ആദ്യഘട്ട വോട്ടെടുപ്പ് ; ബിഹാറില്‍ 57 ശതമാനം പോളിങ്; സ്ഥാനാര്‍ഥിക്കു നേരെ വെടിവയ്പ്

പട്‌ന: ബിഹാര്‍ നിയമസഭയിലെ 49 മണ്ഡലങ്ങളിലേക്ക് നടന്ന ആദ്യഘട്ട വോട്ടെടുപ്പില്‍ 57 ശതമാനം പോളിങ്. ബി.ജെ.പി. നേതൃത്വം നല്‍കുന്ന എന്‍.ഡി.എയും ജെ.ഡി.യു. നേതൃത്വം നല്‍കുന്ന വിശാല മതേതര സഖ്യവും ജനവിധി തങ്ങള്‍ക്ക് അനുകൂലമാണെന്ന് അവകാശപ്പെട്ടു. 2010ല്‍ ഈ മണ്ഡലങ്ങളില്‍ 51 ശതമാനമായിരുന്നു പോളിങ്. തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണമെന്ന മാവോവാദികളുടെ ആവശ്യം അവഗണിച്ച് ജനങ്ങള്‍ കൂട്ടമായി വോട്ട് ചെയ്യാനെത്തുന്ന കാഴ്ചയായിരുന്നു രാവിലെ മുതല്‍. കൂടുതലും സ്ത്രീകളായിരുന്നു.

ഒറ്റപ്പെട്ട അക്രമങ്ങളൊഴിച്ചാല്‍ വോട്ടെടുപ്പ് സമാധാനപരമായിരുന്നു. ജമുയിയില്‍ എല്‍.ജെ.പി. സ്ഥാനാര്‍ഥി വിജയ്കുമാര്‍ സിങിനെതിരേ ഒരു സംഘം വെടിയുതിര്‍ത്തെങ്കിലും പരിക്കേറ്റില്ല. ഒരാളെ പോലിസ് അറസ്റ്റ് ചെയ്തു. ബാങ്ക, ഭാഗല്‍പൂര്‍ എന്നിവിടങ്ങളിലും സംഘര്‍ഷങ്ങളുണ്ടായി. ആദ്യഘട്ടത്തില്‍ എന്‍.ഡി.എക്കാണ് മുന്‍തൂക്കമെന്ന് ബി.ജെ.പി. നേതാവ് സഞ്ജയ് മയൂഖ് അവകാശപ്പെട്ടു. വിശാല മതേതര സഖ്യത്തിനാണ് ജനം വോട്ട് ചെയ്തതെന്നു ജെ.ഡി.യു. വക്താവ് നവല്‍ ശര്‍മ പറഞ്ഞു. 10 ജില്ലകളിലായിരുന്നു ഇന്നലെ വോട്ടെടുപ്പ്. 16നാണ് രണ്ടാം ഘട്ടം. അതേസമയം, നിരവധി ജില്ലകളിലെ ഗ്രാമീണര്‍ വികസനത്തിന്റെ അഭാവം ചൂണ്ടിക്കാട്ടി വോട്ടെടുപ്പ് ബഹിഷ്‌കരിച്ചു. മാവോവാദി സ്വാധീനമേഖലകളില്‍ 3 മണിക്ക് വോട്ടെടുപ്പ് അവസാനിച്ചു.
Next Story

RELATED STORIES

Share it