wayanad local

ആദിവാസി യുവാക്കളെ മര്‍ദ്ദിച്ചെന്നു പരാതി

പനമരം: നെല്ലിയമ്പത്ത് അയ്യപ്പന്‍വിളക്ക് മഹോല്‍സവത്തില്‍ പങ്കെടുക്കാന്‍ പോയ ആദിവാസി യുവാക്കളെ സംഘാടകരും പോലിസും മര്‍ദ്ദിച്ചെന്നു പരാതി. പനമരം മാത്തൂര്‍ കോളനിയിലെ ഉണ്ണി (22), കരിമ്പുമ്മല്‍ കോളനിയിലെ ഉണ്ണികൃഷ്ണന്‍(23) എന്നിവര്‍ക്കും കരിമ്പുമ്മല്‍ കോളനിക്ക് സമീപം താമസിക്കുന്ന അരുണ്‍കുമാറിനുമാണ്(23) മര്‍ദ്ദനമേറ്റത്. ഇവരെ മാനന്തവാടിയിലെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. അയ്യപ്പന്‍വിളക്കില്‍ പങ്കെടുക്കാന്‍ പോയ യുവാക്കളിലൊരാള്‍ തിരക്കില്‍ അറിയാതെ സംഘാടകരില്‍ ഒരാളുടെ ദേഹത്ത് തട്ടിയതിനെ ചൊല്ലിയായിരുന്നു പ്രശ്‌നം. ദേഹത്ത് തട്ടിയത് ഇയാള്‍ ചോദ്യംചെയ്യുകയും യുവാവിനെ മര്‍ദ്ദിക്കാന്‍ മുതിരുകയും ചെയ്തു. ബഹളമായതോടെ ആളുകള്‍ ഇടപെട്ട് പ്രശ്‌നം രമ്യമായി പരിഹരിച്ചു. എന്നാല്‍, അയ്യപ്പവിളക്കിനുശേഷം ഇന്നലെ പുലര്‍ച്ചെ ആദിവാസി യുവാക്കള്‍ തിരികെ പോവുമ്പോള്‍ സംഘാടകര്‍ ഇവരെ പിന്തുടര്‍ന്ന് മര്‍ദ്ദിച്ചു. അവശരായ ഇവരെ പനമരം പോലിസ് എത്തി കസ്റ്റഡിയിലെടുത്തു. സ്റ്റേഷനില്‍ എത്തിച്ച യുവാക്കളെ പോലിസും തല്ലിച്ചതച്ചു. പിന്നീട് വിട്ടയച്ച ഇവരെ രാവിലെ അവശനിലയില്‍ കണ്ടതിനെ തുടര്‍ന്ന് പൊതുപ്രവര്‍ത്തകരാണ് ആശുപത്രിയില്‍ എത്തിച്ചത്. ആദിവാസി യുവാക്കളെ അകാരണമായി മര്‍ദ്ദിച്ചവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കണമെന്ന് സിപിഎം പനമരം ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു.
ആദിവാസി യുവാക്കളെ കസ്റ്റഡിയിലെടുത്ത് പോലിസ് മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ പനമരം പോലിസ് സ്റ്റേഷന്‍ ഉപരോധിച്ചു. കുറ്റക്കാരായ പോലിസുകാര്‍ക്കെതിരേ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഇന്നലെ വൈകീട്ടോടെയായിരുന്നു ഉപരോധം.
വിവരം അന്വേഷിക്കാനെത്തിയ നേതാക്കളോട് പോലിസ് മോശമായി പെരുമാറിയതും പ്രശ്‌നം വഷളാക്കി. പ്രതിഷേധം കനത്തതോടെ കല്‍പ്പറ്റ സിഐ സ്ഥലതെത്തി നേതാക്കളുമായി ചര്‍ച്ച നടത്തി. കുറ്റക്കാരായ പോലിസുകാര്‍ക്കും യുവാക്കളെ മര്‍ദ്ദിച്ച മറ്റുള്ളവര്‍ക്കുമെതിരേ നടപടിയെടുക്കുമെന്ന് ഉറപ്പുനല്‍കിയതിനുശേഷമാണ് ഉപരോധം അവസാനിപ്പിച്ചത്. പി കെ സുരേഷ്, കെ റഫീഖ്, ജസ്റ്റിന്‍ ബേബി, കെ പി ഷിജു, സജേഷ് സെബാസ്റ്റ്യന്‍ നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it