ആദിവാസി വിദ്യാര്‍ഥിനിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ കൈക്കൂലി;  ആരോപണം അന്വേഷിക്കും: ആര്‍ഡിഒ

കൊല്ലം: ആദിവാസി വിദ്യാര്‍ഥിനിയുടെ മൃതദേഹം പോസ്റ്റുമാര്‍ട്ടം ചെയ്യാന്‍ കൈക്കൂലി നല്‍കാത്തതിനെ തുടര്‍ന്ന് മണിക്കൂറുകളോളം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ കിടത്തിയ സംഭവം വിവാദത്തില്‍. പ്രശ്‌നത്തില്‍ ആര്‍ഡിഒ ഇടപെട്ടതിനെ തുടര്‍ന്ന് ഇന്നലെ രാവിലെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ മൃതദേഹം പോസ്റ്റുമാര്‍ട്ടം ചെയ്തു.
പോസ്റ്റുമാര്‍ട്ടം ചെയ്യുന്നതിന് ആശുപത്രി ജീവനക്കാര്‍ കൈക്കൂലി ചോദിച്ചെന്ന ആരോപണം അന്വേഷിക്കുമെന്ന് ആര്‍ഡിഒ എം വിശ്വനാഥന്‍ അറിയിച്ചു. ശനിയാഴ്ച രാവിലെയാണ് കലക്ടറേറ്റിനു സമീപം എന്‍ജിഒ ക്വാര്‍ട്ടേഴ്‌സിലെ എസ് 9ല്‍ താമസിക്കുന്ന ഉള്ളാടന്‍ ആദിവാസി സമൂഹത്തില്‍പെട്ട ചേ ര്‍ത്തല പാണാവള്ളി കൊല്ലപറമ്പില്‍ കെ വി ഷാജിയുടെ മകള്‍ ഷാനി(19)യെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ജില്ലാ ആശുപത്രിയിലെത്തിച്ച മൃതദേഹം പോസ്റ്റുമാര്‍ട്ടം ചെയ്യുന്നതിനും ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുമായി 3,500 രൂപ നല്‍കണമെന്ന് മോര്‍ച്ചറി ജീവനക്കാര്‍ ആവശ്യപ്പെട്ടതായി ഷാജി ആരോപിച്ചു. മരണത്തില്‍ ദുരൂഹതയുണ്ടെന്നും ജില്ലാ ആശുപത്രിയില്‍ പോലിസ് സര്‍ജനില്ലാത്തതിനാല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍തന്നെ മൃതദേഹം പോസ്റ്റുമാര്‍ട്ടം ചെയ്യണമെന്നും ജീവനക്കാര്‍ പറഞ്ഞു.
ഇതിന് 10,000 ചെലവ് വരുമെന്നും ആശുപത്രി ജീവനക്കാര്‍ അറിയിച്ചു. പണം നല്‍കാതിരുന്നതോടെ മൃതദേഹം ഇന്നലെ രാവിലെ വരെ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍തന്നെ കിടത്തി.
കൊല്ലം വെസ്റ്റ് എസ്‌ഐ ഗിരീഷിന്റെ നേതൃത്വത്തില്‍ പോലിസ് ഇന്നലെ രാവിലെ മോര്‍ച്ചറിയില്‍നിന്ന് മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയിലേയ്ക്ക് കൊണ്ടു പോവാന്‍ എത്തിയെങ്കിലും ബന്ധുക്കളും ഡിഎച്ച്ആര്‍എം പ്രവര്‍ത്തകരും സമ്മതിച്ചില്ല. ദലിത് വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സൗജന്യമായി ആംബുലന്‍സ് ഉള്‍പ്പടെ വിട്ടുനല്‍കേണ്ട ആശുപത്രി അധികൃതര്‍ ഇത് നിഷേധിക്കുകയും കൈക്കൂലി ആവശ്യപ്പെടുകയും ചെയ്തതിനെ തുടര്‍ന്നായിരുന്നു പ്രതിഷേധം. ഇതോടെയാണ് ആര്‍ഡിഒ എം വിശ്വനാഥന്‍ സ്ഥലത്തെത്തിയത്. സംശയാസ്പദമായ സാഹചര്യത്തിലുള്ള മരണമായതിനാല്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തന്നെ പോസ്റ്റ്‌മോര്‍ട്ടം നടത്തണമെന്ന് അദ്ദേഹം ബന്ധുക്കളോട് പറഞ്ഞു.
പെണ്‍കുട്ടിയുടെ അച്ഛനോട് മോര്‍ച്ചറി ഉദ്യോഗസ്ഥന്‍ കൈക്കൂലി ചോദിച്ച കാര്യം അന്വേഷിക്കുമെന്നും കുറ്റം തെളിഞ്ഞാല്‍ ജീവനക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും ആര്‍ഡിഒ ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് മൃതദേഹം വിട്ടു നല്‍കിയത്. കൊല്ലം എസ്എന്‍ കോളജിലെ മൂന്നാം വര്‍ഷ ബിഎ ഇംഗ്ലീഷ് വിദ്യാഥിനിയായിരുന്നു ഷാനി.
Next Story

RELATED STORIES

Share it