Idukki local

ആദിവാസി യുവതി സത്രം കോളനിയിലെ വീട്ടില്‍ പ്രസവിച്ചു ; പോലിസ് ബലം പ്രയോഗിച്ച് ആശുപത്രിയിലെത്തിച്ചു



വണ്ടിപ്പെരിയാര്‍: പെരിയാര്‍ കടുവാ സങ്കേതത്തിലെ സത്രം കോളനിയില്‍ ആദിവാസി യുവതി പ്രസവിച്ചു. ആശുപത്രിയില്‍ പോകാന്‍ തയ്യാറാവാത്തതിനെ തുടര്‍ന്ന് പോലിസ് വാഹനത്തില്‍ ആശുപത്രിയില്‍ എത്തിച്ചു. ഇന്നലെ രാവിലെ പത്തു മണിയോടെയാണ് സംഭവം. മലമ്പണ്ടാര വിഭാഗത്തില്‍പ്പെട്ട ശാരദ-മാധവന്‍ ദമ്പതികള്‍ക്കാണ് ആണ്‍കുഞ്ഞ് പിറന്നത്.കോളനിയില്‍ ടിന്‍ ഷിറ്റ് കൊണ്ട് നിര്‍മിച്ച ഷെഡിനുള്ളിലാണ് ഇവരുടെ വാസം .ഇതിനു സമീപത്തായി പ്ലാസ്റ്റിക് മറച്ച് പ്രത്യേകം തയ്യാറാക്കിയ ഷെഡിലായിരുന്നു പ്രസവം നടന്നത്. കോളനി വാസി രത്‌നമ്മയാണ് ശ്രുശ്രൂഷ നല്‍കിയത്. ശാരദ പൂര്‍ണ്ണ ഗര്‍ഭിണിയായ വിവരം പുറത്തറിഞ്ഞിരുന്നില്ല. സംഭവം അറിഞ്ഞ് ആശാവര്‍ക്കര്‍മാരും ആരോഗ്യ വകുപ്പ് ഫീല്‍ഡ് സ്റ്റാഫുകളും സ്ഥലത്തെത്തി. നവജാത ശിശുവിന് ഭാരം കുറവാണ്. മാതാവ് മുലപ്പാല്‍ നല്‍കാന്‍ കൂട്ടാക്കാത്തതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുന്നതിനു വേണ്ട ശ്രമങ്ങള്‍ ആശാ വര്‍ക്കര്‍മാര്‍ നടത്തിയെങ്കിലും ദമ്പതിമാര്‍ കൂട്ടാക്കിയില്ല. ഇതിനെ തുടര്‍ന്ന് പെരിയാര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ വിവരം അറിയിച്ചു. പനി ബാധിച്ച് ചികില്‍സ തേടി എത്തിയവരുടെ എണ്ണം കൂടുതലായതിനാല്‍ സത്രത്തിലേക്ക് പോകാന്‍ ഡോക്ടര്‍മാര്‍ക്കും കഴിഞ്ഞില്ല. ആശുപത്രിയുടെ അംബുലന്‍സ് സ്ഥലത്തില്ലായിരുന്നു. ആശുപത്രി അധികൃതരും, ആദിവാസി പ്രമോട്ടരും അറിയിച്ചതനുസരിച്ച് വണ്ടിപ്പെരിയാര്‍ പോലിസ് സ്ഥലത്തെത്തി.തുടര്‍ന്ന് ഏറെ നേരത്തെ ശ്രമഫലമായി ഉച്ചയ്ക്ക് രണ്ട് മണിയോടെ പോലിസ് വാഹനത്തില്‍ ദമ്പതികളെയും നവജാത ശിശുവിനെയും ആശുപത്രിയിലെത്തിച്ചു. ഒരു കിലോ 900 ഗ്രാം മാത്രമായിരുന്നു നവജാത ശിശുവിന്റെ ഭാരം.മലമ്പണ്ടാര വിഭാഗത്തിലെ സമ്പ്രദായമനുസരിച്ച് ആദ്യ ദിവസം മുലപ്പാല്‍ നല്‍കാനാവില്ല. 30 ദിവസത്തേക്ക് ഭര്‍ത്താവിന് പോലും ഭാര്യയെയും കുഞ്ഞിനെയും  കാണാന്‍ അനുവാദമില്ല.അതിനാലാണ് ആശുപത്രിയില്‍ പോലും പോവാന്‍ ഇവര്‍ തയാറാവാതിരുന്നത് എന്നാണ് വിവരം.പുറംലോകവുമായി അടുത്തിടപഴകാന്‍ ഏറെ മടിക്കുന്ന വിഭാഗമാണ് മലമ്പണ്ടാരങ്ങള്‍.
Next Story

RELATED STORIES

Share it