wayanad local

ആദിവാസി പുനരധിവാസം; മാനന്തവാടി ബ്ലോക്ക് വാങ്ങിയ ഭൂമി 11 വര്‍ഷമായിട്ടും നല്‍കിയില്ല

മാനന്തവാടി: ഭൂരഹിതരായ ആദിവാസികളെ പുനരധിവസിപ്പിക്കാനായി മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വിലകൊടുത്തു വാങ്ങിയ ഭൂമി 11 വര്‍ഷം കഴിഞ്ഞിട്ടും ഗുണഭോക്താക്കള്‍ക്കു നല്‍കിയില്ല.
2004 മാര്‍ച്ചില്‍ ബ്ലോക്ക് നടപ്പാക്കിയ പുനരധിവാസ പദ്ധതി പ്രകാരം 26 ആദിവാസി കുടുംബങ്ങള്‍ക്കായി പനമരത്ത് വാങ്ങിയ ഭൂമിയാണ് ഇപ്പോഴും അനാഥമായി കിടക്കുന്നത്. അതോടൊപ്പം ഗുണഭോക്താക്കളായി തിരഞ്ഞെടുക്കുകയും രജിസ്റ്റര്‍ ചെയ്തു നല്‍കുകയും ചെയ്ത 26 പേര്‍ക്കും ഭൂമി അളന്നു നല്‍കുകയോ നികുതിയടയ്ക്കാനും വീട് നിര്‍മിക്കാനുമുള്ള സൗകര്യങ്ങള്‍ നല്‍കുകയോ ചെയ്തതുമില്ല.
2004ല്‍ 5,07,000 രൂപ ചെലവഴിച്ചാണ് അന്നു മാനന്തവാടി ബ്ലോക്കിന് കീഴിലായിരുന്ന പനമരം ഗ്രാമപ്പഞ്ചായത്തിലെ തിരഞ്ഞെടുക്കപ്പെട്ട കുടുംബങ്ങള്‍ക്കായി കുപ്പത്തോട് എന്ന സ്ഥലത്ത് ഒരേക്കറോളം ഭൂമി വാങ്ങിയത്. തുരുത്തിയില്‍ ബേബി, ആയ്യാര്‍ മൊയ്തീന്‍ എന്നിവരില്‍ നിന്നാണു പനമരം വില്ലേജില്‍ 234/7, 182/1 എന്നീ സര്‍വേ നമ്പറുകളിലായി ഭൂമി വിലയ്ക്കു വാങ്ങിയത്.
പഞ്ചായത്ത് തല സമിതിയാണ് 26 ഗുണഭോക്താക്കളെ വിവിധ കോളനികളില്‍ നിന്നായി തിരഞ്ഞെടുത്തത്. ഭൂമിക്ക് നിശ്ചയിച്ച വില ബ്ലോക്ക് പഞ്ചായത്ത് സ്ഥലമുടമയ്ക്ക് നല്‍കുകയും ജന്മം തീറാധാരം അതാതു ഗുണഭോക്താക്കളുടെ പേരില്‍ സ്റ്റാമ്പ് ഡ്യൂട്ടി ഒഴിവാക്കിക്കൊണ്ട് എഴുതി നല്‍കുകയും ചെയ്തു. എന്നാല്‍, ഇതിന്റെ തുടര്‍ച്ചയെന്നോണം രേഖകള്‍ മുഴുവന്‍ ഗുണഭോക്താക്കള്‍ക്കു നല്‍കി വില്ലേജ് ഓഫിസില്‍ നിന്നു പോക്കുവരവ് നടത്തി നികുതി അടയ്ക്കാനും ഭൂമി അളന്നു തിട്ടപ്പെടുത്തി ഭാഗംവച്ചു നല്‍കാനും ബ്ലോക്ക് പഞ്ചായത്തിന്റെ ഭാഗത്തുനിന്നു യാതൊരു നടപടികളും ഉണ്ടായില്ല. പിന്നീട് പനമരം ഗ്രാമപ്പഞ്ചായത്ത് മാനന്തവാടി ബ്ലോക്കില്‍ നിന്നു മാറി പനമരം ബ്ലോക്കിനു കീഴിലായെന്നതാണ് നടപടികളുണ്ടാവാത്തതിനു കാരണമായി പറയുന്നത്.
എന്നാല്‍, ആദിവാസികള്‍ക്ക് വീടും ഭൂമിയും നല്‍കുന്നതില്‍ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ഗുരുതരമായ വീഴ്ചയാണ് വരുത്തിയത്.
Next Story

RELATED STORIES

Share it