kozhikode local

ആദിവാസി യുവാവിന്റെ കൊല; സമൂഹ മനസാക്ഷിയെ ഉണര്‍ത്തി ഏകാംഗ നാടകം

കോഴിക്കോട്: അഗളിയില്‍ മോഷണം ആരോപിച്ച് മധു എന്ന ആദിവാസി യുവാവിനെ മര്‍ദിച്ചു കൊലപ്പെടുത്തിയ പൊതുബോധത്തിനു നേരെ പൊള്ളുന്ന ചോദ്യങ്ങളുയര്‍ത്തി നാടകപ്രവര്‍ത്തകനായ സന്തോഷ് കീഴാറ്റൂര്‍. വിശന്നിട്ടാണ്, എന്നിട്ടും നിങ്ങളെന്നെ കൊന്നില്ലേ എന്ന സന്തോഷിന്റെ ചോദ്യം കൊല്ലപ്പെട്ട മധുവിന്റേതായി നഗരത്തില്‍ മാറ്റൊലികൊണ്ടു. സിനിമാ- നാടക നടനായ സന്തോഷിന്റെ നഗരനാടകം പാളയത്തു നിന്നാണ് ആരംഭിച്ചത്.
മര്‍ദനം ഏല്‍ക്കുമ്പോഴും, ഒടുവില്‍ മരണത്തെ പുണര്‍ന്ന് മര്‍ദനത്തില്‍ നിന്നു മുക്തി നേടുമ്പോഴും മധു എന്ന യുവാവിന്റെ മനസിലൂടെ കടന്നു പോയ നിരവധി സന്ദേഹങ്ങളും ചോദ്യങ്ങളുമാണ് നഗരഹൃദയത്തിലേക്ക്് തീതുപ്പുന്ന വാക്കായി പുനര്‍ജ്ജനിച്ചത്. സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ട ബസ്സിലും ആള്‍ത്തിരക്കുള്ള ഹോട്ടലുകളിലും കടകളിലും ഒറ്റപ്പെട്ടു നില്‍ക്കുന്നവര്‍ക്കു മുന്നിലും മൂര്‍ഛയുള്ള ചോദ്യങ്ങളുമായി സന്തോഷ് എത്തി. കണ്ടു നിന്ന പലരും മധുവിന്റെ മരണത്തില്‍ സങ്കടവും പ്രതിഷേധവും അറിയിച്ച് നാടകത്തിന്റെ ഭാഗമായി.
രണ്ടുമൂന്നു സുഹൃത്തുക്കളുമായി പാളയത്തെത്തിയ സന്തോഷിനൊപ്പം കാണികളും അനുയാത്ര ചെയ്്തു. ചിലര്‍ പാടി, ചിലര്‍ പാട്ടിനു താളമിട്ടു, ചിലര്‍ നൃത്തം ചെയ്തു, ചിലര്‍ ചോദ്യങ്ങള്‍ക്ക്്് ഊതിക്കാച്ചിയ മറുപടി നല്‍കി. നിമിഷനേരംകൊണ്ട്് സന്തോഷിന്റെ ഏകപാത്ര നാടകം കാണികളെക്കൂടി പങ്കാളിയാക്കി വലിയ പ്രതിഷേധ സ്വരമായി നഗരത്തെ പിടിച്ചുലച്ചു. വിശക്കുന്നവനെ മോഷ്ടാവാക്കി കുറ്റം വിധിക്കുന്ന പൊതുബോധം നാണംകെട്ട നീതിബോധത്തെയാണ് പ്രതിനിധാനം ചെയ്യുന്നതെന്ന് നാടകം അടിവരയിട്ടു. ഞാന്‍ നിങ്ങടെ മണ്ണ്് കട്ടോ, മരം കട്ടോ, പുഴയും വെള്ളവും വായുവും കട്ടോ..? ആ കള്ളന്‍മാര്‍ നാട്് അടക്കിഭരിക്കുമ്പോള്‍ വിശക്കുന്ന എന്നെ ബലിയാടാക്കി നീതി നടപ്പാക്കിയോ നിങ്ങള്‍..? മധുവിന്റെ ഒരായിരം ചോദ്യങ്ങള്‍ മനസിനെ കൊളുത്തി വലിച്ചുകടന്നുപോയി.
മറുപടിയില്ലാത്ത മൗനങ്ങളെ വെല്ലുവിളിച്ച്്, അക്രമത്തിന്റെ നീതിശാസ്ത്രത്തെ ചോദ്യം ചെയ്്ത് നീങ്ങിയ നഗരനാടകം കിഡ്‌സണ്‍ കോര്‍ണറില്‍ സമാപിച്ചു. നാടക പ്രവര്‍ത്തകനായ വിജേഷ് കൊട്ടിപ്പാടി. ഷൈജു ഒളവണ്ണ, നവീന്‍ രാജ്്്് തുടങ്ങി ഒട്ടേറെ സാസ്‌കാരിക പ്രവര്‍ത്തകര്‍ സന്തോഷിന്റെ നാടകത്തെ നഗരത്തിലൂടെ അനുഗമിച്ചു.
Next Story

RELATED STORIES

Share it