Flash News

ആദിവാസി ഭൂമി കൈയേറിയെന്ന കേസ് : പി ജെ ജോസഫിനെതിരേയുള്ള അന്വേഷണം അവസാനിപ്പിക്കണമെന്ന് വിജിലന്‍സ് കോടതി



മൂവാറ്റുപുഴ: മുന്‍ മന്ത്രി പി ജെ ജോസഫ് ചെയര്‍മാനായ അറക്കുളം ഗാന്ധിജി സ്റ്റഡി സെന്റര്‍ ആദിവാസി ഭൂമി കൈയേറിയെന്നാരോപിച്ച് നടന്നുവരുന്ന വിജിലന്‍സ് കേസ് അവസാനിപ്പിക്കാന്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവിട്ടു. തൃശൂര്‍ സ്വദേശി ജോര്‍ജ് വട്ടുകുളം നല്‍കിയ കേസിലാണ് കോടതി ഉത്തരവ്. കേസ് ഫയല്‍ ചെയ്തത് തൃശൂര്‍ വിജിലന്‍സ് കോടതിയിലായിരുന്നു. 2007ല്‍ ഫയല്‍ ചെയ്ത കേസില്‍ ത്വരിതാന്വേഷണം നടത്താന്‍ കോടതി ഉത്തരവിട്ടിരുന്നു. 2007 ഡിസംബര്‍ 12ന് വിജിലന്‍സിനോട് റിപോര്‍ട്ട് ഹാജരാക്കാനും ആവശ്യപ്പെട്ടു. പിന്നീട് കേസ് കോട്ടയം കോടതിയിലേക്കു മാറ്റി. ആദിവാസി ഭൂമി കൈയേറി കൈവശപ്പെടുത്തിയെന്ന വാദം ത്വരിതാന്വേഷണ റിപോര്‍ട്ട് തള്ളി യിരുന്നു. എന്നാല്‍, കോട്ടയം വിജിലന്‍സ് കോടതി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന് ഉത്തരവിടുകയായിരുന്നു. കേസ് എടുക്കുന്നതിന് ആവശ്യമായ വസ്തുതകള്‍ റിപോര്‍ട്ടിലുണ്ടെന്നും കോടതി പറഞ്ഞു. തൊടുപുഴയില്‍ നിന്ന് 35 കിലോമീറ്റര്‍ മാറി അറക്കുളം ഗാന്ധിജി സ്റ്റഡിസെന്റര്‍ 1.75 ഏക്കര്‍ ട്രൈബല്‍ കോളനിയുടെ വനഭൂമി കൈയേറി കൈവശപ്പെടുത്തിയെന്നായിരുന്നു ഹരജിക്കാരന്റെ വാദം. ഗാന്ധിജി സ്റ്റഡിസെന്ററിന് അവിടെ സ്വന്തമായി കെട്ടിടമുണ്ട്. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയ വിജിലന്‍സ് ആദിവാസി ഭൂമിയില്‍ കൈയേറ്റമോ കൈവശപ്പെടുത്തലോ നടന്നിട്ടില്ലെന്ന് റിപോര്‍ട്ട് ഫയല്‍ ചെയ്തു. വനഭൂമി തിരിച്ച് അതിരി(ജണ്ട) ട്ടിട്ടുണ്ടെന്നും വനഭൂമി ട്രൈബല്‍ കോളനിയില്‍ തന്നെയാണെന്നും റിപോര്‍ട്ടില്‍ പറഞ്ഞു. ഗാന്ധിജി സ്റ്റഡി സെന്റര്‍ പണിയുന്നതിനുവേണ്ടി കുറച്ചു സ്ഥലം നിരത്തിയിട്ടുണ്ടെന്നും അത് ഇപ്പോഴും കോളനിയുടെ കൈവശമുണ്ടെന്നും വിജിലന്‍സ് കണ്ടെത്തി. ഗാന്ധിജി സ്റ്റഡി സെന്ററിനു വേണ്ടി മറ്റാരുടെയും കൈവശമുള്ള വനഭൂമി വാങ്ങിയതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടില്ല. ട്രൈബല്‍ കോളനിക്കാരുടെ കൈവശ ഭൂമി കൈമാറ്റം ചെയ്യാന്‍ നിയമപ്രകാരം സാധ്യവുമല്ല. തുടര്‍ന്നാണ് കോടതി നടപടികള്‍ അവസാനിപ്പിച്ച് ഉത്തരവായത്.
Next Story

RELATED STORIES

Share it