wayanad local

ആദ്യ കമ്മ്യൂണിസ്റ്റ് ജനപ്രതിനിധിയുടെ മകള്‍ ലീഗിന് കീഴില്‍ പ്രസിഡന്റ് പദവിയിലേക്ക്

മാനന്തവാടി: ജില്ലയിലെ ആദ്യ കമ്മ്യൂണിസ്റ്റ് ജനപ്രതിനിധിയുടെ മകള്‍ ഇനി മുസ്‌ലിം ലീഗിന് കീഴില്‍ പഞ്ചായത്ത് പ്രസിഡന്റ് പദവിയില്‍. ഇഎംഎസിനൊപ്പം നിയമസഭയില്‍ അംഗമായിരുന്ന കെ കെ അണ്ണന്റെ മകള്‍ തങ്കമണിയാണ് വെള്ളമുണ്ട ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പദവയിലേക്കെത്തുന്നത്. പട്ടികവര്‍ഗ വനിതയ്ക്കായി സംവരണം ചെയ്യപ്പെട്ടതാണ് വെള്ളമുണ്ട പഞ്ചായത്ത് പ്രസിഡന്റ് പദവി.
ദീര്‍ഘകാലം അങ്കണവാടി ടീച്ചറായും ട്രൈബല്‍ പ്രമോട്ടറായും പ്രവര്‍ത്തിച്ചയാളാണ് തങ്കമണി. തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങുന്നതിന് മുമ്പു തന്നെ ലീഗിന്റെ അംഗത്വം സ്വീകരിച്ചിരുന്നു. കോണി ചിഹ്നത്തിലാണ് പഞ്ചായത്തിലെ തരുവണ വാര്‍ഡില്‍ നിന്നു വിജയിച്ചത്. താലൂക്കിലെ മറ്റു പഞ്ചായത്തുകളിലെല്ലാം യുഡിഎഫിന് ക്ഷീണം സംഭവിച്ചെങ്കിലും വെള്ളമുണ്ട പഞ്ചായത്തില്‍ മാത്രമാണ് നേട്ടം കൈവരിക്കാന്‍ കഴിഞ്ഞത്. 2010ല്‍ 14 സീറ്റുകളുണ്ടായിരുന്ന യുഡിഎഫിന് ഈ തിരഞ്ഞെടുപ്പില്‍ 15 സീറ്റുകള്‍ ലഭിച്ചു. 21 അംഗങ്ങളുള്ള പഞ്ചായത്തില്‍ ലീഗിനു മാത്രം 11 സീറ്റുകള്‍ ലഭിക്കുകയും ചെയ്തു.
ഇതോടെയാണ് മല്‍സരിച്ച് ജയിച്ച മുസ്‌ലിം ലീഗിലെ പട്ടികവര്‍ഗ വനിത എന്ന നിലയില്‍ തങ്കമണി വെള്ളമുണ്ട പഞ്ചായത്ത് പ്രസിഡന്റ് പദവിയിലേക്കെത്തുന്നത്.
Next Story

RELATED STORIES

Share it