ആദ്യവിസില്‍ മുഴങ്ങി; തന്ത്രങ്ങളുമായി പാര്‍ട്ടികള്‍

എച്ച് സുധീര്‍
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് അങ്കത്തട്ടൊരുങ്ങിയതോടെ അധികാരം പിടിക്കാനുള്ള തന്ത്രങ്ങളുമായി മുന്നണികളും പാര്‍ട്ടികളും. അടുത്തയാഴ്ചയോടെ സ്ഥാനാര്‍ഥിനിര്‍ണയം പൂര്‍ത്തിയാക്കി മുന്നണികള്‍ പ്രചാരണത്തിലേക്കു കടക്കും. തിയ്യതി പ്രഖ്യാപിച്ചതോടെ ഇനിയുള്ള ഒരുമാസം സംസ്ഥാനം തിരഞ്ഞെടുപ്പു ചൂടിലാവും. എത്രയും വേഗം സീറ്റുവിഭജനം പൂര്‍ത്തിയാക്കി കളത്തിലിറങ്ങാനാണ് മുന്നണികളുടെ ശ്രമം. നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ വീറും വാശിയുമേറിയ പോരാട്ടത്തിനാവും തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പു സാക്ഷിയാവുക. പ്രാദേശികവിഷയങ്ങളും വ്യക്തിബന്ധങ്ങളുമൊക്കെ ജയത്തെ സ്വാധീനിക്കാമെങ്കിലും പരമാവധി സീറ്റുകള്‍ പിടിച്ചെടുത്ത് താഴേത്തട്ടില്‍ ശക്തി തെളിയിച്ച് നിയമസഭയിലേക്കുള്ള യാത്ര സുഗമമാക്കുന്നതിനുള്ള ശ്രമങ്ങളാണ് അണിയറയില്‍ നടക്കുക.  എന്നാല്‍, മുന്നണിയിലെ ആഭ്യന്തര പ്രശ്‌നങ്ങളും പാര്‍ട്ടികള്‍ക്കുള്ളിലെ തമ്മിലടിയും പരിഹരിച്ച് തിരഞ്ഞെടുപ്പിനെ നേരിടേണ്ട ഗതികേടിലാണ് യു.ഡി.എഫും എല്‍.ഡി.എഫും. മുന്‍കാലങ്ങളെ അപേക്ഷിച്ച് സി.പി.എമ്മിലെ ആഭ്യന്തരപ്രശ്‌നങ്ങള്‍ക്ക് നേരിയ ശമനമുണ്ടെങ്കിലും കോണ്‍ഗ്രസ്സില്‍ തമ്മിലടി രൂക്ഷമാണ്. ഇതേസമയം, എസ്.എന്‍.ഡി.പി, വി.എസ്.ഡി.പി. തുടങ്ങിയ സമുദായ സംഘടനകളെ കൂട്ടുപിടിച്ച് നേട്ടമുണ്ടാക്കാനുള്ള നീക്കത്തിലാണ് ബി.ജെ.പി. എസ്.എന്‍.ഡി.പിയുടെ ബി.ജെ.പി. ബാന്ധവത്തിന്റെ ഫലം തിരഞ്ഞെടുപ്പോടെ വെളിവാകും. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലെ കന്നിമല്‍സരത്തില്‍ ശ്രദ്ധേയമായ മുന്നേറ്റം നടത്തിയ എസ്.ഡി.പി.ഐ. ഇത്തവണയും സജീവമായി രംഗത്തുണ്ട്. പല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും സി.പി.എമ്മിനും കോണ്‍ഗ്രസ്സിനും മുസ്‌ലിംലീഗിനും വെല്ലുവിളി ഉയര്‍ത്തുന്ന സ്ഥിതിയിലേക്ക് ഇതിനോടകം എസ്.ഡി.പി.ഐ. വളര്‍ന്നിട്ടുണ്ട്. അരുവിക്കര ഉപതിരഞ്ഞെടുപ്പിലെ ഫലം വിലയിരുത്തിയുള്ള നീക്കങ്ങളാവും മുന്നണികളും ബി.ജെ.പിയും നടത്തുക. നിരവധി അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും അരുവിക്കരയില്‍ നേടിയ വിജയമാണ് യു.ഡി.എഫിന്റെ ആത്മവിശ്വാസം. ആരോപണങ്ങളുടെ കോട്ടതകര്‍ത്ത് അരുവിക്കരയില്‍ ജയംനേടാമെങ്കില്‍ തദ്ദേശ തിരഞ്ഞെടുപ്പു മാത്രമല്ല, വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പും ജയിച്ചുകയറാമെന്ന് യു.ഡി.എഫ്. കണക്കുകൂട്ടുന്നു. എന്നാല്‍, നിലവിലെ ആഭ്യന്തരപ്രശ്‌നങ്ങളും കോണ്‍ഗ്രസ്സിലെ ഗ്രൂപ്പിസവും യു.ഡി.എഫിനു വെല്ലുവിളിയാണ്. അഴിമതി, പാര്‍ട്ടി പുനസ്സംഘടന തുടങ്ങിയ വിഷയങ്ങളില്‍ കെ.പി.സി.സി. പ്രസിഡന്റ് വി എം സുധീരന്റെ അഭിപ്രായങ്ങളോട് യോജിച്ചുപോവില്ലെന്ന നിലപാടിലാണ് എ, ഐ ഗ്രൂപ്പുകള്‍. കണ്‍സ്യൂമര്‍ ഫെഡ് അഴിമതിയില്‍ സി.ബി.ഐ. അന്വേഷണം വേണമെന്ന സുധീരന്റെ ആവശ്യം പരിഗണിച്ചതു പോലുമില്ല. ഇത്തരം വിവാദങ്ങള്‍ ചൂടുപിടിച്ചപ്പോഴാണ് ബാര്‍ കോഴയില്‍ വിജിലന്‍സിന്റെ വിശ്വാസ്യതയെ ചോദ്യംചെയ്യുന്ന കോടതിവിധി എത്തിയത്. ഈ വിഷയങ്ങളെല്ലാം പരിഹരിച്ച് ഭിന്നാഭിപ്രായമില്ലാതെ സ്ഥാനാര്‍ഥിനിര്‍ണയം നടത്തി പ്രചാരണരംഗത്ത് ഇറങ്ങണമെന്ന ശ്രമകരമായ ജോലിയാണ് യു.ഡി.എഫിനെ കാത്തിരിക്കുന്നത്. അതേസമയം, സി.പി.എമ്മിന്റെ അവസ്ഥയും അത്ര സുഖകരമല്ല. മുന്‍കാലങ്ങളില്‍നിന്നു വ്യത്യസ്തമായി ആഭ്യന്തര പ്രശ്‌നങ്ങള്‍ക്ക് താല്‍ക്കാലിക ശമനമുണ്ടെങ്കിലും പാര്‍ട്ടിയിലെ കൊഴിഞ്ഞുപോക്കാണ് നേതൃത്വത്തെ വലയ്ക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയിലെ വോട്ടു ചോര്‍ച്ചയ്ക്ക് അറുതിവരുത്താനുള്ള ശ്രമമാവും സി.പി.എം. നടത്തുക. പ്രാദേശിക വികസനത്തിനു മുന്‍തൂക്കം നല്‍കി യു.ഡി.എഫിന്റെ ജനദ്രോഹ നയങ്ങളും ഉയര്‍ത്തിയാവും എല്‍.ഡി.എഫിന്റെ പടയൊരുക്കം. പാര്‍ലമെന്റ്, അരുവിക്കര തിരഞ്ഞെടുപ്പുകളിലുണ്ടാക്കിയ മുന്നേറ്റം താഴേത്തട്ടിലും നിലനിര്‍ത്താനാവും ബി.ജെ.പിയുടെ ശ്രമം.
Next Story

RELATED STORIES

Share it