palakkad local

ആദിവാസി ഭവനനിര്‍മാണം: ഊര് സമിതികളെ ഒഴിവാക്കി കരാര്‍ തമിഴ്‌നാട് ലോബിക്ക്

അഗളി: സംസ്ഥാന പട്ടികവര്‍ഗ വികസന വകുപ്പിന്റെ നേതൃത്വത്തില്‍ അട്ടപ്പാടിയിലെ വിവിധ ഊരുകളില്‍ നടപ്പിലാക്കിവരുന്ന ആദിവാസി ഭവന നിര്‍മാണ പദ്ധതി അട്ടിമറിക്കുന്നതായി ആരോപണം. ഭവന നിര്‍മാണ പ്രവര്‍ത്തികളുടെ കരാര്‍ ഊര് സമിതികള്‍ക്ക് നല്‍കാതെ തമിഴ്‌നാട്ടിലെ സ്വകാര്യ കമ്പനിക്ക് നല്‍കിയതാണ് പുതിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരിക്കുന്നത്. പുതൂര്‍ പഞ്ചായത്തിലെ മേലെമുള്ളി ഊരില്‍ അനുവദിച്ച 44 ആദിവാസി ഭവനനിര്‍മാണ പ്രവര്‍ത്തികളുടെ കരാറാണ് തമിഴ്‌നാട് ലോബി സ്വന്തമാക്കിയിരിക്കുന്നത്.
ജനപ്രതിനിധികളുടെ ഇടപെടലിനെ തുടര്‍ന്നാണ് കരാര്‍ നല്‍കുന്നതില്‍നിന്ന് ഊരു സമിതികളെ ഒഴിവാക്കിയതെന്നാണ് അറിയുന്നത്. 2002 മുതല്‍ അട്ടപ്പാടിയിലെ 193 ഊരുകളിലും ഊരുസമിതികള്‍ രൂപീകരിച്ചാണ് വികസന പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടപ്പിലാക്കിവന്നിരുന്നത്. ഇതില്‍ അഹാഡ്‌സും വലിയ പങ്കു വഹിച്ചിരുന്നു. അട്ടപ്പാടിയില്‍ വിവിധ ഊരുകളിലായി 2500 ആദിവാസി ഭവനങ്ങള്‍ നിര്‍മിച്ചു നല്‍കാന്‍ ഈ ജനകീയ സമിതികള്‍ക്കായിട്ടുണ്ട്. പിന്നീടുള്ള വര്‍ഷങ്ങളില്‍ പ്രദേശത്തെ കരാര്‍ ലോബിയും ഉദ്യേഗസ്ഥ ലോബിയും ചേര്‍ന്ന് ഊരു വികസന സമിതികളുടെയും അഹാഡ്‌സിന്റെയും പ്രവര്‍ത്തനത്തെ നിര്‍വീര്യമാക്കുകയായിരുന്നു. ഇതിന്റെ അനന്തര ഫലമായി ആദിവാസി ഫണ്ടുകള്‍ കരാര്‍ലോബികള്‍ക്ക് വീതവെയ്ക്കലുകള്‍ ഇപ്പോഴും തുടരുന്നു. പുതൂര്‍ പഞ്ചായത്തിലെ മേലെ മുള്ളി ഊരില്‍ 50 ഓളം ആദിവാസി വീടുകളില്‍ 44 വീടുകളുടെ നിര്‍മാണ കരാറാണ് തമിഴ്‌നാട് സ്വദേശി സ്വന്തമാക്കിയിരിക്കുന്നത്.
ഒരു വീടിന് 3520000 രൂപ എന്ന നിരക്കിലാണ് കരാര്‍ ഒപ്പിട്ടിരിക്കുന്നത് എന്നാണ് അറിയുന്നത്. അട്ടപ്പാടിയില്‍ ഊരുകൂട്ടങ്ങളും ഊരു വികസന സമിതികളും ശാക്തീകരിക്കുമെന്ന് പറയുന്ന അധികൃതര്‍ വികസന പ്രവര്‍ത്തനങ്ങളുടെ കരാര്‍ പുറത്ത് നല്‍കുന്നതിനെതിരെ വലിയ പ്രതിഷേധങ്ങള്‍ ഉടലെടുത്തിട്ടുണ്ട്.
Next Story

RELATED STORIES

Share it