malappuram local

ആദ്യാക്ഷരം നുകരാന്‍ ജില്ലയില്‍ 85000 കുരുന്നുകള്‍

പുത്തനത്താണി: അറിവിന്റെ ആദ്യാക്ഷരം നുകരാന്‍ ജില്ലയില്‍ 85000 കുരുന്നുപ്രതിഭകള്‍ നാളെ അക്ഷരമുറ്റത്തേക്കെത്തുന്നു. പുത്തനുടുപ്പും വര്‍ണ കുടകളും പുത്തന്‍ പുസ്തകങ്ങളുമായി എത്തുന്ന കുഞ്ഞു പ്രതിഭകളെ വരവേല്‍ക്കാന്‍ സ്‌കൂളുകള്‍ ഒരുങ്ങിക്കഴിഞ്ഞു.
പ്രവേശനോല്‍സവത്തോടെയാണ് സ്‌കൂളുകളില്‍ പുതിയ അധ്യയനവര്‍ഷം ആരംഭിക്കുന്നത്. ജില്ലയിലെ 1357 വിദ്യാലയങ്ങളില്‍ വൈവിധ്യമായ പരിപാടികളുമായി പ്രവേശനോല്‍സവം അരങ്ങേറും. പ്രവേശനോല്‍സവത്തിന്റെ ഭാഗമായി പ്രചരണജാഥ, ഘോഷയാത്രകള്‍, പഠനോപകരണ വിതരണം, സൗജന്യ പാഠപുസ്തക വിതരണം, യൂനിഫോം വിതരണം നടക്കും. 79 കോടി രൂപയാണ് ജില്ലയില്‍ പൊതുവിദ്യഭ്യാസ രംഗത്ത് ചെലവഴിക്കുന്നത്. ആറ് കോടി 61 ലക്ഷം രൂപ ജില്ലയില്‍ വിദ്യാര്‍ഥികള്‍ക്കുള്ള സൗജന്യ യൂനിഫോം വിതരണത്തിനു മാത്രമായി ചെലവഴിക്കും. എപിഎല്‍ വിഭാഗത്തില്‍പെട്ട ആണ്‍കുട്ടികള്‍ ഒഴികെയുള്ള ഒന്നു മുതല്‍ എട്ട് വരെയുള്ള എല്ലാ വിദ്യാര്‍ഥികള്‍ക്കുമാണ് യൂനിഫോം സൗജന്യമായി വിതരണം ചെയ്യുക. ഇതിനായി ഒരു കുട്ടിക്ക് 400 രൂപ നിരക്കില്‍ പ്രധാനധ്യാപകര്‍ക്ക് തുക നല്‍കിയിട്ടുണ്ട്.
അധ്യയന വര്‍ഷത്തിന്റെ മുന്നോടിയായി ഇന്നലെ എല്ലാ പഞ്ചായത്തുകളിലും മുന്‍സിപാലിറ്റികളിലും സമന്വയം 2016 എന്ന പേരില്‍ അധ്യാപക സംഗമം നടന്നു. ഇന്ന് എല്ലാ സ്‌കൂളുകളിലും രക്ഷിതാക്കളുടേയും പൊതുജനങ്ങളുടേയും സഹകരണത്തോടെ സ്‌കൂളിലെ എല്ലാ അധ്യാപകരും പങ്കെടുക്കുന്ന ഒരുക്കം 2016 ശില്‍പശാലകള്‍ നടക്കും. പഞ്ചായത്ത് ബ്ലോക്ക് തലങ്ങളില്‍ പ്രവേശനോല്‍സവം നടക്കും.
ജില്ലാ പ്രവേശനോല്‍സവം നാളെ കല്‍പകഞ്ചേരിയില്‍
പുത്തനത്താണി: പ്രവേശനോല്‍സവത്തിന്റെ ജില്ലാതല ഉദ്ഘാടനം നാളെ കല്‍പകഞ്ചേരി ഗവ.എല്‍പി സ്‌കൂളില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 10ന് തദ്ദേശ സ്വയംഭരണ മന്ത്രി കെ ടി ജലീല്‍ പ്രവേശനോല്‍സവത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. ഇ ടി മുഹമ്മദ് ബഷീര്‍ എംപി മുഖ്യാതിഥി ആവുന്ന ചടങ്ങില്‍ സി മമ്മുട്ടി എംഎല്‍എ അധ്യക്ഷത വഹിക്കും.
പാഠപുസ്തക വിതരണം നിയുക്ത എംഎല്‍എ ആബിദ് ഹുസൈന്‍ തങ്ങളും യൂനിഫോം വിതരണം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി സുധാകരനും സ്‌കൂള്‍ ഗ്രാന്റ് വിതരണം കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആതവനാട് മുഹമ്മദ് കുട്ടിയും ഉപകരണ വിതരണം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സക്കീനയും നിര്‍വഹിക്കും.
വാര്‍ത്താ സമ്മേളനത്തില്‍ കല്‍പകഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍ കുഞ്ഞാപ്പു, എസ്എസ്എ ജില്ലാ പ്രൊജക്ട് ഓഫിസര്‍ ടി മുജീബ് റഹ്മാന്‍, ജില്ലാ പ്രോഗ്രാം ഓഫിസര്‍ വി എം ഹുസൈന്‍, പിടിഎ പ്രസിഡന്റ് പി സൈതുട്ടി, പ്രധാനധ്യാപിക ആയിഷാബി പങ്കെടുത്തു.
Next Story

RELATED STORIES

Share it