ആദ്യ മന്ത്രിസഭാ യോഗം പരിഗണിച്ചത് ജിഷ വധക്കേസ്

തിരുവനന്തപുരം: പെരുമ്പാവൂരിലെ ദലിത് നിയമവിദ്യാര്‍ഥിനി ജിഷ വധക്കേസ് പ്രത്യേക അന്വേഷണസംഘത്തിനു കൈമാറാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ആദ്യ മന്ത്രിസഭായോഗം തീരുമാനിച്ചു.
വനിതാ പോലിസ് ഓഫിസര്‍ അന്വേഷിക്കണമെന്ന ആവശ്യം പരിഗണിച്ച് എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തില്‍ പുതിയ സംഘമാവും തുടരന്വേഷണം നടത്തുക. നിര്‍മാണം പാതിവഴിയിലായ ജിഷയുടെ വീടിന്റെ നിര്‍മാണം 45 ദിവസത്തിനകം പൂര്‍ത്തിയാക്കും.
ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍ മേല്‍നോട്ടം വഹിക്കും. ജിഷയുടെ സഹോദരിക്ക് ജോലിനല്‍കുമെന്ന പ്രഖ്യാപനം നടപ്പാവാത്ത സാഹചര്യത്തില്‍ എത്രയുംപെട്ടെന്ന് ജോലിനല്‍കാനും തീരുമാനിച്ചു.
ജിഷയുടെ മാതാവ് നിത്യച്ചെലവിനായി മറ്റു വീടുകളില്‍ ഇനി വേലയ്ക്കു പോവുന്നത് ഒഴിവാക്കാന്‍ അവര്‍ക്ക് പ്രതിമാസം 5,000 രൂപ പെന്‍ഷന്‍ നല്‍കുമെന്നും മന്ത്രിസഭാ യോഗതീരുമാനങ്ങള്‍ വിശദീകരിക്കവെ മുഖ്യമന്ത്രി അറിയിച്ചു. ജിഷയുടെ മരണവുമായി ബന്ധപ്പെട്ട് മഹസര്‍ തയ്യാറാക്കിയതുമുതല്‍ മൃതദേഹം ദഹിപ്പിച്ചതുവരെയുള്ള കാര്യങ്ങളില്‍ സാധാരണ നടപടിക്രമങ്ങള്‍ക്കു വിരുദ്ധമായ സംഭവങ്ങളുണ്ടായിട്ടുണ്ട്. ഗുരുതര വീഴ്ചയുണ്ടെന്ന പരാതികളുടെ അടിസ്ഥാനത്തിലാണു നിലവിലെ അന്വേഷണസംഘത്തെ ഒഴിവാക്കുന്നത് മന്ത്രിസഭ പരിഗണിച്ചത്.
അന്വേഷണത്തില്‍ വീഴ്ച ഉണ്ടായിട്ടുണ്ടോയെന്ന കാര്യങ്ങള്‍ ഗൗരവമായി പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Next Story

RELATED STORIES

Share it