ആദ്യ ട്വന്റിയില്‍ ലങ്കയ്ക്ക് ജയം

പല്ലെക്കലെ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ട്വന്റി ക്രിക്കറ്റ് മല്‍സരത്തില്‍ ആതിഥേയരായ ശ്രീലങ്കയ്ക്ക് ജയം. ഓള്‍റൗണ്ട് മികവില്‍ 30 റണ്‍സിനായിരുന്നു ലങ്ക വെന്നിക്കൊടി നാട്ടിയത്. ജയത്തോടെ രണ്ടു മല്‍സരങ്ങളുടെ പരമ്പരയില്‍ ശ്രീലങ്ക 1-0ന് മുന്നിലെത്തുകയും ചെയ്തു.
ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക നിശ്ചിത ഓവറില്‍ മൂന്നു വിക്കറ്റിന് 215 റണ്‍സെടുത്തു. തിലകരത്‌നെ ദില്‍ഷന്‍ (56), കുശാല്‍ പെരേര (40), ദിനേഷ് ചാണ്ഡിമല്‍ (40*), എയ്ഞ്ചലോ മാത്യൂസ് (37*), ഷെഹാന്‍ ജയസൂര്യ (36) എന്നിവരുടെ ഇന്നിങ്‌സുകളാണ് ലങ്കയെ മികച്ച സ്‌കോര്‍ നേടാന്‍ സഹായിച്ചത്.
വിന്‍ഡീസിനു വേണ്ടി കിരോണ്‍ പൊള്ളാര്‍ഡ് രണ്ടും സുനില്‍ നരെയ്ന്‍ ഒരു വിക്കറ്റും വീഴ്ത്തി.
മറുപടിയില്‍ തിരിച്ചടിച്ചെങ്കിലും 19.5 ഓവറില്‍ 185 റണ്‍സിന് വിന്‍ഡീസ് ഓള്‍ഔട്ടാവുകയായിരുന്നു. 25 പന്തില്‍ മൂന്ന് ബൗണ്ടറിയോടെ 57 റണ്‍സെടുത്ത ആന്ദ്രെ ഫ്‌ളെച്ചറാണ് വിന്‍ഡീസിന്റെ ടോപ്‌സ്‌കോറര്‍.
നാല് ഓവറില്‍ 46 റണ്‍സ് വിട്ടുകൊടുത്ത് നാലു വിക്കറ്റുകള്‍ കടപുഴക്കിയ ശ്രീലങ്കന്‍ സ്പിന്നര്‍ സചിത്ര സേനനായകെയാണ് ലങ്കന്‍ ബൗളിങ് നിരയില്‍ തിളങ്ങിയത്. ക്യാപ്റ്റന്‍ ലസിത് മലിങ്കയും മിലിന്ദ സിരിവര്‍ധനെയും രണ്ടു വിക്കറ്റ് വീതം പങ്കിട്ടു.
നേരത്തെ 37 പന്തില്‍ എട്ട് ബൗണ്ടറി അടിച്ചാണ് ദില്‍ഷന്‍ ലങ്കയുടെ ടോപ്‌സ്‌കോററായത്. 19 പന്തില്‍ നാല് ബൗണ്ടറിയും രണ്ട് സിക്‌സറും അടിച്ച് ചാണ്ഡിമലും 13 പന്തില്‍ നാല് സിക്‌സറും രണ്ട് ബൗണ്ടറിയും നേടി മാത്യൂസും ലങ്കന്‍ ഇന്നിങ്‌സിന് വേഗത നല്‍കി.
സേനനായകെയാണ് മാന്‍ ഓഫ് ദി മാച്ച്. പരമ്പരയിലെ അവസാന മല്‍സരം ഇന്ന് കൊളംബോയില്‍ നടക്കും.
Next Story

RELATED STORIES

Share it