wayanad local

ആദിവാസി യുവാക്കളെ വാച്ചര്‍ ജോലിയില്‍നിന്ന് പിരിച്ചുവിട്ടതായി പരാതി

സുല്‍ത്താന്‍ ബത്തേരി: കാട്ടുനായ്ക്ക വിഭാഗത്തിലെ നാലു യുവാക്കളെ വനംവകുപ്പിലെ വാച്ചര്‍ ജോലിയില്‍ നിന്നു പിരിച്ചുവിട്ടതായി പരാതി. കുറിച്യാട് റേഞ്ചില്‍പ്പെട്ട വടക്കനാട് സെക്ഷനില്‍ ജോലി ചെയ്തിരുന്ന ഓടപ്പള്ളം പുതുവീട് കോളനിയിലെ അനില്‍കുമാര്‍, ബിനു, മനു, മണല്‍മൂല കോളനിയിലെ രാജന്‍  എന്നിവരെയാണ് ഒരുവര്‍ഷം മുമ്പ് വാച്ചര്‍ ജോലിയില്‍ നിന്നു പിരിച്ചുവിട്ടത്. 12 വര്‍ഷത്തിലേറെ കാലം വാച്ചര്‍ ജോലി ചെയ്തിരുന്നയാളാണ് അനില്‍കുമാര്‍. ബിനു, മനു, രാജന്‍ എന്നിവര്‍ ആറുവര്‍ഷവും ജോലി ചെയ്തു. താല്‍ക്കാലിക വാച്ചര്‍മാരായ ഇവരെ കാടിറങ്ങുന്ന കാട്ടനകളെ തുരത്തുന്നതിനായാണ് നിയമിച്ചത്.
വള്ളുവാടി പ്രദേശങ്ങളിലായിരുന്നു ജോലി. വള്ളുവാടി പ്രദേശത്ത് രൂക്ഷമായ വന്യമൃഗശല്യമുണ്ടായിരുന്നു. വാച്ചര്‍മാരുടെ കഴിവുകേടുകൊണ്ടാണ് കൃഷിയിടങ്ങളില്‍ ആന ഇറങ്ങുന്നതെന്നു പറഞ്ഞ് പ്രദേശവാസികള്‍ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായി ഇവര്‍ പറയുന്നു. മര്‍ദനം ഭയന്ന് ഒരു ദിവസം ജോലിക്ക് പോവാന്‍ കഴിഞ്ഞില്ല. പിറ്റേ ദിവസം പോയ സമയത്താണ് നിങ്ങള്‍ ഇനി ജോലിക്ക് വരേണ്ടതില്ലെന്നു പറഞ്ഞതും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പിരിച്ചുവിട്ടതും. തുടര്‍ന്ന് തിരികെയെടുക്കണമെന്നാവശ്യപ്പെട്ട് ഇവര്‍ മുഖ്യമന്ത്രി, വനംമന്ത്രി, ഡിഎഫ്ഒ എന്നിവര്‍ക്ക് പരാതി നല്‍കിയെങ്കിലും ഇതുവരെ നടപടികളൊന്നും ആയില്ല. പ്രശ്‌നപരിഹാരം വൈകിയ സാഹചര്യത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍, എസ്‌സി/എസ്ടി കമ്മീഷന്‍ എന്നിവര്‍ക്ക് പരാതി നല്‍കാന്‍ തയ്യാറെടുക്കുകയാണ് പിരിച്ചുവിടപ്പെട്ടവര്‍.
Next Story

RELATED STORIES

Share it