ആദിവാസി ബാലികയുടെ ആത്മഹത്യ: പട്ടിണിയുടെ സാഹചര്യമില്ല: റിപോര്‍ട്ട്

കണ്ണൂര്‍: കണിച്ചാര്‍ പഞ്ചായത്തിലെ ചെങ്ങോം കുറിച്യ കോളനിയിലെ ശ്രുതിമോള്‍ (14) തൂങ്ങിമരിച്ച സംഭവത്തില്‍ ഐടിഡിപി പ്രൊജക്റ്റ് ഓഫിസര്‍ പട്ടികവര്‍ഗ വികസന വകുപ്പ് ഡയറക്ടര്‍ക്ക് റിപോര്‍ട്ട് സമര്‍പ്പിച്ചു. കൂലിപ്പണിയെടുത്തും കൃഷിപ്പണി ചെയ്തും ജീവിക്കുന്ന ശ്രുതിയുടെ കുടുംബത്തിന് സാമ്പത്തിക ഞെരുക്കമോ പട്ടിണിമൂലം മരിക്കേണ്ട സാഹചര്യമോ ഇല്ലെന്നാണ് അന്വേഷണത്തി ല്‍ മനസ്സിലായതെന്ന് റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ചെങ്ങോം കുറിച്യ കോളനിയില്‍ സ്ഥിരതാമസക്കാരിയായ മോളി-രവി ദമ്പതികളുടെ മകള്‍ ശ്രുതിമോള്‍ 20നു വൈകീട്ട് 5.30നാണ് വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചത്.
മരണസമയം വീട്ടില്‍ കുട്ടിയുടെ ഇളയച്ഛന്‍ വിജയന്‍, അച്ഛന്റെ അമ്മ ഉപ്പാട്ടി എന്നിവരും ഉണ്ടായിരുന്നു. മാതാപിതാക്കള്‍ കൊട്ടിയൂര്‍ പഞ്ചായത്തിലെ പന്ന്യാമലയില്‍ കശുവണ്ടി ശേഖരിക്കാനും കൃഷിപ്പണിക്കുമായി പോയതായിരുന്നു.
പന്ന്യാംമലയില്‍ പിതാവ് രവിക്ക് 10 സെന്റ് സ്ഥലവും വീടും ഉണ്ട്. കേളകം സെന്റ് തോമസ് ഹൈസ്‌കൂളില്‍നിന്ന് 9ാംക്ലാസ് പഠനം കഴിഞ്ഞ ശ്രുതി വെക്കേഷന്‍ സമയം കേളകം ടാഗൂര്‍ ട്യൂഷന്‍ സെന്ററില്‍ 10ാം ക്ലാസിനുളള ട്യൂഷന് പോവാറുണ്ടായിരുന്നു. 20നു ഉച്ചയ്ക്ക് ട്യൂഷന്‍ കഴിഞ്ഞ് വീടിന് സമീപത്തെ ചെങ്ങോം അങ്കണവാടിയില്‍ ഐസിഡിഎസിന്റ ആഭിമുഖ്യത്തി ല്‍ നടന്ന കൗമാരക്കാര്‍ക്കുള്ള ബോധവല്‍ക്കരണ ക്ലാസിലും പങ്കെടുത്തിരുന്നു. വീട്ടിലെത്തിയപ്പോള്‍ ഉച്ചഭക്ഷണം കിട്ടാത്തതിനെത്തുടര്‍ന്ന് അച്ഛമ്മ ഉപ്പാട്ടിയുമായി വഴക്കുണ്ടാക്കുകയും തുടര്‍ന്ന് തൂങ്ങിമരിക്കുകയും ചെയ്‌തെന്നാണ് ബന്ധുക്കള്‍ പറഞ്ഞത്.
ശ്രുതി എഴുതിയതെന്ന് കരുതുന്ന ആത്മഹത്യാകുറിപ്പും കണ്ടെത്തിയിട്ടുണ്ട്. 'എനിക്ക് ജീവിക്കണ്ട, ഞാന്‍ മരിക്കും. ഞാന്‍ രാവിലെ 7നു ട്യൂഷന് പോയി ഉച്ചയ്ക്കു 12നു വിശന്ന് തളര്‍ന്ന് തലകറങ്ങിയാണ് വീട്ടിലെത്തുന്നത്. എന്നാല്‍, എനിക്ക് അച്ഛമ്മ ഒരുപിടി ചോറ് പോലും ഉണ്ടാക്കിവച്ചിട്ടുണ്ടാവില്ല. അച്ഛമ്മ എന്നെ വഴക്ക് പറയുകയും ചെയ്യും. എനിക്ക് വയ്യ, മടുത്തു, ഗുഡ് ബൈഎന്നാണ് കുറിപ്പിലുള്ളത്. എന്നാല്‍, ഉച്ചഭക്ഷണം ഉണ്ടാക്കിയില്ലെന്നത് തെറ്റാണെ ന്നും കഞ്ഞിയുണ്ടായിരുന്നത് കഴിക്കാന്‍ പറഞ്ഞെങ്കിലും കൂട്ടാക്കിയില്ലെന്നുമാണ് വീട്ടുകാര്‍ പറഞ്ഞത്.
ശ്രുതിയുടെ അച്ഛന്റെ അമ്മ ഉപ്പാട്ടിക്ക് 2 ഏക്കര്‍ സ്ഥലമുണ്ട്. ഉപ്പാട്ടിക്ക് 6 മക്കളാണ്. ശ്രുതിയുടെ പിതാവിനു പന്ന്യാംമലയില്‍ സ്വന്തമായുള്ള 10 സെന്റ് സ്ഥലത്തിന് പുറമെ അമ്മയുടെ സ്വത്തിനും അര്‍ഹതയുണ്ട്. ശ്രുതിയുടെ സഹോദരന്‍ അക്ഷയ് കേളകം മഞ്ഞളാപുരം സ്‌കൂളില്‍ 7ാംക്ലാസ് പഠനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ചെങ്ങോം കോളനിയിലെ വീട് ഉപ്പാട്ടിയുടെ പേരിലാണ്. ഉപ്പാട്ടിയോടൊപ്പമാണ് ഇവര്‍ താമസിക്കുന്നതെന്നും റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
Next Story

RELATED STORIES

Share it