ആദ്യത്തെ ഫോറസ്റ്റ് സര്‍വേ റിക്കാര്‍ഡ്് റൂം കോഴിക്കോട്ട് തുടങ്ങി

കോഴിക്കോട്: സംസ്ഥാനത്തെ ആദ്യത്തെ ഫോറസ്റ്റ് സര്‍വേ റിക്കാര്‍ഡ് റൂം കോഴിക്കോട്ട് പ്രവര്‍ത്തനമാരംഭിച്ചു. സംസ്ഥാനത്താകെയുള്ള വനം സര്‍വേ രേഖകള്‍ ഇവിടെ ശേഖരിച്ച് പ്രിസര്‍വ് ചെയ്ത് സൂക്ഷിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി പൂര്‍ണമായും ശീതീകരിച്ച അത്യാധുനികമായ ഒരു റിക്കാര്‍ഡ് റൂമാണ് മാത്തോട്ടത്ത് ഒരുക്കിയിരിക്കുന്നത്. വനംമന്ത്രി കെ രാജുവാണ് റൂം ഉദ്ഘാടനം ചെയ്തത്. 1971ലെ വെസ്റ്റഡ് ഫോറസ്റ്റ് നിയമപ്രകാരം 80,000 ഹെക്ടര്‍ സ്വകാര്യ വനങ്ങള്‍ സര്‍ക്കാരില്‍ നിക്ഷിപ്തമായിരുന്നു. ഈ ഭൂമി 1976ല്‍ സര്‍വേ ചെയ്ത് നോട്ടിഫൈ ചെയ്തിരുന്നെങ്കിലും ജണ്ട നിര്‍മാണം പൂര്‍ത്തിയായിരുന്നില്ല. അതിര്‍ത്തി നിര്‍ണയിച്ച് ജണ്ട കെട്ടുന്ന പ്രവൃത്തി ത്വരിതഗതിയില്‍ നടക്കുന്നുണ്ട്. കോഴിക്കോട് ആസ്ഥാനമായ മിനി സര്‍വേ വിഭാഗമാണ് സര്‍വേ ജോലികള്‍ ചെയ്യുന്നത്. വനാതിര്‍ത്തി പുനര്‍നിര്‍ണയിക്കുന്നത് പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി മിനി സര്‍വേ വിഭാഗത്തെ ശക്തിപ്പെടുത്തുന്നത് ലക്ഷ്യമിട്ടാണ് സര്‍വേ റിക്കാര്‍ഡ് റൂം തയ്യാറാക്കാന്‍ വനംവകുപ്പ് തീരുമാനമെടുത്തത്. സംസ്ഥാനത്തെ 11,300 സ്—ക്വയര്‍ കിലോമീറ്റര്‍ വരുന്ന വനഭൂമി ഫലപ്രദമായി സംരക്ഷിക്കപ്പെടുന്നതിന് ഈ സംരംഭം പ്രയോജനപ്പെടുമെന്ന് വനംവകുപ്പ് അധികൃതര്‍ പറഞ്ഞു. വനസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും വനഭൂമിയില്‍ കൈയേറ്റങ്ങള്‍ ഇല്ലാതാക്കുന്നതിനും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തുന്നതിനും മിനി സര്‍വേ തയ്യാറാക്കിയ റിക്കാര്‍ഡുകള്‍ ഉപകരിക്കും. രേഖകള്‍ ഇല്ലാത്തതിന്റെ പേരില്‍ വനഭൂമി നഷ്ടപ്പെടുന്നത് കുറയ്ക്കാനും കോടതികളില്‍ വനംവകുപ്പിന് നിയമ സംരക്ഷണം ലഭിക്കാനും സഹായിക്കും.ഫോറസ്റ്റ് മിനി സര്‍വേ ഓഫിസിന് കീഴിലെ സര്‍വേ സൂപ്രണ്ടിന്റെ ഒരു ചെറിയ മുറിയിലാണ് നേരത്തെ ഈ രേഖകള്‍ സൂക്ഷിച്ചിരുന്നത്. പ്രധാനപ്പെട്ട ഇത്തരം രേഖകള്‍ നശിച്ചുപോവാന്‍ സാധ്യതയുള്ളതിനാലാണ് 41.38 ലക്ഷം ചെലവഴിച്ച് വനശ്രീ കോംപൗണ്ടിനകത്ത് റിക്കാര്‍ഡ് റൂം ആരംഭിച്ചത്. പുതുതായി സര്‍വേ പരിശീലനം നേടിയ വനം ഉദ്യോഗസ്ഥരെ കൂടി ഉള്‍പ്പെടുത്തി സര്‍വേ നടപടികള്‍ ത്വരിതപ്പെടുത്തുന്നതിന് 78 ലക്ഷം ചെലവഴിച്ച് ആധുനിക സര്‍വേ ഉപകരണങ്ങള്‍ ലഭ്യമാക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്.

Next Story

RELATED STORIES

Share it