ആദിവാസി മിടുക്കന്‍മാര്‍ സൈനിക് സ്‌കൂളിലേക്ക്

മണ്ണാര്‍ക്കാട്: രാജ്യം കാക്കാനുള്ള തീവ്രപരിശീലനത്തിലേക്ക് അട്ടപ്പാടിയിലെ കാടിന്റെ മക്കളും. അട്ടപ്പാടിയിലെ ആറ് ആദിവാസി കുട്ടികളാണ് കഴക്കൂട്ടം സൈനിക് സ്‌കൂളിലേക്ക് പ്രവേശനപ്പരീക്ഷ എഴുതി യോഗ്യത നേടിയത്.
കാരറ സ്‌കൂളിലെ ബിനു രാജ്, കോട്ടത്തറ ഗവ. യുപി സ്‌കൂളിലെ ബി ഹരി, ആര്‍ വിഷ്ണു, പുതൂര്‍ ഗവണ്‍മെന്റ് സ്‌കൂളിലെ എം മിഥിന്‍, ബി ശിവകുമാര്‍, ആര്‍ അനീഷ് എന്നിവരാണ് പരിശീലനത്തിനായി കഴക്കൂട്ടം സ്‌കൂളിലേക്കു പോവുന്നത്. 1991 ബാച്ചില്‍ സൈനിക് സ്‌കൂളില്‍ പത്താം ക്ലാസ് പൂര്‍ത്തിയാക്കിയവരാണ് അട്ടപ്പാടിയിലെ കുട്ടികള്‍ക്ക് പരിശീലനം നല്‍കിയത്.
2006ല്‍ അന്തരിച്ച രാജഗിരി കോളജ് ലക്ചറര്‍ ആയിരുന്ന സഹപാഠി ഷൈന്‍ ബേബിയുടെ ഓര്‍മയ്ക്കായി എന്തെങ്കിലും ചെയ്യണമെന്ന ചിന്തയാണ് ആദിവാസി കുട്ടികള്‍ക്ക് പരിശീലനം നല്‍കുക എന്ന പ്രോജക്ടിന്റെ ഉദ്ഭവം. ഈ പദ്ധതിക്ക് പ്രൊജക്ട് ഷൈന്‍ എന്ന പേരുമിട്ടു. 24 പേര്‍ക്ക് 6 മാസം കൊണ്ട് പരിശീലനം നല്‍കി. പരിശീലനം നല്‍കിയവരെ അമ്പരപ്പിക്കുംവിധം എഴുത്തുപരീക്ഷയില്‍ 15 പേര്‍ വിജയികളായി. ഇതിനു ശേഷം നടന്ന അഭിമുഖത്തിലാണ് ആറുപേര്‍ വിജയിച്ചത്.
പൂര്‍വവിദ്യാര്‍ഥികളിലെ സാബു മാത്യുവും ഭാര്യ ലിറ്റി ജോര്‍ജുമാണ് പരിശീലനത്തിനു നേതൃത്വം വഹിച്ചത്. സബ്കലക്ടര്‍ നൂഹ് ബാവയുടെ സേവനം എല്ലാ ഘട്ടത്തിലും ഇവര്‍ക്കുണ്ടായിരുന്നു. സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് റിസര്‍ച്ച് ഇന്‍ സോ ഇമോഷണല്‍ ലേണിങിന്റെ (കാര്‍ സല്‍) വിദ്യാഭ്യാസ മേഖലയിലെ പരീക്ഷണമായിരുന്നു പ്രൊജക്ട് ഷൈന്‍. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ആദിവാസി സമൂഹത്തില്‍ നിന്ന് രാജ്യരക്ഷയുടെ കടിഞ്ഞാണ്‍ ഏറ്റെടുക്കാന്‍ ഇവര്‍ യോഗ്യരായത് കൂടുതല്‍ കുട്ടികള്‍ക്കും പ്രചോദനമായിട്ടുണ്ട്.
Next Story

RELATED STORIES

Share it