Flash News

ആദ്യ സന്തോഷ് ട്രോഫി നേടിയ ടീമംഗങ്ങള്‍ മഹാരാജാസില്‍ ; ജീവിതപ്രയാസങ്ങളും ആശങ്കകളും പങ്കുവച്ച് അവര്‍ ഒത്തുചേര്‍ന്നു



കൊച്ചി: ജീവിതപ്രയാസങ്ങളും ആശങ്കകളും പങ്കുവച്ച് കേരളത്തിന് ആദ്യമായി സന്തോഷ് ട്രോഫി നേടിത്തന്ന ടീമംഗങ്ങള്‍ ഒത്തുചേര്‍ന്നു. 1973ല്‍ മഹാരാജാസ് കോളജ് മൈതാനിയില്‍ താല്‍ക്കാലിക ഗാലറിയിലെ ആയിരങ്ങളെ സാക്ഷിയാക്കി സന്തോഷ് ട്രോഫി നേടിയ ഫുട്‌ബോള്‍ ടീമിലെ അംഗങ്ങളാണ് ഇന്നലെ 44 വര്‍ഷത്തിനുശേഷം അതേ മൈതാനിയില്‍ ഒത്തുചേര്‍ന്നത്. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ നേതൃത്വത്തിലാണ് ഒത്തുചേരല്‍ സംഘടിപ്പിച്ചത്. തങ്ങളുടെ ചികില്‍സയുള്‍പ്പെടെയുള്ള കാര്യങ്ങള്‍ മുഖ്യമന്ത്രിയെയും വകുപ്പുമന്ത്രിയെയും ധരിപ്പിക്കുന്നതിന് മുന്നോടിയായാണ് അന്നത്തെ താരങ്ങളെത്തിയത്. സി സി ജേക്കബ്, ജാഫര്‍, പ്രസന്നന്‍, സേവ്യര്‍ പയസ്, ദേവാനന്ദ്, മിത്രന്‍, കെ പി വില്യംസ്, ബ്ലാസി ജോര്‍ജ്, എം ആര്‍ ജോസഫ് എന്നിവരാണ് സംഗമത്തില്‍ പങ്കെടുത്തത്. പ്രീമിയര്‍ ടയേഴ്‌സ് പോലുള്ള സ്വകാര്യ കമ്പനികളില്‍ ജോലിചെയ്തിരുന്ന ഇവരില്‍ പലര്‍ക്കും ഇന്ന് സ്ഥിരവരുമാനമില്ല. രോഗങ്ങളും മറ്റു പ്രയാസങ്ങളും വര്‍ധിച്ചു. സന്തോഷ് ട്രോഫി ജയിച്ചപ്പോള്‍ സംസ്ഥാനത്തിനു പുറത്തുള്ള വന്‍കിട സ്വകാര്യ കമ്പനികള്‍ ഇവരെ ക്ഷണിച്ചിരുന്നെങ്കിലും കേരളം വിടാന്‍ മനസ്സുണ്ടായില്ല. സര്‍ക്കാര്‍ ജോലിയും ലഭിച്ചില്ല. വരുമാനമില്ലാതായ ഇവര്‍ക്ക് പെന്‍ഷനോ മറ്റു സര്‍ക്കാര്‍ ആനുകൂല്യങ്ങളോ ലഭിച്ചില്ല. സന്തോഷ് ട്രോഫി നേടുമ്പോള്‍ ഇവരില്‍ പലരുടെയും പ്രായം 23 ആണ്. വിജയിച്ച ടീമംഗങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കിയ പ്രതിഫലമാവട്ടെ 1,000 രൂപയും. ഇപ്പോള്‍ വാര്‍ധക്യത്തിന്റെ അവശതകളും രോഗങ്ങളും വേട്ടയാടുമ്പോള്‍ സര്‍ക്കാര്‍ കൈത്താങ്ങാവുമെന്നാണ് ഇവരുടെ പ്രതീക്ഷ. ക്യാപ്റ്റന്‍ മണിയുടെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുത്തപ്പോഴാണ് തങ്ങളുടെ പ്രശ്‌നങ്ങള്‍ മുഖ്യമന്ത്രിക്കു മുന്നില്‍ അവതരിപ്പിക്കാന്‍ പദ്ധതിയിട്ടത്. ഇന്നലെ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് വി എ സക്കീര്‍ ഹുസയ്‌ന്റെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. 22ന് എറണാകുളത്ത് എത്തുന്ന മുഖ്യമന്ത്രി യെ നേരില്‍ കണ്ട് തങ്ങളുടെ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കുകയാണ് ഇവരുടെ ലക്ഷ്യം.
Next Story

RELATED STORIES

Share it