World

ആദ്യ ഇഫ്താര്‍ വിരുന്നൊരുക്കി ട്രംപ്; വൈറ്റ്ഹൗസിന് മുന്നില്‍ പ്രതിഷേധം

വാഷിങ്ടണ്‍: വൈറ്റ്ഹൗസില്‍ യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ ആദ്യ ഇഫ്താര്‍ വിരുന്ന്. 2017 ജനുവരിയില്‍ അധികാരമേറ്റ ട്രംപ് കഴിഞ്ഞ റമദാനില്‍ ഇഫ്താര്‍ വിരുന്നു സംഘടിപ്പിച്ചിരുന്നില്ല. ബുധനാഴ്ച വൈകീട്ട് സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്നില്‍ യുഎഇ, ഈജിപ്ത്. തുനീസ്യ, ഇറാഖ്, ബഹ്‌റയ്ന്‍, മൊറോകോ, ലിബിയ, അല്‍ജീരിയ എന്നീ രാജ്യങ്ങളുടെ അംബാസഡര്‍മാരടക്കം 50ലധികം പേര്‍ പങ്കെടുത്തു.
ലോകമെമ്പാടുമുള്ള മുസ്‌ലിം സഹോദരങ്ങള്‍ക്കു റമദാന്‍ ആശംസകള്‍ നേര്‍ന്നുകൊണ്ടായിരുന്നു ഡോണാള്‍ഡ് ട്രംപ് ഇഫ്താര്‍ വിരുന്നില്‍ പ്രസംഗം ആരംഭിച്ചത്. അതേസമയം, അമേരിക്കയിലെ വിവിധ മുസ്‌ലിം സംഘടനകള്‍ ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്തില്ല.
ഇഫ്താര്‍ സമയത്ത്് വൈറ്റ്ഹൗസിന് പുറത്ത് പ്രതിഷേധ പ്രകടനങ്ങളും അരങ്ങേറി. വിവിധ മുസ്‌ലിം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയ ഡോണാള്‍ഡ് ട്രംപിന്റെ നടപടിക്കെതിരേയായിരുന്നു പ്രതിഷേധം.
ഒരു കൈ കൊണ്ട് മുസ്‌ലിംകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുകയും മറുകൈ കൊണ്ട് മുസ്‌ലിം നയതന്ത്രജ്ഞര്‍ക്ക് അത്താഴം വിളമ്പുകയും ചെയ്യുന്ന ട്രംപിന്റെ നടപടി അങ്ങേയറ്റം കാപട്യം നിറഞ്ഞതാണെന്നു പ്രതിഷേധക്കാര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it