kasaragod local

ആദിവാസി ബാലന്മാരെ തൊഴിലെടുപ്പിച്ചാല്‍ തോട്ടമുടമയ്‌ക്കെതിരേ കേസ്

കല്‍പ്പറ്റ: ജില്ലയിലെ തോട്ടംമേഖലയില്‍ ആദിവാസി ബാലന്മാരെ തൊഴിലെടുപ്പിച്ചാല്‍ തോട്ടമുടമയ്‌ക്കെതിരേ കേസെടുക്കുമെന്നു ജില്ലാ വികസന സമിതി യോഗത്തില്‍ ജില്ലാ കലക്ടര്‍ കേശവേന്ദ്രകുമാര്‍ അറിയിച്ചു. തൊഴില്‍വകുപ്പ് മുന്‍കൂട്ടി അറിയിക്കാതെയുള്ള പരിശോധനകള്‍ നടത്തണമെന്നു കലക്ടര്‍ നിര്‍ദേശിച്ചു. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കുട്ടികള്‍ സ്‌കൂളില്‍നിന്നു കൊഴിഞ്ഞുപോവുന്നത് വയനാട്ടിലാണ്. കൊഴിഞ്ഞുപോയ കുട്ടികളെ തിരികെയത്തിക്കാന്‍ എസ്എസ്എ നടപ്പാക്കുന്ന 'ഓള്‍ ടു സ്‌കൂള്‍ ബാക്ക് ടു സ്‌കൂള്‍' പദ്ധതി പ്രകാരം 25 കോളനികളില്‍ കേന്ദ്രങ്ങള്‍ ആരംഭിച്ച് വോളന്റിയര്‍മാരെ നിയമിച്ചതായി എസ്എസ്എ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇവര്‍ക്ക് 5,000 രൂപ ഓണറേറിയം നല്‍കുന്നു.
എന്നാല്‍, 25 കേന്ദ്രങ്ങള്‍ മാത്രമുള്ളത് അപര്യാപ്തമാണെന്നു ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി കെ അസ്മത്ത് ചൂണ്ടിക്കാട്ടി. കൊഴിഞ്ഞുപോക്ക് തടയാന്‍ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളും എസ്എസ്എയും ചേര്‍ന്ന് പുതിയ പദ്ധതി തയ്യാറാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇതിനായി പദ്ധതി തയ്യാറാക്കി അടുത്ത ജില്ലാ വികസന സമിതി യോഗത്തില്‍ സമര്‍പ്പിക്കാന്‍ ജില്ലാ കലക്ടര്‍ എസ്എസ്എയോട് നിര്‍ദേശിച്ചു. കൊഴിഞ്ഞുപോയവരെയെല്ലാം സ്‌കൂളിലെത്തിക്കാന്‍ കഴിയുന്ന, ഇനിയാരും കൊഴിഞ്ഞുപോവാത്ത നിലയിലേക്ക് പ്രവര്‍ത്തനം മാറണമെന്നു കലക്ടര്‍ പറഞ്ഞു. സ്‌കൂള്‍ രജിസ്റ്ററില്‍ പേരുണ്ടായിട്ടും കുട്ടികള്‍ സ്‌കൂളിന് പുറത്തുള്ള സ്ഥിതിയാണ് നിലവിലെന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി പറഞ്ഞു. ഇവരെ സ്‌കൂളിലെത്തിക്കാന്‍ കഴിയാതെ വോളന്റിയര്‍മാരെ നിയമിച്ച് ഓണറേറിയം നല്‍കിയതുകൊണ്ട് മാത്രം കാര്യമില്ലെന്ന് അവര്‍ ചൂണ്ടിക്കാട്ടി.
Next Story

RELATED STORIES

Share it