kannur local

ആദ്യാക്ഷരം നുകരാന്‍ കുരുന്നുകള്‍ ഇന്ന് അറിവിന്‍വെട്ടത്ത്



കണ്ണൂര്‍: കളിചിരിയുടെയും വിനോദങ്ങളുടെയും മധ്യവേനലവധിക്ക് വിട. പഠനവുമായി വിദ്യാര്‍ഥികള്‍ വീണ്ടും ക്ലാസ്്മുറികളിലേക്ക്. അറിവിന്റെ ആദ്യാക്ഷരം നുകരാന്‍ ജില്ലയിലെ കുരുന്നുപ്രതിഭകള്‍ ഇന്ന് വിദ്യാലയങ്ങളിലെത്തും. പുത്തനുടുപ്പും വര്‍ണക്കുടകളും പുത്തന്‍ പുസ്തകങ്ങളുമായി വരുന്നവരെ സ്വീകരിക്കാന്‍ സ്‌കൂളുകള്‍ ഒരുങ്ങിക്കഴിഞ്ഞു. പൂന്തോട്ടം നിര്‍മിച്ചും കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളെ വിവിധ വര്‍ണങ്ങളില്‍ ഭിത്തികളിലും ക്ലാസ്മുറികളിലും വരച്ച് ആകര്‍ഷകമാക്കിയുമാണ് നവാഗതരെ വരവേല്‍ക്കുന്നത്. പ്രവേശനോല്‍സവത്തോടെയാണ് സ്‌കൂളുകളില്‍ പുതിയ അധ്യയനവര്‍ഷം തുടങ്ങുക. മുഴുവന്‍ വിദ്യാലയങ്ങളിലും വൈവിധ്യമായ പരിപാടികളുമായി പ്രവേശനോല്‍സവം അരങ്ങേറും. ഇതിന്റെ ഭാഗമായി പ്രത്യേക അസംബ്ലി, മധുര പലഹാര വിതരണം, പഠനോപകരണ വിതരണം, യൂനിഫോം വിതരണം എന്നിവ നടക്കും. ജില്ലാതല സ്‌കൂള്‍ പ്രവേശനോല്‍സവം രാവിലെ 10ന് കാഞ്ഞിരങ്ങാട് എഎല്‍പി സ്‌കൂളില്‍ സംഗീതജ്ഞന്‍ കൈതപ്രം ദാമോദരന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്യും. മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ക്യാപ്റ്റന്‍ കെ വി ധനേഷ്, ചലചിത്ര-സീരിയല്‍ താരം ബേബി നിരഞ്ജന എന്നിവര്‍ മുഖ്യാതിഥികളാവും. ജെയിംസ് മാത്യു എംഎല്‍എ സന്ദേശം നല്‍കും. വിദ്യാഭ്യാസ വകുപ്പും സര്‍വശിക്ഷാ അഭിയാനുമാണ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്. ജില്ലയിലെ മിക്ക സര്‍ക്കാര്‍ സ്‌കൂളുകളും സ്മാര്‍ട്ട് ആയിക്കഴിഞ്ഞു. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ പുതുതായി പ്രവേശനം നേടിയവരുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനയുണ്ടായതാണ് കണക്കുകള്‍. ആവശ്യത്തിന് ക്ലാസ് സൗകര്യമില്ലാത്ത പല സ്‌കൂളുകളും പ്രവേശന നടപടികള്‍ ഇതിനകം നിര്‍ത്തി. രണ്ട് മുതലുള്ള ക്ലാസുകളിലേക്ക് പുതുതായി പ്രവേശനം നേടിയവരുടെ എണ്ണത്തിലും ഗണ്യമായ വര്‍ധനയുണ്ടായി. പൊതുവിദ്യാലയങ്ങളില്‍ കുട്ടികളെ ചേര്‍ക്കാനുള്ള താല്‍പര്യം രക്ഷകര്‍ത്താക്കളില്‍ കൂടിവരുന്നതിന്റെ ലക്ഷണമാണിത്. സ്‌കൂളുകളുടെ ഗുണനിലവാരവും അടിസ്ഥാനസൗകര്യവും ഉറപ്പുവരുത്താനുള്ള ശ്രമത്തിലാണ് അധികൃതര്‍. പല സ്‌കൂളുകളിലും നാട്ടുകാരുടെയും അധ്യാപകരുടെയും നേതൃത്വത്തില്‍ യാത്രാസൗകര്യത്തിനായി വാഹനങ്ങള്‍ സ്വന്തമായി വാങ്ങിയിട്ടുണ്ട്. ഒന്നുമുതല്‍ അഞ്ചുവരെ ക്ലാസിലെ ഒരോ കുട്ടിക്കും രണ്ടുസെറ്റ് വീതം കൈത്തറി യൂനിഫോം തുണിയാണ് എഇഒമാരുടെ മേല്‍നോട്ടത്തില്‍ വിതരണം ചെയ്തത്. അതും സ്‌കൂളുകള്‍ നിര്‍ദേശിച്ച പ്രകാരമുള്ള 40 വ്യത്യസ്ത നിറത്തില്‍. ഇംഗ്ലീഷ്, ഹിന്ദി ഭാഷകള്‍ക്ക് പ്രത്യേക പരിശീലനത്തിനായി ഭാഷാലാബ് ഉള്‍പ്പെടെ അക്കാദമിക് നിലവാരം ഉയര്‍ത്താനുള്ള ഫലപ്രദമായ പദ്ധതികള്‍ ജില്ലാ പഞ്ചായത്ത് തയ്യാറാക്കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it