Flash News

ആദ്യം തലോടല്‍; പിന്നാലെ കൊടുംവഞ്ചന

നെഞ്ച് പിളരുന്നകീഴാറ്റൂര്‍ - 2- സമദ്  പാമ്പുരുത്തി

ദേശീയപാത ബൈപാസ്, ഗെയില്‍ പൈപ്പ്‌ലൈന്‍ പദ്ധതികള്‍ക്കെതിരേ കേരളത്തില്‍ പലയിടത്തും പ്രതിഷേധങ്ങള്‍ കാണാം. ജനകീയ സമിതികളുടെ നേതൃത്വത്തില്‍ നടക്കുന്ന അത്തരം സമരങ്ങളൊന്നും പറയത്തക്ക പ്രത്യക്ഷ രാഷ്ട്രീയരൂപം കൈവരിച്ചിട്ടില്ല. എന്നാല്‍, കീഴാറ്റൂരില്‍ അതല്ല സ്ഥിതി. സിപിഎം നേതൃത്വത്തിന്റെയും എ ല്‍ഡിഎഫ് സര്‍ക്കാരിന്റെയും നിലപാടിനെതിരേ പ്രവര്‍ത്തകരും അനുഭാവികളും തന്നെയാണ് ചെങ്കൊടിയേന്തി വയലിലുള്ളത്. പാര്‍ട്ടിഗ്രാമത്തില്‍ നേതൃത്വത്തിന്റെ ശാസനകള്‍ തള്ളി പ്രവര്‍ത്തകര്‍ നടത്തുന്ന സമരം.
ഇതാണ് ആദ്യഘട്ടത്തില്‍ രാഷ്ട്രീയത്തിന്റെ കണ്ണാടിയിലൂടെ കീഴാറ്റൂരിനെ കാണാന്‍ പലരും ശ്രമിച്ചത്. പിന്നീടാണ് പരിസ്ഥിതി സംരക്ഷണത്തിന്റെ രൂപത്തില്‍ സമരം ഗതിമാറിയത്. സിപിഎമ്മിനെ അടിക്കാന്‍ മുട്ടന്‍ വടിയായി കണ്ട് എതിരാളികള്‍ അതിനെ ഉപയോഗപ്പെടുത്തി. പാര്‍ട്ടി കുലുങ്ങിയില്ല. തുടക്കത്തില്‍ കീഴാറ്റൂരുകാരുടെ ആശങ്കകള്‍ക്ക് ചെവിക്കൊടുത്തിരുന്നു നേതൃത്വം. പിന്നീടാണ് നിലപാടു മാറ്റിയത്. പരാതികള്‍ നല്‍കിയിട്ടും ഫലമുണ്ടായില്ല. ഇതാണ് പാര്‍ട്ടിഗ്രാമത്തെ പൊട്ടിത്തെറിയിലേക്കു നയിച്ചത്.
വികസനമോഹികളും പരിസ്ഥിതിവാദികളും എന്ന രീതിയില്‍ പാര്‍ട്ടിയെയും നാടിനെയും നെടുകെ പിളര്‍ത്തിയ ഈ സ്‌ഫോടനത്തിന്റെ ചാരത്തി ല്‍നിന്ന് വയല്‍ക്കിളികള്‍ എന്ന പേരില്‍ കര്‍ഷക കൂട്ടായ്മ ഉയര്‍ന്നുവന്നു. സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി സുരേഷ് കീഴാറ്റൂരിന്റെ നേതൃത്വത്തില്‍ പാര്‍ട്ടി അംഗങ്ങളും വര്‍ഗ ബഹുജന സംഘടനാ നേതാക്കളില്‍ ചിലരും തിരുത്തല്‍ശക്തിയായി രംഗത്തിറങ്ങി.
ഇതിനകം ഉന്നതതലത്തിലും പ്രാദേശികമായും നിരവധി ചര്‍ച്ചകള്‍ നടന്നു. ഗുണപരമായ അനുരഞ്ജനശ്രമങ്ങ ള്‍ക്കും ഒത്തുതീര്‍പ്പുകള്‍ക്കും അവസരങ്ങള്‍ നിരവധിയുണ്ടായിട്ടും അതിന്റെ വാതിലുകള്‍ ഒന്നും തുറന്നില്ല. വികസനത്തിന്റെ ഗുണദോഷങ്ങള്‍ ജനങ്ങളെ ആത്മാര്‍ഥമായി ബോധ്യപ്പെടുത്താന്‍ ആരും തുനിഞ്ഞില്ല. ഒരുഭാഗത്ത് സര്‍ക്കാര്‍ പാറപോലെ ഉറച്ചുനിന്നു. മറുവശത്ത് ആകാശത്തുക്കൂടി ദേശീയപാത വരില്ലെന്നും വികസനത്തിനായി ഭൂമി വിട്ടുനല്‍കണമെന്നും പാര്‍ട്ടിനേതൃത്വം ശഠിച്ചു. രൂപരേഖ മാറ്റാനാവില്ലെന്ന ഉറച്ച നിലപാടിലായിരുന്നു ഉദ്യോഗസ്ഥ ര്‍. വയല്‍ക്കിളികളില്‍ അതൃപ്തി രൂക്ഷമായി.
ഇതോടെയാണ് അവര്‍ സമരം ആരംഭിച്ചത്. സുരേഷ് കീഴാറ്റൂരിനെ സമരനായകനായി തിരഞ്ഞെടുത്തു. വയലില്‍ സമരപ്പന്തല്‍ കെട്ടി 2017 സപ്തംബര്‍ 10ന് സുരേഷ് നിരാഹാരം തുടങ്ങി. ആരോഗ്യനില വഷളായ അദ്ദേഹത്തെ 12 ദിവസത്തിനുശേഷം പോലിസ് അറസ്റ്റ് ചെയ്തു നീക്കി. തുടര്‍ന്ന് കര്‍ഷകത്തൊഴിലാളിയായ 72കാരി നമ്പ്രാടത്ത് ജാനകി നിരാഹാരം തുടങ്ങി. പിന്നീട് അവരെയും അറസ്റ്റ് ചെയ്തു. തുടര്‍ന്ന് സി മനോഹരന്‍ നിരാഹാരം കിടന്നു. എല്ലാം കൈവിട്ടുപോവുമെന്ന അവസ്ഥയിലായി പിന്നീട് കാര്യങ്ങള്‍. ഇതോടെ സര്‍ക്കാരും പാര്‍ട്ടിയും ആത്മപരിശോധന നടത്തുമെന്ന തോന്നലുണ്ടായി.
സപ്തംബര്‍ 28ന് സമരക്കാര്‍ സിപിഎം നേതാക്കളുടെ സാന്നിധ്യത്തില്‍ പൊതുമരാമത്ത് മന്ത്രി ജി സുധാകരനുമായി നടത്തിയ നിര്‍ണായക ചര്‍ച്ചയില്‍ ഭൂമിയേറ്റെടുക്കല്‍ വിജ്ഞാപനം ഇറക്കുന്നത് നിര്‍ത്തിവച്ചു. സമവായം ഉണ്ടാവുന്നതുവരെ വിജ്ഞാപനം ഇറക്കില്ലെന്നും ബദല്‍ സാധ്യതകള്‍ പരിശോധിക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ കീഴാറ്റൂര്‍ സന്ദര്‍ശിക്കുമെന്നും മന്ത്രി പറഞ്ഞു. വയലും നീര്‍ത്തടവും സംരക്ഷിച്ച് ബദല്‍മാര്‍ഗം സാധ്യമാണോ എന്നു പരിശോധിക്കും. സമിതിയുടെ റിപോര്‍ട്ട് പരിഗണിച്ച ശേഷമേ തുടര്‍നടപടി ഉണ്ടാവൂ എന്നും സിപിഎം ജില്ലാ സെക്രട്ടറിയെയും ദേശീയപാത ഉദ്യോഗസ്ഥരെയും സാക്ഷിയാക്കി മന്ത്രി ഉറപ്പുനല്‍കി. ഇതോടെ വയല്‍ക്കിളികള്‍ സന്തോഷത്തിലായി. ഒരുമാസം നീണ്ട സമരം അവസാനിപ്പിക്കാന്‍ അവര്‍ തയ്യാറായി. പ്രശ്‌നങ്ങള്‍ പര്യവസാനിച്ചെന്ന പ്രതീതി.
എന്നാല്‍, സര്‍ക്കാരിന്റെ ഉറപ്പിന് ആയുസ്സ് നന്നേ കുറവായിരുന്നു. ഒരു വിദഗ്ധസമിതിയും രൂപീകരിച്ചില്ല. ഉദ്യോഗസ്ഥരാരും കീഴാറ്റൂരിലേക്ക് തിരിഞ്ഞുനോക്കിയില്ല. വയല്‍ നികത്തി തന്നെ ബൈപാസ് നിര്‍മിക്കാന്‍ 2018 ജനുവരി നാലിന് കേന്ദ്രസര്‍ക്കാര്‍ അന്തിമ വിജ്ഞാപനം പുറപ്പെടുവിച്ചു. നേരത്തേ സര്‍വേ നടത്തിയ ഏജന്‍സി നല്‍കിയ രേഖ അതുപോലെ അംഗീകരിക്കുന്നതായിരുന്നു വിവാദ വിജ്ഞാപനം. ഇവിടെ നിന്നു തുടങ്ങുന്നു സര്‍ക്കാരും പാര്‍ട്ടിയും ദേശീയപാത അതോറിറ്റിയും ചേര്‍ന്ന് കീഴാറ്റൂരിലെ കര്‍ഷകരെ വഞ്ചിച്ച കഥകള്‍. വയല്‍ക്കിളികളുടെ അതിജീവന പോരാട്ടഗാഥകളും.

(അവസാനിക്കുന്നില്ല)
Next Story

RELATED STORIES

Share it