ആദിവാസി യുവാവ് ആശുപത്രിയില്‍ ചികില്‍സ കിട്ടാതെ മരിച്ചു

തലശ്ശേരി: ആദിവാസി യുവാവ് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികില്‍സ കിട്ടാതെ മരിച്ചു. ഇരിട്ടി കൂട്ടുപുഴ പേരട്ട നരിമട കോളനിയിലെ രാജു(46)ആണ് ഇന്നലെ പുലര്‍ച്ചെ തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ മരിച്ചത്. ശ്വാസംമുട്ടല്‍ അുഭവപ്പെട്ടതിനെ തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെ ഇരിട്ടി ഗവ. ആശുപത്രിയില്‍ ചികില്‍സ തേടിയ രാജുവിനെ അസുഖം മൂര്‍ച്ഛിച്ചതിനാല്‍ ഉച്ചയോടെ തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാ ല്‍, ചികില്‍സകളൊന്നും നല്‍കിയില്ലെന്ന് രാജുവിന്റെ ഭാര്യ സീമ ആരോപിച്ചു.
രാത്രിയോടെ അസുഖം മൂര്‍ച്ഛിച്ച വിവരം ഡ്യൂട്ടി നഴ്‌സിനോട് പറഞ്ഞെങ്കിലും ഡോക്ടര്‍മാര്‍ പരിശോധിക്കാനോ ചികില്‍സ നല്‍കാനോ തയ്യാറായില്ല. തുടര്‍ന്ന് ഇന്നലെ പുലര്‍ച്ചെ അഞ്ചോടെ മരിക്കുകയായിരുന്നു. വിവരമറിഞ്ഞ് മാധ്യമപ്രവര്‍ത്തകര്‍ എത്തിയപ്പോഴാണ് മൃതദേഹം വാര്‍ഡില്‍നിന്ന് മാറ്റാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായത്. ആശുപത്രി വികസന സമിതി അംഗങ്ങളും സൂപ്രണ്ടും മറ്റും ചേര്‍ന്ന് മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യാതെ ആശുപത്രി ആംബുലന്‍സില്‍ നാട്ടിലേക്കയച്ചു. സംഭവമറിഞ്ഞ് എത്തിയവരും ആശുപത്രി അധികൃതരും തമ്മില്‍ വാക്കേറ്റമുണ്ടായി.
തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ കിടത്തിച്ചികില്‍സയ്ക്ക് പ്രവേശിക്കപ്പെട്ട രോഗികള്‍ക്ക് മതിയായ ചികില്‍സ ലഭിക്കുന്നില്ലെന്ന വ്യാപക പരാതിയുണ്ട്. കുറച്ച് ദിവസംമുമ്പ് തലശ്ശേരി മീന്‍ മാര്‍ക്കറ്റിലെ ചുമട്ടുതൊഴിലാളി നെഞ്ചുവേദനയെ തുടര്‍ന്ന് മരിച്ചപ്പോള്‍ ജനപ്രതിനിധികള്‍ ഇടപ്പെട്ടതിനെ തുടര്‍ന്നാണ്് പോസ്റ്റുമോര്‍ട്ടത്തിന് തയ്യാറായത്. അതേസമയം, രാജുവിന് നല്ല രീതിയിലുള്ള ചികില്‍സ നല്‍കിയിരുന്നതായി ആശുപത്രി സൂപ്രണ്ട് പിയൂഷ് നമ്പൂതിരി പറഞ്ഞു. സംഭവത്തെക്കുറിച്ച് ഡെപ്യൂട്ടി സൂപ്രണ്ട് വി കെ രാജീവന്‍ അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ബേത്തനാണ് മരിച്ച രാജുവിന്റെ പിതാവ്. ഭാര്യ: സീമ, മക്കള്‍: മീര, രഞ്ജിത്ത് (ഇരുവരും വിദ്യാര്‍ഥികള്‍), രാംദേവ്.
Next Story

RELATED STORIES

Share it