ആദ്യ ജയം ശ്രീലങ്കയ്ക്ക്

എച്ച് സുധീര്‍

തിരുവനന്തപുരം: 11ാമത് സാഫ് സുസൂക്കി കപ്പ് ഫുട്‌ബോളിന്റെ ആദ്യമല്‍സരത്തില്‍ ശ്രീലങ്കയ്ക്ക് അട്ടിമറി വിജയം. ആദ്യാവസാനം വരെ വിരസമായ മല്‍സരത്തില്‍ നേപ്പാളിനെ 1-0നാണ് ശ്രീലങ്ക പരാജയപ്പെടുത്തിയത്.
പൂര്‍ണമായും നേപ്പാളിന്റെ ആധിപത്യം പ്രകടമായ മല്‍സരത്തില്‍ അവസാനനിമിഷം വിധി ശ്രീലങ്കയ്ക്ക് അനുകൂലമാവുകയായിരുന്നു. ഗോള്‍രഹിത സമനിലയിലേക്ക് നീങ്ങിയ മല്‍സരത്തിന്റെ ഇഞ്ചുറിടൈമില്‍ ശ്രീലങ്കയ്ക്കുവേണ്ടി 14ാം നമ്പര്‍ താരമായ മുഹമ്മദ് റിഫ്‌നാസാണ് ഗോള്‍ നേടിയത്. വലതുവിങില്‍ നിന്നും കവിന്തു ഇഷാന്‍ നല്‍കിയ ക്രോസ് വലയിലേക്കു ഹെഡ് ചെയ്യാനുള്ള ശ്രീലങ്കന്‍ താരത്തിന്റെ ശ്രമം പരാജയപ്പെട്ടു. ബോക്‌സിനു തൊട്ടുമുന്നില്‍ വീണ പന്ത് മുന്നോട്ടു കയറിനിന്ന നേപ്പാള്‍ ഡിഫന്‍ഡറെ മറികടന്ന് റിഫ്‌നാസ് വലയിലേക്കു പായിക്കുകയായിരുന്നു. നേപ്പാളിന്റെ ആധിപത്യമായിരുന്നു കളിയിലെങ്കിലും നേപ്പാള്‍ താരങ്ങ ള്‍ സ്‌കോര്‍ ചെയ്യാന്‍ മറന്നതു തിരിച്ചടിയായി.
കളിയുടെ 10ാം മിനിറ്റില്‍ത്തന്നെ ശ്രീലങ്കയെ ഞെട്ടിക്കുന്ന മുന്നേറ്റം നേപ്പാളിന്റെ ഭാഗത്തുനിന്നുമുണ്ടായി. നേപ്പാള്‍ ക്യാപ്റ്റ ന്‍ അനില്‍ ഗുരുങ്ങിന്റെ ഗോളെന്നുറച്ച ഷോട്ട് ശ്രീലങ്കന്‍ ഗോളി ഡോണ്‍ സുജന്‍ പെരേര രക്ഷപ്പെടുത്തി.
25ാം മിനിറ്റിലും സുജന്‍ പെരേര ശ്രീലങ്കയുടെ രക്ഷകനായി. പെനല്‍റ്റി ബോക്‌സിന്റെ വലതുവശത്ത് ത്രോലൈനിനു സമീപത്തുവെച്ചു നേപ്പാളിന്റെ ബിമലിനെ ഫൗള്‍ ചെയ്തതിനു ശ്രീലങ്കന്‍ താരം ഹക്കീം മഞ്ഞക്കാര്‍ഡ് കണ്ടു. തുടര്‍ന്നു ഹേമങ് ഗുരുങ്ങ് എടുത്ത ഫ്രീകിക്ക് സുജന്‍ പെരേര മുന്നോട്ടു കയറിവന്നു രക്ഷപ്പെടുത്തുകയായിരുന്നു.
39ാം മിനിറ്റില്‍ ഹേമങ് ഗുരുങ്ങിന്റെ ഒരു ലോങ് റേഞ്ചര്‍ ശ്രീലങ്കന്‍ ക്രോസ് ബാറിനെ തൊട്ടുരുമ്മി പുറത്തേക്കുപോയി.
രണ്ടാം പകുതിയിലും നേപ്പാ ള്‍ അക്രമണോത്സുക ഫുട്‌ബോളാണു പുറത്തെടുത്തത്. രണ്ടാം പകുതിയുടെ തുടക്കത്തില്‍ വലുതിവിങില്‍ നിന്നും അന്‍ജന്‍ ബിസ്ത നല്‍കിയ ക്രോസ് ശ്രീലങ്കന്‍ പോസ്റ്റിലേക്ക് തിരിച്ചുവിടാനുള്ള ബിമലിന്റെ ശ്രമം പാഴായി.
55ാം മിനിറ്റില്‍ ക്യാപ്റ്റന്‍ അനില്‍ ഗുരുങ്ങിനെ പിന്‍വലിച്ച് നവ്‌യുഗ് ശ്രേഷ്ഠയെ നേപ്പാള്‍ കളത്തിലിറക്കി.
രണ്ടാം പകുതിയുടെ അവസാനമായതോടെ ഗോള്‍ കണ്ടെത്താന്‍ ഇരു ടീമുകളും ഉണര്‍ന്നു കളിച്ചു. ഇതോടെ കളി അല്‍പ്പം പരുക്കനായി മാറി.
ഇന്നു രണ്ടു മല്‍സരങ്ങളാണുള്ളത്. വൈകീട്ടു 3.30നു നടക്കുന്ന ആദ്യ മല്‍സരത്തില്‍ മാലദ്വീപ് ഭൂട്ടാനേയും 6.30നു നടക്കുന്ന മല്‍സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ അഫ്ഗാനിസ്താന്‍ ബംഗ്ലാദേശിനേയും നേരിടും.
Next Story

RELATED STORIES

Share it