴ്ചയ്ക്കുള്ളില്‍ മറുപടി അറിയിക്കാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. മൊബൈല്‍ ഫോണ്‍ സിംകാര്‍ഡ് ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കുന്നതു സംബന്ധിച്ച ഹരജിയില്‍ വിവിധ സ്വകാര്യ ടെലികോം കമ്പനികള്‍ക്കും കോടതി നോട്ടീസയച്ചു.
അതിനിടെ, ആധാറിന്റെ ഭരണഘടനാസാധുത ചോദ്യം ചെയ്ത് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി സമര്‍പ്പിച്ച ഹരജി കോടതി തള്ളി. കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തെ സംസ്ഥാനങ്ങള്‍ക്കു ചോദ്യംചെയ്യാനാവില്ലെന്നും വ്യക്തികള്‍ക്ക് ചോദ്യംചെയ്യാമെന്നും ചൂണ്ടിക്കാട്ടിയാണ് മമതയുടെ ഹരജി തള്ളിയത്. വ്യക്തിപരമായി ഈ വിഷയത്തില്‍ മമതയ്ക്ക് കോടതിയെ സമീപിക്കാമെന്നും ജസ്റ്റിസുമാരായ എ കെ സിക്രി, അശോക് ഭൂഷണ്‍ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാര്‍ പാസാക്കിയ നിയമം ചോദ്യം ചെയ്ത് നാളെ കേന്ദ്രസര്‍ക്കാരും കോടതിയെ സമീപിക്കുമെന്ന് അഭിപ്രായപ്പെട്ടുകൊണ്ടാണ് കോടതി ഹരജി തള്ളിയത്.
ഹരജി പരിഗണിക്കുന്നതിനിടെ, ആധാര്‍ നിര്‍ബന്ധമാക്കിയത് കുട്ടികള്‍ക്കുള്ള സബ്‌സിഡിയെ ബാധിച്ച കാര്യം മമതയ്ക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ ചൂണ്ടിക്കാട്ടി. ഇക്കാര്യം പരിഗണിക്കാമെന്നു കോടതി വ്യക്തമാക്കി.
അതേസമയം, കേസ് പരിഗണിക്കാനായി ഭരണഘടനാ ബെഞ്ച് രൂപീകരിക്കുമെന്നും അടുത്തമാസം അവസാനം വാദം കേട്ടു തുടങ്ങുമെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാലിനെ അറിയിച്ചു. ഇന്നലെ മറ്റൊരു കേസിന്റെ വാദത്തിനിടെ വിഷയം അറ്റോര്‍ണി ജനറലാണ് ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്. മാര്‍ച്ചില്‍ കേസ് പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേസില്‍ വാദംകേള്‍ക്കുന്നത് നീട്ടുകയാണെങ്കില്‍ വിവിധ പദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കില്ലെന്നും അദ്ദേഹം അറിയിച്ചു.
എന്നാല്‍, ഇതിനെ ഹരജിക്കാരുടെ അഭിഭാഷകന്‍ ശ്യാം ദിവാന്‍ എതിര്‍ത്തു. കേസ് നീട്ടിക്കൊണ്ടുപോവാനാവില്ലെന്നും വേഗം വാദംകേള്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതോടെ അടുത്തമാസം തന്നെ വാദംകേള്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു.
ആധാര്‍ നിര്‍ബന്ധമാക്കിയതു ചോദ്യംചെയ്യുന്ന ഒരുകൂട്ടം ഹരജികളാണ് നിലവില്‍ കോടതി മുമ്പാകെയുള്ളത്.
Next Story

RELATED STORIES

Share it