wayanad local

ആദിവാസി വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്കിന് കുറവില്ല

സുല്‍ത്താന്‍ ബത്തേരി: വര്‍ഷംതോറും പുതിയ പദ്ധതികള്‍ നടപ്പാക്കിയിട്ടും ജില്ലയില്‍ ആദിവാസി വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് തടയാനാവുന്നില്ല. സര്‍ക്കാര്‍ പഠിച്ചപണി പതിനെട്ടും പയറ്റിയിട്ടും മടിയന്മാരായ കുട്ടികളെ സ്‌കൂളിലെത്തിക്കാനാവുന്നുമില്ല.
കോളനികളില്‍നിന്നു സ്‌കൂള്‍ വരെ വാഹനസൗകര്യം എര്‍പ്പെടുത്തിയ പദ്ധതിയില്‍ വലിയ പ്രതീക്ഷയുണ്ടായിരുന്നെങ്കിലും പല കാരണങ്ങളാല്‍ ഇതും പാതിവഴിയില്‍ ഉപേക്ഷിച്ചു. സര്‍വശിക്ഷാ അഭിയാന്‍ കഴിഞ്ഞമാസം ജില്ലയിലെ കോളനികളില്‍ നടത്തിയ സര്‍വേയില്‍ 1,463 കുട്ടികള്‍ സ്‌കൂളില്‍ പോവുന്നില്ലെന്നു കണ്ടെത്തി. ഇതില്‍ 1,394 പേര്‍ പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചവരാണ്. 63 പേര്‍ സ്‌കൂളിന്റെ പടിപോലും കയറിയിട്ടില്ല.
കുട്ടികളുടെ കൊഴിഞ്ഞുപോക്കില്‍ സംസ്ഥാനത്ത് വയനാടിനാണ് ഒന്നാംസ്ഥാനം. രണ്ടാംസ്ഥാനത്ത് പാലക്കാടും. ജില്ലയില്‍ പണിയ, കാട്ടുനായ്ക്ക വിഭാഗത്തിലുള്ള കുട്ടികളാണ് സ്‌കൂളില്‍ പോവാത്തവരേറെയും. സ്‌കൂളില്‍ പോവുന്നതിനേക്കാള്‍ എളുപ്പം ജോലികള്‍ക്കിറങ്ങുകയാണെന്ന തോന്നലാണ് കുട്ടികളെ വിദ്യാഭ്യാസത്തില്‍ നിന്നകറ്റുന്നത്. തുച്ഛമായ കൂലിയും ലഹരിവസ്തുക്കളും നല്‍കി കുട്ടികളെ ജോലിയെടുപ്പിക്കാന്‍ ആളുകളുണ്ട്. ആദിവാസി കുട്ടികളുടെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യംവച്ച് ജില്ലാ കലക്ടര്‍ വി കേശവേന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള 'സീറോ ഡ്രോപ് ഔട്ട്' പദ്ധതി ജില്ലയില്‍ ആരംഭിച്ചിട്ടുണ്ട്. 'എല്ലാവരും സ്‌കൂളിലേക്ക്' എന്ന മുദ്രാവാക്യമുയര്‍ത്തുന്ന പദ്ധതി എസ്എസ്എയുടെ മേല്‍നോട്ടത്തിലാണ് നടപ്പാക്കുന്നത്. കുട്ടികളുടെ വിദ്യാഭ്യാസ പുരോഗതി വിലയിരുത്താന്‍ 26 എജ്യുക്കേഷന്‍ വോളന്റിയര്‍മാരെ നിയമിച്ചു.
പട്ടികജാതി-വര്‍ഗ വിഭാഗത്തില്‍ നിന്ന് പ്ലസ്ടു മുതല്‍ ബിരുദം വരെ യോഗ്യതയുള്ളവരാണ് ഇവര്‍. വിദ്യാഭ്യാസം നേടേണ്ടതിനെക്കുറിച്ച് കോളനികള്‍ കേന്ദ്രീകരിച്ച് ഇവര്‍ ക്ലാസെടുക്കും.
ഒക്ടോബറില്‍ 206 കുട്ടികളെ ഇത്തരത്തിലുളള ബോധവല്‍ക്കരണത്തിലൂടെ സ്‌കൂളിലെത്തിക്കാന്‍ ഇവര്‍ക്കു സാധിച്ചു. ഇവരെ കൂടാതെ ആശാവര്‍ക്കര്‍മാര്‍, ട്രൈബല്‍ പ്രമോട്ടര്‍മാര്‍, നോഡല്‍ ഓഫിസര്‍മാര്‍ എന്നിവരും പദ്ധതിയുടെ ഭാഗമാണ്. ട്രൈബല്‍, ജനമൈത്രി പോലിസ്, തൊഴില്‍ വകുപ്പുകള്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചാല്‍ അടുത്ത അധ്യയന വര്‍ഷത്തോടെ ഈ പ്രശ്‌നത്തിനു പരിഹാരം കാണാനാവുമെന്ന് എസ്എസ്എ ജില്ലാ പ്രോഗ്രാം ഓഫിസര്‍ എം ഒ സജി പറഞ്ഞു.
Next Story

RELATED STORIES

Share it