Flash News

ആദിവാസി മേഖലകളില്‍ ടൂറിങ് ടാക്കീസ് സ്ഥാപിക്കും: മന്ത്രി എ കെ ബാലന്‍



തലശ്ശേരി: ഗ്രാമീണ-ആദിവാസി മേഖലകളില്‍ ടൂറിങ് തിയേറ്ററുകള്‍ സ്ഥാപിക്കുമെന്ന് മന്ത്രി എ കെ ബാലന്‍ പറഞ്ഞു. സിനിമാ തിയേറ്ററുകള്‍ കുറഞ്ഞുവരുന്ന ഈ കാലഘട്ടത്തില്‍ ഇതിനെ മറികടക്കാന്‍ ആദിവാസിമേഖലയില്‍ ഇത്തരം ടൂറിങ് ടാക്കീസുകള്‍ ഗുണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. 47ാമത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്ദാനം തലശ്ശേരിയില്‍ നടത്തുന്നതിന്റെ സ്വാഗതസംഘ രൂപീകരണം തലശ്ശേരി ബ്രണ്ണന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചലച്ചിത്ര അവാര്‍ഡുകള്‍ യഥാര്‍ഥത്തില്‍ സര്‍ക്കാരിനുള്ള അംഗീകാരമായാണു വിലയിരുത്തപ്പെട്ടത്. കമ്മട്ടിപാടത്തിലെ അഭിനയത്തിന് വിനായകന്് അവാര്‍ഡ് ലഭിച്ചതോടെ സിനിമയുടെ പ്രമേയവും പൊതുജനങ്ങളും തമ്മിലുള്ള ബന്ധങ്ങളുടെ ശരിയായ രൂപമായാണ് സംസ്ഥാന ജൂറി വിലയിരുത്തിയത്. ഇതുതന്നെയാണ് മാന്‍ഹോളിനെ മികച്ച സിനിമയായി തിരഞ്ഞെടുത്തതിലൂടെയും തെളിയിക്കപ്പെട്ടത്. ഇതു സാംസ്‌കാരികതലത്തില്‍ പുതിയ അവബോധം സൃഷ്ടിക്കും. ഇതു പ്രേക്ഷകരിലും സമൂഹത്തില്‍ പൊതുവിലും ഗുണപരമായി രൂപപ്പെടുത്തുന്നതിന്റെ ശരിയായ തെളിവാണെന്നും മന്ത്രി വ്യക്തമാക്കി. തലസ്ഥാനത്തെ ഏതെങ്കിലും ഒരു ഹാളില്‍ നടത്തിയിരുന്ന അവാര്‍ഡ്ദാനങ്ങള്‍ പൊതുജനങ്ങളിലേക്ക് ഇറങ്ങിവരുക വഴി പൊതുസമൂഹം ഇത്തരം അവാര്‍ഡുകളുടെ ഭാഗമാവുകയും അതു പൊതുജനങ്ങളുടെ ഉല്‍സവമാവുകയുമാണ് ചെയ്യുന്നത്. മണ്‍മറഞ്ഞുപോയ പ്രഗല്ഭ സിനിമാ, ഗാന, സംഗീത രചയിതാക്കളുള്‍പ്പെടെയുള്ളവര്‍ക്ക് അര്‍ഹമായ നിലയില്‍ സ്മാരകം നിര്‍മിക്കുന്നതിന് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്ന് മന്ത്രി ബാലന്‍ പറഞ്ഞു.എ എന്‍ ഷംസീര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ മുഖ്യാതിഥിയായി. സംവിധായകന്‍ കമല്‍ പരിപാടി വിശദീകരിച്ചു. സംവിധായകന്‍ സിബി മലയില്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, നഗരസഭാ ചെയര്‍മാന്‍ സി കെ രമേശന്‍, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ് ഐഎഎസ്, സബ് കലക്ടര്‍ ചന്ദ്രശേഖര്‍, പ്രദീപ് ചൊക്ലി സംസാരിച്ചു.
Next Story

RELATED STORIES

Share it