wayanad local

ആദിവാസി സ്ത്രീകള്‍ വീണ്ടും കുത്തിയിരിപ്പ് സമരം നടത്തി

മാനന്തവാടി: വള്ളിയൂര്‍ക്കാവ് റോഡിലെ ബിവറേജസ് ഔട്ട്‌ലെറ്റിന് മുന്നില്‍ ആദിവാസി ഫോറത്തിന്റെ നേതൃത്വത്തില്‍ നടത്തിവരുന്ന അനിശ്ചിതകാല സമരത്തില്‍ പങ്കെടുക്കുന്ന ആദിവാസി സ്ത്രീകള്‍ വീണ്ടും പോലിസ് സ്റ്റേഷനില്‍ കുത്തിയിരിപ്പ് സമരം നടത്തി. പിരിഞ്ഞുപോവാന്‍ തയ്യാറാവാതിരുന്ന ഇവരെ പിന്നീട് കോടതിയില്‍ ഹാജരാക്കി ജാമ്യത്തില്‍ വിട്ടു.
സമരക്കാര്‍ക്കെതിരായ ആക്രമണങ്ങളില്‍ നടപടിയെടുക്കാത്തതിലും സമരപ്പന്തല്‍ നിരന്തരം തകര്‍ത്തിട്ടും കുറ്റക്കാര്‍ക്കെതിരേ പോലിസ് ചെറുവിരലനക്കാത്തതിലും പ്രതിഷേധിച്ച് വ്യാഴാഴ്ച സിഐ ഓഫിസിന് മുന്നില്‍ ആദിവാസി സ്ത്രീകള്‍ സമരം നടത്തിയിരുന്നു. തുടര്‍ന്ന് സമരക്കാരുടെ അടുപ്പ് പൊളിച്ചതിനെതിരേ കേസെടുക്കാമെന്നും പകരം അടുപ്പ് നിര്‍മാണത്തിന് പോലിസ് സംരക്ഷണം നല്‍കാമെന്നും സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സമരസഹായസമിതി നേതാക്കള്‍ക്ക് ഉറപ്പുനല്‍കി. എന്നാല്‍, പോലിസ് ഇതിനു തയ്യാറായില്ലെന്നു സമരക്കാര്‍ ആരോപിച്ചു. അതിനിടെ, ഇന്നലെ രാവിലെ ബിവറേജസിലേക്ക് വന്ന ലോഡ് ഇറക്കാന്‍ സമരക്കാര്‍ സമ്മതിച്ചില്ല. ഇതേത്തുടര്‍ന്ന് സ്ഥലത്തെത്തിയ പോലിസ് മുഴുവന്‍ സമരക്കാരെയും കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. 11ഓടെ സ്റ്റേഷനിലെത്തിച്ച ഇവരെ രണ്ടു മണിക്കൂറിന് ശേഷം പോവാന്‍ അനുവദിച്ചെങ്കിലും സമരക്കാര്‍ സ്റ്റേഷനില്‍ തന്നെ കുത്തിയിരിക്കുകയായിരുന്നു. വൈകീട്ട് അഞ്ചോടെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ സ്ത്രീകളെ ജാമ്യത്തില്‍ വിട്ടു. ഇതിനിടെ, സമരക്കാരെ ആക്രമിച്ച സംഭവത്തിലെ പ്രതികളെ പിടികൂടാത്തതിലും സമരക്കാരെ അന്യായമായി കസ്റ്റഡിയിലെടുത്ത സംഭവത്തിലും ആദിവാസി സ്ത്രീകള്‍ ട്രൈബല്‍ ഓഫിസര്‍ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത് പ്രതികളെ കണ്ടെത്താന്‍ എസ്എംഎസ് ഡിവൈഎസ്പിക്ക് ടിഡിഒ നിര്‍ദേശം നല്‍കി. സംഭവവുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍ക്കും ടിഡിഒ റിപോര്‍ട്ട് നല്‍കി.
86 ദിവസം പിന്നിട്ട സമരം കൂടുതല്‍ ആദിവാസി സ്ത്രീസാന്നിധ്യം കൊണ്ട് ശക്തമാവുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ഗാന്ധിദര്‍ശന്‍ വേദി നേതാക്കളായ ഇ ശ്രീധരന്‍ മാസ്റ്റര്‍, മംഗലശ്ശേരി മാധവന്‍ മാസ്റ്റര്‍, മദ്യനിരോധന സമിതി നേതാവ് യൂസുഫ് നദ്‌വി, സാമൂഹിക പ്രവര്‍ത്തകനായ നര്‍ഗീസ് സമരപ്പന്തലിലെത്തിയിരുന്നു. വരുംദിവസങ്ങളില്‍ ഗോത്രമഹാസഭാ നേതാവ് ഗീതാനന്ദന്‍ ഉള്‍പ്പെടെയുള്ളവര്‍ സമരത്തിന് പിന്തുണയുമായെത്തുമെന്നാണ് വിവരം.
Next Story

RELATED STORIES

Share it