ആദ്യ അങ്കത്തില്‍ ചെര്‍ക്കളത്തിനു പരാജയം: എംഎല്‍എ, മന്ത്രി; കര്‍മരംഗത്ത് ഇപ്പോഴും സജീവം

കാസര്‍കോട്: വിജയത്തിന്റെ കോണിപ്പടികള്‍ കയറിയിറങ്ങിയ മുന്‍ തദ്ദേശമന്ത്രി ചെര്‍ക്കളം അബ്ദുല്ല തന്റെ ആദ്യ അങ്കത്തിലെ പരാജയം ഇപ്പോഴും മനസ്സില്‍ കൊണ്ടുനടക്കുന്നു. അഖിലേന്ത്യാ ലീഗുമായി നേര്‍ക്കുനേര്‍ പോരാട്ടം നടത്തിയ ഘട്ടത്തില്‍ 1975ല്‍ ചെങ്കള പഞ്ചായത്തിലെ അഞ്ചാം വാര്‍ഡില്‍ കന്നിയങ്കത്തിനിറങ്ങിയ ഇദ്ദേഹം പരാജയപ്പെട്ടു. പിന്നീട് 1980ല്‍ മഞ്ചേശ്വരത്ത് നിന്നു നിയമസഭയിലേക്ക് മല്‍സരിച്ച് 156 വോട്ടുകള്‍ക്ക് സിപിഐയിലെ ഡോ. എ സുബ്ബറാവുവിനോട് പോരാടി പരാജയപ്പെട്ടു.
തുടര്‍ന്ന് 1987, 91,96, 2001 കാലയളവില്‍ തുടര്‍ച്ചയായി 19 വര്‍ഷം മഞ്ചേശ്വരം എംഎല്‍എയായി. 2001-04 കാലയളവില്‍ എ കെ ആന്റണി മന്ത്രിസഭയില്‍ തദ്ദേശസ്വയംഭരണ മന്ത്രിയായി. 2006ല്‍ മഞ്ചേശ്വരത്ത് എല്‍ഡിഎഫിലെ അഡ്വ. സി എച്ച് കുഞ്ഞമ്പുവിനോടു പരാജയപ്പെട്ടു. സാധാരണക്കാരനായി ജനിച്ച് റേഷന്‍ ഷോപ്പില്‍ ജോലിക്കാരനായി രംഗത്തുവന്ന ഇദ്ദേഹം സി എച്ച് മുഹമ്മദ് കോയയുടെ അഭീഷ്ടപ്രകാരം രാഷ്ട്രീയത്തിലിറങ്ങി. അവിഭക്ത കണ്ണൂര്‍ ജില്ലാ മുസ്‌ലിംലീഗ് ജോയിന്റ് സെക്രട്ടറി, യൂത്ത്‌ലീഗ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി, മുസ്‌ലിംലീഗ് കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. 2003 മുതല്‍ മുസ്‌ലിംലീഗ് ജില്ലാ പ്രസിഡന്റും യുഡിഎഫ് ജില്ലാ ചെയര്‍മാനുമാണ്. കേരള സ്റ്റേറ്റ് മൈനോറിറ്റി ഡവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പറേഷന്‍ ചെയര്‍മാന്‍, കാസര്‍കോട് സംയുക്ത ജമാഅത്ത് പ്രസിഡന്റ് തുടങ്ങി നിരവധി സ്ഥാനങ്ങള്‍ വഹിച്ചുവരുന്നു. ചെര്‍ക്കളം തദ്ദേശസ്വയംഭരണ മന്ത്രിയായിരുന്നപ്പോഴാണു ദാരിദ്ര്യ ലഘൂകരണം ലക്ഷ്യമിട്ട് സംസ്ഥാനത്തെ മുഴുവന്‍ പഞ്ചായത്തുകളിലും നഗരസഭകളിലും കുടുംബശ്രീ പ്രവര്‍ത്തനം വ്യാപിപ്പിച്ചത്. കാസര്‍ കോട് ജില്ലയുടെ ശില്‍പികളില്‍ ഒരാളുംകൂടിയാണ്. ഭാര്യ: ആയിഷ ചെര്‍ക്കളം. നേരത്തെ ചെങ്കള പഞ്ചായത്ത് പ്രസിഡന്റായിരുന്നു.
മകള്‍ മുംതാസ് സമീറ നിലവില്‍ മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റാണ്. ഇപ്പോള്‍ ജില്ലാ പഞ്ചായത്തിലെ സിവില്‍ സ്റ്റേഷന്‍ ഡിവിഷനില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മല്‍സരിക്കുന്നു. യുഡിഎഫിന്റെ മുതിര്‍ന്ന നേതാവെന്ന നിലയില്‍ ഇദ്ദേഹത്തിന്റെ സേവനങ്ങള്‍ മുന്നണിക്കു പലപ്പോഴും മുതല്‍ക്കൂട്ടായിട്ടുണ്ട്. പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ സ്‌നേഹവും നെഞ്ചേറ്റി നടക്കുന്ന ഇദ്ദേഹം ശിഹാബ് തങ്ങളുടെ പേരില്‍ പല സ്ഥാപനങ്ങളും ജില്ലയില്‍ ആരംഭിച്ചിട്ടുണ്ട്. 73ാം വയസ്സിലും ചെര്‍ക്കളം കര്‍മരംഗത്തു സജീവ സാന്നിധ്യമാണ്.
Next Story

RELATED STORIES

Share it