Flash News

ആധാരങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമെന്ന് വ്യാജവാര്‍ത്ത



ന്യൂഡല്‍ഹി: ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച മുഴുവന്‍ രേഖകളെയും ആധാറുമായി ബന്ധിപ്പിക്കണമെന്ന് കേന്ദ്രസര്‍ക്കാരിന്റെ പേരില്‍ വ്യാജ വിജ്ഞാപനം. ഇതിനെതിരേ പോലിസില്‍ പരാതി നല്‍കിയതായും അതിന്റെ ഉറവിടം അന്വേഷിക്കുമെന്നും പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ (പിഐബി) ഡയറക്ടര്‍ ജനറല്‍ ഫ്രാങ്ക് നെറോണ പറഞ്ഞു. 1950 മുതലുള്ള ആധാരങ്ങള്‍ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കണമെന്നായിരുന്നു വാര്‍ത്ത. ഈ മാസം 15നു കാബിനറ്റ് അണ്ടര്‍ സെക്രട്ടറി ഒപ്പിട്ട വിജ്ഞാപനമാണ് പ്രചരിച്ചിരുന്നത്. പ്രമുഖ ദേശീയമാധ്യമങ്ങളിലുള്‍പ്പെടെ വാര്‍ത്ത പ്രചരിച്ചതോടെ നിഷേധവുമായി സര്‍ക്കാര്‍ രംഗത്തുവരുകയായിരുന്നു. ഡിജിറ്റല്‍ ഇന്ത്യ ലാന്‍ഡ് റിക്കാര്‍ഡ് മോഡേണൈസേഷന്‍ പദ്ധതിയുടെ ഭാഗമായാണ് നടപടിയെന്നുമായിരുന്നു വാര്‍ത്ത. നടപടിയില്‍ വീഴ്ച ഉണ്ടായാല്‍ ഭൂമിയുടെ ഉടമസ്ഥത ബിനാമിയായി കണക്കാക്കുമെന്നും ആഗസ്ത് 14നകം ആധാരങ്ങള്‍ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കണമെന്നും വാര്‍ത്തയില്‍ നിര്‍ദേശമുണ്ടായിരുന്നു. സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍, അഡീഷനല്‍ ചീഫ് സെക്രട്ടറിമാര്‍, ലഫ്റ്റനന്റ് ഗവര്‍ണര്‍മാര്‍, നീതി ആയോഗ് സെക്രട്ടറി തുടങ്ങിയവര്‍ക്കും ഇക്കാര്യം അറിയിച്ച് കത്ത് അയച്ചതായും വാര്‍ത്തയിലുണ്ടായിരുന്നു. വിജ്ഞാപനത്തിന്റെ പകര്‍പ്പും മിക്ക മാധ്യമങ്ങളും പ്രസിദ്ധീകരിച്ചിരുന്നു.
Next Story

RELATED STORIES

Share it