ആദിവാസി ബാലികയുടെ ആത്മഹത്യ പട്ടിണി മൂലമല്ലെന്നു റിപോര്‍ട്ട്

പേരാവൂര്‍(കണ്ണൂര്‍): കണിച്ചാര്‍ പഞ്ചായത്തിലെ ചെങ്ങോത്ത് ആദിവാസി ബാലിക ആത്മഹത്യ ചെയ്ത സംഭവം പട്ടിണിമരണമല്ലെന്നും കുടുംബ പ്രശ്‌നമാണെന്നും തഹസില്‍ദാരുടെ റിപോര്‍ട്ട്. പൊരുന്നന്‍ രവിയുടെയും മോളിയുടെയും മകള്‍ ശ്രുതിമോള്‍(15) കഴിഞ്ഞ ദിവസം വീടിനുള്ളില്‍ തൂങ്ങിമരിച്ച സംഭവത്തിലാണ് ഇരിട്ടി തഹസില്‍ദാര്‍ ജില്ലാ കലക്ടര്‍ പി ബാലകിരണിനു റിപോര്‍ട്ട് നല്‍കിയത്.
പെണ്‍കുട്ടി എഴുതിയ ആത്മഹത്യാ കുറിപ്പില്‍ വിശപ്പ് സഹിക്കാനാവാത്തതിനാലാണു ആത്മഹത്യ ചെയ്യുന്നതെന്നു കുറിച്ചിരുന്നു. എന്നാല്‍, പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ജോലിക്കു പോവുന്നവരാണെന്നും ഭക്ഷണം കിട്ടാത്ത വിധത്തിലുള്ള സാമ്പത്തിക പ്രശ്‌നങ്ങളില്ലെന്നും റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നതായാണു സൂചന. കുട്ടിയെ ബന്ധുവീട്ടിലാക്കി മാതാപിതാക്കള്‍ കൊട്ടിയൂരില്‍ പോയതാണ്. ബന്ധുവിന് അസുഖമായതിനാല്‍ ഭക്ഷണം ഉണ്ടാക്കിയിരുന്നില്ല. ഇതുകാരണമാണ് വിശപ്പ് സഹിക്കാനാവുന്നില്ലെന്ന് എഴുതിവച്ച് തൂങ്ങിമരിച്ചതെന്നാണ് നിഗമനം.
സംഭവത്തില്‍ വില്ലേജ് ഓഫിസറും തഹസില്‍ദാരും സ്ഥലം സന്ദര്‍ശിച്ച് കലക്ടര്‍ക്ക് റിപോര്‍ട്ട് നല്‍കിയിട്ടുണ്ട്. ബുധനാഴ്ച വൈകീട്ടാണ് ശ്രുതിമോളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ശ്രുതിയും അച്ഛമ്മ ഉപ്പാട്ടിയുമായിരുന്നു കുറേ ദിവസമായി വീട്ടിലുണ്ടായിരുന്നത്. അച്ഛമ്മ ഉറങ്ങിയ സമയമാണ് ആത്മഹത്യ ചെയ്തത്. ശ്രുതിമോളുടെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. വിവരമറിഞ്ഞ് റവന്യൂ അധികൃതരും വിവിധ രാഷ്ട്രീയ നേതാക്കളും ശ്രുതിമോളുടെ വീട് സന്ദര്‍ശിച്ചു.
മകള്‍ ആത്മഹത്യ ചെയ്തത് വിശപ്പ് സഹിക്കാനാവാതെയാണെന്ന പ്രചാരണം തെറ്റാണെന്ന് പിതാവ് രവിയും പറഞ്ഞു. സൈക്കിള്‍ വാങ്ങിനല്‍കണമെന്ന പെണ്‍കുട്ടിയുടെ ആവശ്യം നിറവേറ്റാത്തതാണ് ആത്മഹത്യക്കു കാരണമെന്നാണ് പിതാവിന്റെ വിശദീകരണം. ഭക്ഷണത്തിനു വീട്ടില്‍ ബുദ്ധിമുട്ടുണ്ടായിരുന്നില്ല. വീട്ടില്‍ സാമ്പത്തിക പ്രശ്‌നങ്ങളുണ്ടെങ്കിലും കുട്ടിയെ അറിയിച്ചിരുന്നില്ലെന്നും പിതാവ് മാധ്യമങ്ങളോട് പറഞ്ഞു.
Next Story

RELATED STORIES

Share it