Cricket

ആദ്യം തകര്‍ത്തു, പിന്നെ തകരുന്നു..കേപ്ടൗണില്‍ ഇന്ത്യ നാണക്കേടിലേക്ക്

ആദ്യം തകര്‍ത്തു, പിന്നെ തകരുന്നു..കേപ്ടൗണില്‍ ഇന്ത്യ നാണക്കേടിലേക്ക്
X


കേപ്ടൗണ്‍: വിജയമോഹങ്ങളുടെ മനക്കോട്ട കെട്ടി ദക്ഷിണാഫ്രിക്കയിലേക്ക് വണ്ടികയറിയ ഇന്ത്യ ഭയപ്പെട്ടത് തന്നെ സംഭവിച്ചു. ദക്ഷിണാഫ്രിക്കയുടെ പേസ് ബൗളിങിന് മുന്നില്‍ ഇന്ത്യയുടെ മുന്‍നിര മൂക്കും കുത്തി വീണതോടെ ആദ്യ ദിനം കളി പിരിയുമ്പോള്‍ ഇന്ത്യ 11 ഓവറില്‍ മൂന്ന് വിക്കറ്റിന് 28 റണ്‍സെന്ന നിലയിലാണ്. ചേതേശ്വര്‍ പുജാര (5), രോഹിത് ശര്‍മ (0) എന്നിവരാണ് ക്രീസില്‍. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ഭുവനേശ്വര്‍ കുമാറിന്റെ നാല് വിക്കറ്റ് പ്രകടനത്തിന് മുന്നില്‍ ഒന്നാം ഇന്നിങ്‌സില്‍  286 റണ്‍സിന് കൂടാരം കയറിയിരുന്നു.
ആതിഥേയരെ താരതമ്യേനെ ചെറിയ സ്‌കോറില്‍ ഒതുക്കിയ ആത്മവിശ്വാസത്തില്‍ ബാറ്റിങിനിറങ്ങിയ ഇന്ത്യക്ക് സ്‌കോര്‍ബോര്‍ഡില്‍ 16 റണ്‍സ് കൂട്ടിച്ചേര്‍ത്തപ്പോഴേക്കും ആദ്യ വിക്കറ്റ് നഷ്ടമായി. മുരളി വിജയിയെ (1) ഫിലാണ്ടര്‍ സ്ലിപ്പില്‍ എല്‍ഗറിന്റെ കൈകളിലെത്തിക്കുകയായിരുന്നു.  തൊട്ടുപിന്നാലെ മികച്ച രീതിയില്‍ ബാറ്റ് വീശുകയായിരുന്ന ശിഖര്‍ ധവാനെ (16) ഡെയ്ല്‍ സ്റ്റെയിന്‍ മടക്കി. സ്റ്റെയിനെ പുള്‍ ഷോട്ടിന് ശ്രമിച്ച ധവാന്‍ റിട്ടേണ്‍ ക്യാച്ചിലൂടെ മടങ്ങുകയായിരുന്നു. ഹോം സീസണില്‍ മിന്നും പ്രകടം കാഴ്ചവച്ച ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി (5) മോണി മോര്‍ക്കലും മടക്കിയതോടെ ഇന്ത്യ തകര്‍ച്ചയെ മുന്നില്‍ കണ്ടു. എന്നാല്‍ ആദ്യ ദിനം കൂടുതല്‍ അപകടം വരുത്താതെ പുജാരയും രോഹിതും ചേര്‍ന്ന് ചെറുത്തുനിന്നു. ദക്ഷിണാഫ്രിക്കന്‍ നിരയില്‍ ഫിലാണ്ടര്‍, സ്റ്റെയിന്‍, മോര്‍ക്കല്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതം പങ്കിട്ടു.
നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കയെ ഞെട്ടിക്കുന്ന ബൗളിങ് പ്രകടനമാണ് ഇന്ത്യ പുറത്തെടുത്തത്. ഇന്നിങ്‌സില്‍ 12 റണ്‍സ് കൂട്ടിച്ചേര്‍ക്കുമ്പോഴേക്കും മൂന്ന് ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്‍മാര്‍ കൂടാരം കയറി.സ്വിങ് ബൗളിങുമായി കളം നിറഞ്ഞ ഭുവനേശ്വര്‍ കുമാറിന് മുന്നില്‍ ആദ്യം മുട്ടുമടക്കിയത് ഡീന്‍ എല്‍ഗറാണ് (0). വൃധിമാന്‍ സാഹയ്ക്ക് ക്യാച്ച് സമ്മാനിച്ചായിരുന്നു എല്‍ഗറിന്റെ മടക്കം. അധികം വൈകാതെ എയ്ഡന്‍ മാര്‍ക്കറാമിനെ (5) ഭുവനേശ്വര്‍ എല്‍ബിയില്‍ കുരുക്കി. മൂന്നാമന്‍ ഹാഷിം അംലയെയും (3) നിലയുറപ്പിക്കും മുമ്പേ ഭുവനേശ്വര്‍ മടക്കി ആതിഥേയരെ ഞെട്ടിച്ചു. വന്‍ തകര്‍ച്ചയെ മുന്നില്‍കണ്ട ദക്ഷിണാഫ്രിക്കയ്ക്ക്  നാലാം വിക്കറ്റില്‍ എബി ഡിവില്ലിയേഴ്‌സ് (65) ഫഫ് ഡുപ്ലെസിസ് (62) കൂട്ടുകെട്ടാണ് കരുത്തായത്. ഇരുവരും ചേര്‍ന്ന് 114 റണ്‍സാണ് നാലാം വിക്കറ്റില്‍ ദക്ഷിണാഫ്രിക്കയ്ക്ക് സമ്മാനിച്ചത്. ഇരുവരും ചേര്‍ന്ന് മികച്ച രീതിയില്‍ മുന്നേറവെ ഡിവില്ലിയേഴ്‌സിനെ മടക്കി ജസ്പ്രീത് ബൂംറ ഇന്ത്യയുടെ രക്ഷകനായി. അരങ്ങേറ്റ മല്‍സരത്തിനിറങ്ങിയ ബൂംറ ഡിവില്ലിയേഴ്‌സിനെ ക്ലീന്‍ ബൗള്‍ഡ് ചെയ്യുകയായിരുന്നു. പിന്നീട് ഡുപ്ലെസിസിനെ ഹര്‍ദിക് പാണ്ഡ്യ മടക്കിയപ്പോള്‍ ക്വിന്റന്‍ ഡീ കോക്കിനെ (43) ഭുവനേശ്വര്‍ കുമാറും ഗാലറിയേക്ക് അയച്ചു. മധ്യനിരയില്‍ ഫിലാണ്ടര്‍ (23) കേശവ് മഹാരാജ് (35), കഗിസോ റബാദ (26) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ഇന്ത്യന്‍ നിരയില്‍ ആര്‍ അശ്വിന്‍ രണ്ടും ഷമി, ബൂംറ, ഹര്‍ദിക് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തിയ ഭുവനേശ്വര്‍ കുമാറിന് മികച്ച പിന്തുണയേകി.
Next Story

RELATED STORIES

Share it