kannur local

ആദിവാസി ദമ്പതികളുടെ വീട് തകര്‍ത്തു

ഇരിട്ടി: ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയില്‍ ഇറങ്ങിയ കാട്ടാന ആദിവാസി ദമ്പതികളുടെ വീട് തകര്‍ത്തു. പുനരധിവാസ മേഖലയിലെ ആനമുക്ക് പത്താം ബ്ലോക്കിലെ വാസു-വല്‍സ ദമ്പതികളുടെ വീടാണ് തകര്‍ത്തത്.
ശനിയാഴ്ച രാത്രിയില്‍ ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടാന വീടിന്റെ മുന്‍വശത്തെ വാതിലും സിമന്റ് കട്ടിലയും തകര്‍ത്ത് അകത്തുകടക്കാന്‍ ശ്രമിച്ചെങ്കിലും വിഫലമായി. ആനയ്ക്ക് അകത്തു കയറാനാവാത്തതിനാലാണ് കുടുംബം ആക്രമണത്തില്‍ നിന്നു രക്ഷപ്പെട്ടത്.
മേഖലയില്‍ ആറളം വന്യജീവി സങ്കേതത്തില്‍ നിന്നിറങ്ങുന്ന കാട്ടാനകള്‍ നിരന്തരം ശല്യമുണ്ടാക്കി വരികയാണ്. ശനിയാഴ്ച പുലര്‍ച്ചെ പുനരധിവാസ മേഖലയിലിറങ്ങിയ കാട്ടാനയെ തുരത്തുന്നതിനിടയില്‍ ഷിനോജ്, ബിജു എന്നീ വനപലകര്‍ക്ക് പരിക്കേറ്റിരുന്നു. ആനയെ തുരത്തുന്നതിനിടയില്‍ ആന തിരിഞ്ഞു ഇവരെ ആക്രമിക്കാന്‍ ശ്രമിക്കവേ ഓടുന്നതിനിടയില്‍ വീണാണ് ഇരുവര്‍ക്കും പരിക്കേറ്റത്.
വനത്തില്‍ നിന്നു ആനകള്‍ ഈ മേഖലയില്‍ ഇറങ്ങാതിരിക്കാന്‍ സുരക്ഷാ കവചമെന്ന നിലയില്‍ റെയില്‍ ഫെന്‍സിങ് നിര്‍മിക്കാന്‍ അനുമതി ലഭിക്കുകയും ഇതിന്റെ പ്രവൃത്തി ഉദ്ഘാടനം ചെയ്യുകയും ചെയ്‌തെങ്കിലും പണി എങ്ങുമെത്തിയില്ല. ഏതുനേരവും കാട്ടാനയെത്താമെന്ന ഭീതിയിലാണ് പുനരധിവാസ മേഖലയിലെ ആദിവാസികള്‍.
Next Story

RELATED STORIES

Share it