kannur local

ആധാര്‍ എടുക്കാനും തെറ്റ് തിരുത്താനും എക്‌സിബിഷനില്‍ സൗകര്യം

കണ്ണൂര്‍: പൊന്‍കതിര്‍ മെഗാ എക്‌സിബിഷനില്‍ സൗജന്യ സേവനങ്ങളുമായി ഇലക്ട്രോണിക്‌സ് ആന്റ് ഐടി വകുപ്പിന്റെ സ്റ്റാളുകള്‍. ഐടി മിഷന്റെ കീഴിലുള്ള അക്ഷയ പ്രൊജക്റ്റിന്റെ നേതൃത്വത്തില്‍ ആധാര്‍ എന്റോള്‍മെന്റ്, ആധാര്‍ തെറ്റുതിരുത്തല്‍, അഞ്ചുവയസ്സില്‍ താഴെയുള്ളവരുടെ എന്റോള്‍മെന്റ് എന്നീ സേവനങ്ങളാണ് ഇവിടെനിന്ന് സൗജന്യമായി ലഭിക്കുക. ഇതിന് പുറമെ ആധാറുമായി ബന്ധപ്പെട്ട സംശയനിവാരണത്തിനായി പ്രത്യേക കൗണ്ടര്‍ സംവിധാനവും പ്രവര്‍ത്തിക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ പൊതുജന പരിഹാര സംവിധാനം, ചികില്‍സാ സഹായം എന്നിവ ഓണ്‍ലൈനായി അയക്കാനുള്ള സൗകര്യവും  സ്റ്റാളിലുണ്ട്. ജില്ലയിലെ  അക്ഷയ സംരംഭകരെയാണ് ഇതിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്.
സാങ്കേതിക വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍  സി-ഡിറ്റില്‍നിന്നുള്ള പ്രത്യേക സംഘവും പ്രവര്‍ത്തിക്കുന്നു. വ്യാജ ഓണ്‍ ലൈന്‍ കേന്ദ്രങ്ങളെക്കുറിച്ചുള്ള അവബോധം, ഡാറ്റാ സുരക്ഷയെ കുറിച്ചുള്ള വിവരങ്ങള്‍ എന്നിവയെക്കുറിച്ചുള്ള ബോധവല്‍ക്കരണത്തിനും ഇവിടെ സംവിധാനമുണ്ട്. സ്റ്റാര്‍ട്ടപ് മേഖലയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്കും സംശയ നിവാരണത്തിനുമായി കേരള സ്റ്റാര്‍ട്ട് മിഷനുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ സേവനവും ഇവിടെ ലഭ്യമാണ്. വിവിധ ടെലികോം സേവനദാതാക്കളുടെ ആധാര്‍ അധിഷ്ഠിതസേവനങ്ങളാണ് ഐടി പവലിയന്റെ മറ്റൊരു സവിശേഷത. കേരള ഐടി മിഷന്‍ രൂപകല്‍പന ചെയ്ത എം കേരള മൊബൈല്‍ ആപ്ലിക്കേഷനെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാനും സംവിധാനമുണ്ട്. ഐടി മിഷന്റെ നേതൃത്വത്തില്‍ സര്‍ക്കാരിന്റെ സൗജന്യ വൈഫൈ സൗകര്യം എക്‌സിബിഷനില്‍ ലഭ്യമാണ്.
പൊതുജനങ്ങള്‍ക്ക് ദിവസവും 300 എംബി ഡാറ്റ വരെ ഉപയോഗിക്കാവുന്ന തരത്തിലാണ് സംവിധാനം. ഇതു കൂടാതെ പൊതുജനങ്ങള്‍ക്കായി ഫോട്ടോ-സെല്‍ഫി പോയിന്റും സ്റ്റാളിലുണ്ട്.  ഐടി മിഷന്‍ ജില്ലാ പ്രൊജക്റ്റ് മാനേജര്‍ സി എം മിഥുന്‍ കൃഷ്ണയുടെ നേതൃത്വത്തില്‍ അക്ഷയ പ്രൊജക്ടിന്റെ സംസ്ഥാന, ജില്ലാ ഉദ്യോഗസ്ഥര്‍, ആധാര്‍ സൂപ്പര്‍വൈസര്‍മാര്‍ എന്നിവരാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
Next Story

RELATED STORIES

Share it