ആദിവാസി പെണ്‍കുട്ടിക്ക് പീഡനം: പ്രതികള്‍ക്ക് 19 വര്‍ഷം തടവും പിഴയും

കല്‍പ്പറ്റ: ആദിവാസി പെണ്‍കുട്ടിയെ മദ്യം നല്‍കി കെട്ടിയിട്ട് പീഡിപ്പിച്ച സംഭവത്തില്‍ പ്രതികള്‍ക്ക് 19 വര്‍ഷം കഠിനതടവും അരലക്ഷം രൂപ പിഴയും. അമ്പലവയല്‍ പഞ്ചായത്തിലെ പുറ്റാട് മലയച്ചന്‍കൊല്ലി കോളനി സ്വദേശി പൗലോസ് (49), ഭാര്യ ബിന്ദു (24) എന്നിവരെയാണ് കല്‍പ്പറ്റ സെഷന്‍സ് കോടതി ജഡ്ജി പഞ്ചാപകേശന്‍ ശിക്ഷിച്ചത്. കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം.
അമ്പലവയലിലെ 16കാരിയായ ആദിവാസി പെണ്‍കുട്ടിയെ മദ്യം കുടിപ്പിച്ച് കെട്ടിയിട്ട് പീഡിപ്പിച്ചെന്നാണ് കേസ്. ഇന്ത്യന്‍ ശിക്ഷാനിയമം 366, 376, 326, പോക്‌സോ വകുപ്പുകള്‍ പ്രകാരമാണ് ഇരുവരെയും ശിക്ഷിച്ചത്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതി. പീഡനവിവരം പുറത്തുവന്നതിനെ തുടര്‍ന്ന് ആഭ്യന്തരമന്ത്രി അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ കോളനിയിലെത്തി പെണ്‍കുട്ടിയുടെയും രക്ഷിതാക്കളുടെയും മൊഴിയെടുത്ത ശേഷമാണ് പൗലോസിനെ അറസ്റ്റ് ചെയ്തത്.
പൗലോസ് നിര്‍ബന്ധിച്ച് മദ്യംനല്‍കി കെട്ടിയിട്ട് പീഡിപ്പിച്ചുവെന്നു പെണ്‍കുട്ടി പോലിസിനോട് വെളിപ്പെടുത്തിയിരുന്നു. ബിന്ദുവാണ് പെണ്‍കുട്ടിയെ വീട്ടില്‍നിന്നു കൂട്ടിക്കൊണ്ടുവന്നത്. അന്നത്തെ കണ്ണൂര്‍ റേഞ്ച് ഡിഐജി ധനഞ്ജയകുമാര്‍ കശ്യപ്, വയനാടിന്റെ ചുമതല വഹിക്കുന്ന കോഴിക്കോട് പോലിസ് ചീഫ് ഡി സാലി, എസ്എംഎസ് ഡിവൈഎസ്പി വൈ ആര്‍ റെസ്റ്റം എന്നിവരാണ് കേസന്വേഷിച്ചത്. സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷനും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയും കേസെടുത്തിരുന്നു.
Next Story

RELATED STORIES

Share it