Flash News

ആദിവാസി വികസനം : പട്ടികവര്‍ഗ ജനവിഭാഗങ്ങള്‍ക്ക് പങ്കാളിത്തമില്ല - കോടിയേരി



ചാലക്കയം(പത്തനംതിട്ട): കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ചെലവഴിക്കുന്ന കോടിക്കണക്കിനു രൂപ ആദിവാസികളിലെത്തുന്നില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ചാലക്കയത്ത് മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടത്തട്ടുകാര്‍ തട്ടിയെടുക്കുന്ന കോണ്‍ട്രാക്റ്റ് സംസ്‌കാരമാണ് ആദിവാസി വികസന പദ്ധതികളില്‍ നിലനില്‍ക്കുന്നത്. ഇപ്പോള്‍ നടപ്പാക്കുന്ന വികസന പദ്ധതികളില്‍ പട്ടികവര്‍ഗ ജനവിഭാഗങ്ങള്‍ക്കു പങ്കാളിത്തമില്ല. ആരോ തയ്യാറാക്കുന്ന പദ്ധതികള്‍ പട്ടികവര്‍ഗ ജനവിഭാഗങ്ങള്‍ക്കു മേ ല്‍ അടിച്ചേല്‍പ്പിക്കുകയാണു ചെയ്യുന്നത്. ഇതിനൊരു മാറ്റം വരണം. ഇതിന്റെ ഭാഗമായാണു പാലക്കാട് പ്ലീനത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ പട്ടികവിഭാഗങ്ങളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ സിപിഎം തീരുമാനിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  അതേസമയം രാജ്യം കാക്കുന്ന പട്ടാളക്കാരെ താന്‍ അപമാനിച്ചെന്ന ബിജെപി, ആര്‍എസ്എസ് പ്രചാരണം അസംബന്ധമാണെന്നു കോടിയേരി പറഞ്ഞു. സൈന്യത്തിനെതിരേ താന്‍ ഒന്നും പറഞ്ഞിട്ടില്ല. സംസ്ഥാനങ്ങളില്‍ സൈന്യത്തിന് പ്രത്യേക അധികാരങ്ങള്‍ നല്‍കുന്ന നിയമം (അഫ്‌സ്പ) നടപ്പാക്കിയ സംസ്ഥാനങ്ങളില്‍ പട്ടാളക്കാര്‍ വ്യാപകമായ അക്രമങ്ങള്‍ നടത്തിയിട്ടുണ്ടെന്നാണു താന്‍ പറഞ്ഞത്. ഇത് പ്രസംഗം കേട്ടവര്‍ക്കു മനസ്സിലാവും. ചില മാധ്യമങ്ങള്‍ അതു ശരിയായി റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ നിയമം നടപ്പാക്കിയ സ്ഥലങ്ങളിലെല്ലാം ജനം പട്ടാളവുമായി ഏറ്റുമുട്ടി. മണിപ്പൂരില്‍ ഇറോം ശര്‍മിളയുടെ പോരാട്ടം അറിയാമല്ലോയെന്നും കോടിയേരി ചോദിച്ചു. അതേസമയം ബീഫ് നിരോധിക്കാനുള്ള കേന്ദ്ര തീരുമാനം രാജ്യത്ത് സാമുദായിക വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കാനാണെന്നും അദ്ദേഹം ചാലക്കയത്ത് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടി യായി പറഞ്ഞു.
Next Story

RELATED STORIES

Share it